narayanan-sibi-mathews

തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട് ഐ.എസ്.ആർ.ഒയിലെ 3000 ശാസ്ത്രജ്ഞരിൽ നിന്ന് എന്തുകൊണ്ട് നമ്പി നാരായണൻ മാത്രം അറസ്റ്റ് ചെയ്യപ്പെട്ടു എന്നതിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡോ. സിബി മാത്യൂസ്. ചാരക്കേസിൽ സുപ്രീം കോടതി നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചതിന് ശേഷം ആദ്യമായാണ് സിബി മാത്യൂസ് ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. സിബി മാത്യൂസ് അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിനും കോടതി ഉത്തരവിട്ടിരുന്നു.

സിബി മാത്യൂസ് പറയുന്നു:
മറിയം റഷീദ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ 1994 നവംബർ ഒന്നിനാണ് നമ്പി നാരായണൻ സ്വയം വിരമിക്കലിനുള്ള അപേക്ഷ സമർപ്പിച്ചത്. ഇത്ര തിടുക്കത്തിൽ വിരമിക്കാൻ നമ്പി നാരായണനെ പ്രേരിപ്പിച്ചത് എന്താണ്. ചാരക്കേസ് നടക്കുമ്പോൾ നമ്പി നാരായണൻ കുര്യൻ കളത്തിൽ എന്ന റെയിൽവേ കോൺട്രാക്ടറുടെ പേരിലുള്ള ലാന്റ്‌ ഫോൺ സ്വന്തം വീട്ടിൽ ഉപയോഗിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഫോൺ ബിൽ ഭീമമായിരുന്നു. 44, 498 രൂപയ്ക്കാണ് അദ്ദേഹം അന്ന് (1994ൽ)​ഐ.എസ്.ഡി കോളുകൾ വിളിച്ചത്. ഐ.എസ്.ആർ.ഒ പോലുള്ള സ്ഥാപനത്തിൽ അതീവ ഉത്തരവാദിത്തമുള്ള ഒരു ഉദ്യോഗസ്ഥൻ എന്തിന് വേണ്ടിയാണ് ഇത്രയും ഐ.എസ്.ഡി കോളുകൾ വിളിച്ചിരുന്നതെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. നമ്പി നാരായണന്റെ ഫോൺ ബില്ലുകൾ പൊലീസിന്റെ കൈയിലുണ്ട്. എന്നാൽ സി.ബി.ഐ ഈ തെളിവുകളെ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ലെന്നും സിബി മാത്യൂസ് പറഞ്ഞു.

അതീവരഹസ്യ സ്വഭാവമുള്ള ഗവേഷണസ്ഥാപനമായ ഐ.എസ്.ആർ.ഒയിലെ ഉയർന്ന ശാസ്ത്രജ്ഞന്മാർ മാലി ദ്വീപിൽനിന്നുള്ള രണ്ട് വനിതകളുമായി പലപ്പോഴും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഐ.എസ്.ആർ.ഒ. ചാരക്കേസ് രജിസ്റ്റർ ചെയ്തത്. ഇപ്പോൾ ആരോപിക്കപ്പെടുന്നതുപോലെ അമേരിക്കൻ ചാരസംഘടനയുടെ ഗൂഢാലോചന ഇതിനു പിന്നിൽ ഉണ്ടായിരുന്നെങ്കിൽ ഈ കേസ് ഒന്നരവർഷം അന്വേഷിച്ച സി.ബി.ഐയ്ക്ക് അങ്ങനെയൊരു ഗൂഢാലോചന കണ്ടെത്താൻ കഴിയാതെ പോയത് എന്തുകൊണ്ടാണെന്നും സിബി മാത്യൂസ് ചോദിച്ചു. നമ്പി നാരായണന്റെ അറസ്‌റ്റിന് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥർ മാത്രമായിരുന്നെന്ന വാദത്തേയും അദ്ദേഹം തള്ളി. സംസ്ഥാന പൊലീസിലേയും കേന്ദ്ര ഇന്റലിജൻസിലേയും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷമായിരുന്നു നമ്പി നാരായണന്റെ അറസ്റ്റ്. അതുകൊണ്ടുതന്നെ അറസ്റ്റിന്റെ പേരിൽ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും സിബി മാത്യൂസ് പറഞ്ഞു.