cpm-

കൊല്ലം: മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ദുരിതാശ്വാസ നിധിയിൽ അഴിമതിയും കൈയിട്ട് വാരലുമാണെന്ന് വ്യാഖ്യാനിക്കാവുന്ന തരത്തിൽ ഫേസ് ബുക്ക് പോസ്‌റ്റിട്ട സി.പി.എം നേതാവ് കെ.വരദരാജൻ സംഭവം ന്യായീകരിക്കാൻ കമ്മിറ്റികളിൽ വിയർക്കേണ്ടിവരും. സാലറി ചലഞ്ചിലെ അവ്യക്തതകൾ ദുരീകരിക്കാൻ ലക്ഷ്യമിട്ട് വരദരാജൻ ഇട്ട പോസ്‌റ്റിലെ ഒരു ഭാഗം അടർത്തിയെടുത്ത് രാഷ്‌ട്രീയ ശത്രുക്കൾ മുതലെടുപ്പ് നടത്തുന്നതായി അദ്ദേഹം ഫേസ് ബുക്കിലൂടെ വിശദീകരിച്ചെങ്കിലും കുരുക്ക് മുറുകുകയാണ്.

എൻ.ജി.ഒ യൂണിയൻ മുൻ സംസ്ഥാന പ്രസി‌ഡന്റെന്ന നിലയിൽ ജീവനക്കോരോട് മൃദു സമീപനം പുലർത്തുന്ന പോസ്‌റ്റുകൾ ഒരുപക്ഷെ ബോദ്ധ്യമായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ചേർത്ത് അഴിമതി, കൈയിട്ടുവാരൽ തുടങ്ങിയ പ്രയോഗങ്ങൾ പാർട്ടി പൊറുക്കാൻ സാദ്ധ്യതയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സ്വജനപക്ഷപാതം ഉണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ് സി.പി.എം നേതാവിന്റെ പോസ്‌റ്റ് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. മാത്രമല്ല കൂടുതൽ വിശദീകരണവുമായി വരദരാജൻ ഇറക്കിയ മറുകുറിപ്പുകൾക്ക് ഫേസ്ബുക്ക് അനുയായികൾക്കും സുഹൃത്തുക്കൾക്കും ഇടയിൽ വേണ്ടത്ര സ്വീകാര്യത ഉണ്ടായതുമില്ല.

വരദരാജന്റെ വിവാദ പോസ്‌റ്റ് ഭരണാനുകൂല സർവീസ് സംഘടനകൾക്കിടയിൽ തെറ്റിദ്ധാരണകൾക്കും ഇടയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനെ സ്വന്തം അനുയായി തന്നെ പരസ്യമായി വിമർശിച്ചെന്ന് പരിഹസിച്ച് ചാനലുകളിലൂടെ പ്രഖ്യാപിത സി.പി.എം വിരുദ്ധനായി മുദ്ര കുത്തപ്പെട്ട പ്രമുഖന്റെ പോസ്‌റ്റ് വൈറലായിട്ടുണ്ട്. വിസമ്മത പത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ചാനലുകളിൽ ധനവകുപ്പിനെ പൊതുവിലും തോമസ് ഐസകിനെ പ്രത്യേകിച്ചും കടന്നാക്രമിച്ച ഈ പ്രമുഖൻ മുഖ്യമന്ത്രി തോമസ് ഐസകിനെതിരെയാണോ വരദരാജനെതിരെയാണാേ ആദ്യം നടപടിയെടുക്കുകയെന്നും ചോദിക്കുന്നു.

 

 

 


 

 

 

 

 

 

ഇതിന് കാരണം, ഈ പ്രമുഖന്റെ കാഴ‌്‌ചപ്പാടിൽ സാലറി ചലഞ്ച് ഐസകിന്റെ തലയിൽ ഉദിച്ചതാണ്. അതിനാൽ സാലറി ചലഞ്ചിന്റെ ഉപജ്ഞാതാവിനെ ഇപ്പോഴത്തെ സ്ഥാനത്ത് നിന്ന് ഒഴിവാക്കുമോ, അതോ സാലറി ചലഞ്ചിനെ പരസ്യമായി പരിഹസിച്ച നേതാവിനെ പുറത്താക്കുമോയെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. ഇതിനിടെ വരദരാജന്റെ പോസ്‌റ്റുകളെ ധനമന്ത്രിക്ക് എതിരെയുള്ള ധ്വനിയാക്കി പാർട്ടി ഔദ്യോഗിക നേതൃത്വത്തെ സുഖിപ്പിക്കാനും വരദരാജന്റെ ചില ഫേസ്ബുക്ക് അനുയായികൾ രംഗത്തെത്തി.

ഐസക് പാർട്ടി നേതൃത്വവുമായി കുറെ നാളായി അത്ര സുഖത്തിലല്ലെന്ന ഊഹാപോഹങ്ങളുടെ പിൻബലത്തിലാണ് ഈ നീക്കം. എന്നാൽ ഈ നീക്കം പച്ച തൊടുന്ന ലക്ഷണം കാണുന്നില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് വരദരാജൻ നടത്തിയ മൂന്ന് പോസ്‌റ്റുകളെ മൂന്ന് സെൽഫ് ഗോളായാണ് മേൽ പറഞ്ഞ പ്രമുഖൻ വിലയിരുത്തിയിരിക്കുന്നത്.