തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിലും വിവാഹേര ബന്ധങ്ങളിലും ചരിത്ര വിധി നടത്തിയ സുപ്രീം കോടതിയെ അധിക്ഷേപിച്ച് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ രംഗത്ത്. സമനില തെറ്റിയ ജഡ്ജിമാരാണ് വിധി പ്രസ്താവിച്ചതെന്നാണ് സുധാകരന്റെ ആധിക്ഷേപം. ഇന്ത്യൻ സംസ്കാരത്തിന്റെ അടിസ്ഥാനം കുടുംബ ബന്ധങ്ങളാണെന്ന് സുധാകരൻ പറഞ്ഞു. വിശ്വാസ കാര്യങ്ങളിൽ സുപ്രീം കോടതി ഇടപെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ ഇന്നലെയാണ് സുപ്രീംകോടതിയുടെ ചരിത്ര വിധി വന്നത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന് ഇന്നലെ രാവിലെ സുപ്രീംകോടതി വിധിച്ചു. ശാരീരിക ഘടനയുടെ പേരിൽ വിവേചനം പാടില്ലെന്നാണ് കോടതി നിരീക്ഷണം. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് അവരെ തരംതാഴ്ത്തുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനും ജസ്റ്റിസുമാരായ രോഹിന്റൺ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുമടങ്ങിയ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്. ഇന്ദു മൽഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.പൊതു ആരാധനാ സ്ഥലത്ത് അവന് പോകാമെങ്കിൽ അവൾക്കും പോകാമെന്ന് നേരത്തെ വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു.