ന്യൂഡൽഹി: റഷ്യയിൽ നിന്നും ആയുധം വാങ്ങുന്നവർക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണി നിലനിൽക്കെ റഷ്യയുമായി വമ്പൻ ആയുധ ഇടപാടിന് ഒരുങ്ങി ഇന്ത്യ. റഷ്യയുടെ അത്യാധുനിക മിസെെൽ പ്രതിരോധ സംവിധാനമായ എസ്-400 ട്രയംഫ് വാങ്ങാനുള്ള കരാറിൽ ഇന്ത്യ അടുത്ത ആഴ്‌ച ഒപ്പിട്ടേക്കും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആകാശക്കരുത്താണ് എസ്- 400 മിസെെലുകൾ. ഇത്തരത്തിലുള്ള പത്തെണ്ണം വാങ്ങാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ സന്ദർശനത്തിൽ പുതിയ കരാർ ഒപ്പിടുമെന്നാണ് സൂചന. ഇതുകൂടാതെ നാല് യുദ്ധക്കപ്പലുകൾ കൂടി റഷ്യയിൽ നിന്നും ഇന്ത്യ വാങ്ങിയേക്കും. ഭാവിയിൽ യു.എസ് ആയുധങ്ങൾ വേണ്ടെന്ന് പറയാൻ സാദ്ധ്യതയില്ലാത്തതിനാൽ കരാറിനെ ചൊല്ലി ഇന്ത്യയ്ക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തില്ലെന്നാണ് റഷ്യയുടെ നിലപാട്.
2007 മുതൽ റഷ്യൻ സേനയുടെ ഭാഗമായ അത്യാധുനിക യുദ്ധപ്രതിരോധ മിസെെൽ സംവിധാനമാണ് എസ്-400 ട്രയംഫ്. ആക്രമണങ്ങളെ തടയാനും പ്രത്യാക്രമണത്തിനും എസ്-400 ഉപയോഗിക്കാം. അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ പോലും തകർക്കാനുള്ള കരുത്താണ് എസ്-400 പ്രത്യേകത.