തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടതി അനുമതി നൽകിയത് പോലെ മുസ്ലിം പള്ളികളിലും സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി വനിതാ സംഘടനകൾ. നടി ഖുഷ്ബുവാണ് ഇത്തരമൊരു ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. ശബരിമല ക്യാംപയിൽ പൂർത്തിയായ സ്ഥിതിക്ക് മുസ്ലിം പള്ളികളിൽ എല്ലാ ദിവസവും സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യത്തിന് വേണ്ടി പോരാടുമെന്ന് അവർ വ്യക്തമാക്കി.
ശബരിമലയിലെ വിധിയെ വർഗീയ വത്കരിക്കുന്നത് കാണുമ്പോൾ ശരിക്കും വിഷമം തോന്നുന്നുവെന്നും അവർ പറഞ്ഞു. ദൈവം ഒന്നാണെന്ന് തന്റെ വിശ്വാസം. നിങ്ങൾ ശരിക്കും ദൈവവിശ്വാസിയാണെങ്കിൽ ഈ വിധിയെ അംഗീകരിക്കും. സ്ത്രീകളെ അടിച്ചമർത്താൻ എന്ത് വൃത്തികെട്ട കളിയും കളിക്കുന്ന മതമൗലികവാദികളായ പുരുഷാധിപതികളായ പുരുഷന്മാർ മാത്രമാണ് മറിച്ചു ചിന്തിക്കുകയെന്നും അവർ ട്വിറ്ററിലൂടെ ആരോപിച്ചു.
സമാന അഭിപ്രായവുമായി ബി.ജെ.പിയും
സ്ത്രീകൾക്ക് തുല്യതയുടെ പേരിൽ ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി സ്വാഗതാർഹമാണെങ്കിലും ആചാര പരമായ കാര്യങ്ങളിൽ കോടതിയല്ല തീരുമാനമെടുക്കേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണുസുരേഷ് പറഞ്ഞു. ആചാരാനുഷ്ഠാനങ്ങളിൽ മാറ്രം വരുത്തേണ്ടത് സമൂഹമാണ്. സ്ത്രീകൾക്കുള്ള അവകാശത്തിന്റെ പേരിൽ വനിതാ ജഡ്ജിയുടെ അഭിപ്രായത്തെ തള്ളി പുരുഷ മേധാവിത്വം കാണിക്കുകയാണ് സുപ്രീംകോടതി ചെയ്തതെന്ന് രേണു സുരേഷ് പറഞ്ഞു. ഇനി ഏതെങ്കിലും മുസ്ളീം സ്ത്രീ സുന്നി പള്ളികളിൽ ആരാധന നടത്താൻ സമീപിച്ചാൽ കോടതി എന്ത് നിലപാടെടുക്കുമെന്നും അവരെ പള്ളിയിൽ കയറ്രാൻ അനുവാദം നൽകുമോ എന്നും അവർ ചോദിച്ചു.