ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ട് സുപ്രീം കോടതി നടത്തിയത് സുപ്രധാന നിരീക്ഷണങ്ങൾ. സ്ത്രീകളെ ദൈവമായി കാണുന്ന രാജ്യത്ത് അവരോട് വിവേചനം കാട്ടുന്നത് ഭരണഘടനയിൽ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര തന്റെ വിധിന്യായത്തിൽ വ്യക്തമാക്കി.
സ്ത്രീകൾ പുരുഷനേക്കാൾ തരം താണവരോ വിലകുറഞ്ഞവരോ അല്ല. സ്ത്രീയെയും പുരുഷനെയും തുല്യമായി കാണണമെന്നാണ് ഭരണഘടന പറയുന്നത്. വിശ്വാസത്തിലും തുല്യത വേണം. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് പാടില്ല. മതത്തിന്റ പേരിലുള്ള പുരുഷാധിപത്യം വിശ്വാസത്തിന്റെ കാര്യത്തിലായാലും അംഗീകരിക്കാൻ കഴിയില്ല. മതവിശ്വാസങ്ങൾ പിന്തുടരുന്നതിൽ ശാരീരികമായ പ്രശ്‌നങ്ങൾ കണക്കിലെടുക്കാൻ പാടില്ലെന്നും ദീപക് മിശ്ര നിരീക്ഷിച്ചു.
അതേസമയം, സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം ഒരു കാരണവശാലും നിയന്ത്രിക്കാൻ പാടില്ലെന്ന് കേസിൽ വിധി പ്രസ്‌താവിച്ച ജസ്‌റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. പ്രതികൂല കാലാവസ്ഥയും മോശം ശാരീരിക അവസ്ഥയും കണക്കിലെടുത്താണ് പണ്ട് കാലത്ത് സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കാലം മാറി. ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റിനിറുത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്. അയ്യപ്പഭക്തന്മാരെ പ്രത്യേക മതമായി കണക്കാക്കാൻ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.