ramesh-chennithala

കോഴിക്കോട്: സംസ്ഥാനത്ത് പുതിയതായി ബ്രൂവറി അനുവദിച്ച വിഷയത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. ബ്രൂവറികൾ അനുവദിച്ചതിലെ അഴിമതിയിൽ വ്യവസായ വകുപ്പിനും പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. തങ്ങൾ ഉന്നയിച്ച ആക്ഷേപങ്ങൾക്കൊന്നിനും എക്സൈസ് മന്ത്രി മറുപടി നൽകാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.


എൽ.ഡി.എഫിന്റെ മദ്യനയത്തിലും പ്രകടന പത്രികയിലും പറയാത്ത കാര്യമാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. ബ്രൂവറിക്കായി കൊച്ചി കിൻഫ്ര പാർക്കിൽ 10 ഏക്കർ ഭൂമി അനുവദിച്ചത് എന്തടിസ്ഥാനത്തിലാണ്. വ്യവസായ വകുപ്പ് അറിയാതെ കിൻഫ്രയിൽ ഭൂമി അനുവദിക്കാൻ കഴിയില്ല. ബ്രൂവറികൾ തുടങ്ങാൻ ആരാണ് ഉത്തരവ് നൽകിയതെന്ന് എക്‌സൈസ് മന്ത്രി വ്യക്തമാക്കണം. ഇതിന് ഉത്തരവിട്ടിട്ടുണ്ടെങ്കിൽ ആ ഉത്തരവ് പുറത്ത് വിടണം. ആരാണ് ഉത്തരവിൽ ഒപ്പുവച്ചതെന്നും ചെന്നിത്തല ചോദിച്ചു.

സ്വകാര്യ കന്പനികൾക്ക് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രൂവറി അനുവദിച്ചത്. മുഖ്യമന്ത്രിമാരായ ഇ.കെ.നായനാരും വി.എസ്.അച്യുതാനന്ദനും ചെയ്യാത്തതാണ് പിണറായി വിജയൻ സർക്കാർ രഹസ്യമായി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.