kerala-blasters

കൊൽക്കത്ത: ഐ.എസ്.എൽ അഞ്ചാം സീസണിൽ മലയാളികളുടെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. അതും മുമ്പ് കളിപഠിപ്പിച്ച ‘ആശാന്റെ’ടീമിനെ വീഴ്ത്തി. തങ്ങളെ രണ്ട് ഫൈനലുകളിൽ കണ്ണീരു കുടുപ്പിച്ച, തങ്ങളുടെ മുൻ പരിശീലകൻ സ്റ്റീവ് കോപ്പൽ പരിശീലിപ്പിക്കുന്ന എ.ടി.കെയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്സ് പടയോട്ടം തുടങ്ങിയത്.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 76-ാം മിനിറ്റിൽ സ്ലോവേനിയൻ താരം മാറ്റെജ് പോപ്ലാട്നിക് (76), സെർബിയൻ താരം സ്ലാവിസ സ്റ്റോജനോവിച് (86) എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ജയമുറപ്പിച്ച ഗോളുകൾ നേടിയത്.മത്സരത്തിൽ നിന്ന് മൂന്നു പോയിന്റും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി.

ഏവരെയും അദ്ഭുതപ്പെടുത്തി മലയാളി സെനസേഷൻ സി.കെ. വിനീതിനെ പകരക്കാരുടെ ബഞ്ചിലിരുത്തിയാണ് ഡേവിഡ് ജയിംസ് കൊൽകത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിനെ ഇറക്കിയത്. കറേജ് പെക്കൂസനും ജയിംസ് ആദ്യ ഇലവനിൽ അവസരം നൽകിയില്ല. അതേസമയം മലയാളി താരം സഹൽ അബ്ദുൽ സമദിന് ആദ്യ ഇലവനിൽ ഇടം നൽകി ജയിംസ് ആരാധകരെ  ‌ഞെട്ടിച്ചു. അണ്ടർ 17 ലോകകപ്പിലെ ഇന്ത്യയുടെ പറക്കുംഗോളി ധീരജ് സിംഗ് തന്നെയാണ് ഗോൾവല കാത്തത്. നെമാഞ്ച പെസിച്ച്, നിക്കോള ക്രമാരവിച്ച്, സ്ലാവിസ സ്റ്റോജനോവിച്ച്, സീമെൻലെൻ ഡൂംഗൽ, മാറ്റെജ് പോപ്ലാട്നിക്, മുഹമ്മദ് റാക്കിപ്,  ഹോളിചരൺ നർസാരി, സന്ദേശ് ജിംഗാൻ, ലാൽറുവാത്താര എന്നിവരാണ് ആദ്യ ഇലവനിൽ ഇടംനേടിയ മറ്റ് താരങ്ങൾ.

എവർട്ടൺ സാന്റോസ്, മാനുവൽ ലാൻസറോട്ടി, ബൽവന്ത് സിംഗ് എന്നിവരെ മുൻനിറുത്തിയാണ് കോപ്പലാശാൻ എ.ടി.കെയെ കളത്തിൽ വിന്യസിച്ചത്.
സെർബിയ–സ്ലോവേനിയ ദ്വയമായ പോപ്ലാട്നിക് – സ്റ്റോജനോവിച്ച് സഖ്യത്തിന്റെ നേതൃത്വത്തിൽ എതിരാളികളുടെ താരത്തിളക്കമോ കാണികളുടെ പിന്തുണയോ വകവയ്ക്കാതെ ആക്രമിച്ചുകയറിയ ബ്ലാസ്റ്റേഴ്സ് ആദ്യ പത്തു മിനിറ്റിനുള്ളിൽ തന്നെ ശ്രദ്ധേയമായ ഗോളവസരങ്ങൾ സൃഷ്ടിച്ചു. സഹൽ അബ്ദുൽ സമദും മികച്ച ചില ഗോൾശ്രമങ്ങളുമായി കയ്യടി നേടി.

പതിയെ കരുത്താർജിച്ച എ.ടി.കെ ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്തും ഭീഷണി സൃഷ്ടിച്ചു. ഇടയ്ക്ക് എവർട്ടൻ സാന്റോസ് ഉതിർത്ത ലോങ് ഷോട്ട് ക്രോസ് ബാറിന് ഇഞ്ചുകൾ മാത്രം മുകളിലൂടെ ഗാലറിയിലേക്ക് പോകുന്ന കാഴ്ച ബ്ലാസ്റ്റേഴ്സ് ആരാധകർ തലയിൽ കൈവച്ചാണ് കണ്ടിരുന്നത്. രണ്ടാം പകുതിയിൽ പോപ്ലാട്നിക്കിന്റെ ഹെഡ്ഡറിലൂടെയാണ്  ബ്ലാസ്റ്റേഴ്സ് ലീഡ് നേടുന്നത്. 76–ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ സ്റ്റോജനോവിച്ച് തൊടുത്ത ഷോട്ട് എ.ടി.കെ താരം ജേഴ്സന്റെ കാലി‍ൽത്തട്ടി തെറിച്ചു. ഓടിയെത്തിയ പോപ്ലാട്നിക് തകർപ്പൻ ഹെഡറിലൂടെ ലക്ഷ്യം കാണുകയായിരുന്നു. പത്ത് മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്സ് ലീഡ് വർധിപ്പിച്ചു. ആദ്യ ഗോളിനു വഴിയൊരുക്കിയ സ്റ്റോജനോവിച്ചാണ് ഇക്കുറി ലക്ഷ്യം കണ്ടത്. ഹാളിചരൺ നർസാരിയിൽനിന്ന് കിട്ടിയ പന്തുമായി ജേഴ്സനെ കടന്നു മുന്നോട്ടു കയറി സെർബിയൻ താരം തൊടുത്ത കിടിലൻ ഷോട്ട് വലതുളയ്ക്കുകയായിരുന്നു.