തിരുവനന്തപുരം: കോൺഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനായി പാർട്ടിയുടെ നിർണ്ണായക സ്ഥാനങ്ങളിലിരിക്കുന്ന ഉത്തരവാദിത്വബോധമില്ലാത്ത നേതാക്കളെ മാറ്റുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കെ.പി.സി.സി എക്‌സിക്യൂട്ടീവിന്റെ പുന:സംഘടനയിൽ അംഗസംഖ്യ കുറയ്‌ക്കുന്നതടക്കമുള്ള നടപടികൾ ഒക്ടോബർ എട്ടിന് ചേരുന്ന രാഷ്ട്രീയകാര്യസമിതി ചർച്ച ചെയ്യും. യുവാക്കളെ ആകർഷിക്കുമാറ് കോൺഗ്രസിനെ സെമികേഡർ പാർട്ടിയാക്കുമെന്നും പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സുധാകരൻ പറഞ്ഞു.
കേഡർ പാർട്ടികളായ സി.പി.എമ്മിനോടും ബി.ജെ.പിയോടും കിടപിടിക്കാൻ കോൺഗ്രസിന് പുതിയ രാഷ്ട്രീയശൈലിക്ക് രൂപം നൽകേണ്ടതുണ്ട്. കേഡർ, ഫാസിസ്‌റ്റ് ശക്തികളായ രണ്ട് പാർട്ടികളോടും ഏറ്റുമുട്ടാൻ ഒരു ബഹുജനപാർട്ടിക്ക് എങ്ങനെ സാധിക്കുമെന്നത് വലിയ ചോദ്യമാണ്. ഇതിന് താഴെത്തലം വരെ പ്രവർത്തിക്കാൻ മുഴുവൻസമയ പ്രവർത്തകർ വേണം. മതന്യൂനപക്ഷങ്ങൾ കേരളത്തിൽ ആർ.എസ്.എസിനെ ചെറുക്കാനുള്ള ശക്തി തേടുകയാണ്. ഭരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങളുണ്ടാവുമ്പോൾ ഭരണകക്ഷിയോടുള്ള വിധേയത്വം സ്വാഭാവികമായുമുണ്ടാകും. ചെങ്ങന്നൂർ ഫലത്തെ താൻ വിലയിരുത്തുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്. ആർ.എസ്.എസിനെ ചെറുക്കാൻ ഇവിടെ കോൺഗ്രസുണ്ട് എന്ന് മതന്യൂനപക്ഷ വിഭാഗങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം കോൺഗ്രസ് ഏറ്റെടുക്കും.
നല്ല രാഷ്ട്രീയകാലാവസ്ഥയല്ല കോൺഗ്രസിന് ഇന്ത്യയിലും കേരളത്തിലും. യു.ഡി.എഫ് അല്ലെങ്കിൽ എൽ.ഡി.എഫ് എന്ന കേരളസമവാക്യവും പതുക്കെ ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസിനെ പ്രതിരോധിക്കാനും മുന്നോട്ട് നയിക്കാനുമുള്ള പ്രവർത്തനം ശക്തിപ്പെടുത്തണം. ഇങ്ങനെയാണെങ്കിലും കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയരംഗം പൊതുവിൽ കോൺഗ്രസിന് അനുകൂലമാണ്. വിശ്വാസരാഹിത്യത്തിന്റെ പ്രതീകമായി മോദിസർക്കാർ മാറിയെന്ന് ജനത്തിന് ബോദ്ധ്യപ്പെട്ടു. സുതാര്യതയില്ലായ്മ പിണറായിസർക്കാരിന്റെ വിശ്വാസ്യതയും നഷ്ടപ്പെടുത്തിയെന്ന് സുധാകരൻ പറഞ്ഞു. പ്രസ്ക്ലബ്ബ് സെക്രട്ടറി എം. രാധാകൃഷ്ണൻ ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് രതീഷ് അനിരുദ്ധൻ സ്വാഗതം പറഞ്ഞു.