തിരുവനന്തപുരം: പ്രായമേഭമന്യേ സ്ത്രീകൾ ശബരിമലയിൽ എത്തുന്നതോടെ അവർക്ക് ശൗചാലയവും താമസവും സുരക്ഷയും ഉൾപ്പെടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ 600 കോടിരൂപയെങ്കിലും സർക്കാറിന് കണ്ടെത്തേണ്ടിവരും. നിലവിൽ പത്തിന് താഴെയും അൻപതിന് മേലും പ്രായമുള്ള സ്ത്രീകളാണ് ശബരിമലയിലെത്തുന്നത്. ഇതുൾപ്പെടെ മൂന്ന് കോടി ഭക്തരാണ് 41 ദിവസത്തെ മണ്ഡലകാലവും നടതുറക്കുന്ന മറ്റ് ദിവസങ്ങളും ചേർത്ത് 63 ദിവസത്തിനുള്ളിൽ ഒരു വർഷം മലയിലെത്തുന്നത്. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും മലയിലെത്താമെന്ന് വന്നതോടെ തീർത്ഥാടകരുടെ എണ്ണം ഇരട്ടിയോളം വർദ്ധിക്കുമെന്നാണ് കരുതുന്നത്. ഇതനുസരിച്ച് പ്രതിവർഷം ആറ് കോടിയോളം ഭക്തർ ശബരിമലയിലെത്തും. ഇതു ഈ വർഷം എത്തുന്നവരുടെ കണക്കല്ല. പക്ഷേ, സമീപ ഭാവിയിൽ സംഭവിക്കുന്ന കാര്യമാണ്.
നിലവിലെ ഭക്തർക്ക് പോലും ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കാൻ സർക്കാർ വെല്ലുവിളി നേരിടുന്നുണ്ട്. ശബരിമലയിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് 2012 ൽ സർക്കാർ തയ്യാറാക്കിയ മാസ്റ്റർപ്ളാനിന് 625 കോടിയാണ് ചെലവ് വകയിരുത്തിയത്. എന്നാൽ വനഭൂമി വിട്ടുകിട്ടുന്നതിനുള്ള പ്രയാസം കാരണം മാസ്റ്റർപ്ളാൻ ഇഴഞ്ഞുനീങ്ങുകയാണ്. ഇനി അധിക സൗകര്യങ്ങൾ ഉൾപ്പെടുത്തി അത് പരിഷ്കരിക്കേണ്ടിവരും. പ്രതിദിനം അൻപതിനായിരത്തിനും ഒരുലക്ഷത്തിനും ഇടയിൽ സ്ത്രീകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ശൗചാലയങ്ങൾ, താമസസൗകര്യങ്ങൾ, സന്നിധാനത്ത് സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ക്യൂ സംവിധാനം, പതിനെട്ടാം പടിക്ക് പുറത്ത് പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ, നിലവിലെ സുരക്ഷാ ജീവനക്കാരുടെ അത്രയും സ്ത്രീ സുരക്ഷാജീവനക്കാർ, അവർക്കെല്ലാം താമസസൗകര്യങ്ങൾ തുടങ്ങിയവയെല്ലാം ഒരുക്കണം. കൂടാതെ കൂടുതൽ സൗകര്യങ്ങൾ കാനനപാതയിലും പമ്പ മുതൽ സന്നിധാനം വരെയുള്ള ഭാഗത്തും ഏർപ്പെടുത്തേണ്ടിവരും. ഇത്രയും സൗകര്യങ്ങളൊരുക്കാൻ 600 കോടിയിലേറെ ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ. ഇൗ മണ്ഡലകാലത്ത് സ്ത്രീകൾ മലചവിട്ടുന്നത് താൽക്കാലികമായെങ്കിലും ഒഴിവാക്കാനുള്ള ശ്രമം സർക്കാർ തലത്തിൽ ആലോചിക്കുന്നുവെന്നാണ് സൂചന. ഇക്കാര്യം സുപ്രീംകോടതിയെ ബോധിപ്പിച്ചാകും അനുമതി നേടിയെടുക്കുക. അടുത്ത മണ്ഡലം സീസൺ മുതൽ സ്ത്രീപ്രവേശനം അനുവദിക്കാനും അതിന് മുമ്പ് സൗകര്യങ്ങൾ ഒരുക്കാനുമാണ് ആലോചിക്കുന്നത്.
പണം കണ്ടെത്തുന്നതിനൊപ്പം സർക്കാരിനെ അലട്ടുന്ന പ്രശ്നം വികസനത്തിന് ശബരിമലയിൽ ഭൂമി കണ്ടെത്തുകയാണ്. നിലവിൽ ശബരിമലയിൽ 12.675ഹെക്ടറും നിലയ്ക്കൽ പമ്പ മേഖലകളിലായി 110.524ഹെക്ടർ ഭൂമിയുമാണ് ശബരിമല ദേവസ്ഥാനത്തിനുള്ളത്. സ്ത്രീകൾക്കായി പുതിയ സൗകര്യവും മാസ്റ്റർ പ്ളാൻ അതിനനുസരിച്ച് വിപുലീകരിക്കുകയും ചെയ്താൽ ചുരുങ്ങിയത് 40ഹെക്ടർ വനഭൂമി കൂടി വിട്ടുകിട്ടേണ്ടിവരുമെന്നാണ് സർക്കാരിന്റെ കണക്ക്. എന്നാൽ അതിന് അനുമതി കിട്ടുമോ എന്നാണ് അറിയേണ്ടത്.