വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ സൈറ്റായ ഫേസ്ബുക്കിൽ വൻ സുരക്ഷാ പാളിച്ച. ഇന്ത്യ ഉൾപ്പെട്ട രാജ്യങ്ങളിലെ അഞ്ച് കോടി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഹാക്കർമാർ ചോർത്തി. ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മറ്റുള്ളവർ നമ്മുടെ ഫേസ്‌ബുക്ക് പ്രൊഫൈൽ എങ്ങനെ കാണുന്നുവെന്ന് നോക്കാനുള്ള ഫീച്ചറിലാണ് സുരക്ഷാ പാളിച്ചയുണ്ടായത്. ഏതൊക്കെ രാജ്യത്തുനിന്നുള്ളവരുടെ അക്കൗണ്ടുകളിലാണ് നുഴഞ്ഞു കയറ്റമുണ്ടായതെന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിൽ നിന്ന് മാത്രം 27 കോടി ഉപയോക്താക്കൾ ഫേസ്ബുക്കിനുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്‌ച ഉച്ചക്ക് ശേഷമാണ് അക്കൗണ്ടുകളിൽ നുഴഞ്ഞു കയറ്റമുണ്ടായതായി ഫേസ്ബുക്ക് സാങ്കേതിക വിദഗ്ധർ കണ്ടെത്തിയത്. പ്രൊഫൈലുകൾ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.