gouri-lankesh

ബംഗളൂരു: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചാൽ 25 ലക്ഷം രൂപ കർണാടക പൊലീസ് വാഗ്‌ദ്ധാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി കേസിൽ പ്രതി ചേർക്കപ്പെട്ടയാൾ രംഗത്തെത്തി. കുടുംബത്തിനെ ഭീഷണിപ്പെടുത്തിയാണ് തന്നെ പ്രതിയാക്കിയതെന്ന വെളിപ്പെടുത്തലുമായി മറ്റൊരാൾ കൂടി രംഗത്തെത്തിയത് കർണാടക പൊലീസിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കി.


ഗൗരി ലങ്കേഷിനെ വെടിവച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അറസ്‌റ്റ് ചെയ്‌ത പരശുരാം വാഗ്‌മാരേയാണ് കോടതിയിലെത്തിച്ചപ്പോൾ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. കുറ്റം സമ്മതിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം തനിക്ക് 25 ലക്ഷം രൂപ വാഗ്‌ദ്ധാനം ചെയ്‌തുവെന്നാണ് ഇയാളുടെ ആരോപണം. കേസിൽ പിടിയിലായ മറ്റൊരു പ്രതിയും സംഭവത്തിൽ താൻ നിരപരാധിയാണെന്ന് കോടതിയിൽ മൊഴി നൽകി. കേസിൽ കുറ്റസമ്മതം നടത്തിയില്ലെങ്കിൽ തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും പൊലീസ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായും ഇയാൾ കോടതിയിൽ ആരോപിച്ചു. അതേസമയം, ഇക്കാര്യത്തിൽ പ്രതികരിക്കാൻ പ്രത്യേക അന്വേഷണ സംഘം തയ്യാറായിട്ടില്ല.

അതേസമയം, കുറ്റവാളികളുടെ മൊഴി കേസിൽ യാതൊരു മാറ്റവും വരുത്തില്ലെന്നാണ് നിയമവിദഗ്‌ദ്ധരുടെ വിലയിരുത്തൽ. നാല് മാസം ജയിലിൽ കഴിഞ്ഞ ശേഷം ഇപ്പോൾ കോടതിയിൽ ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കാനുണ്ടായ സാഹചര്യം എന്താണെന്ന് അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പലതവണ കോടതിയിലെത്തിയിട്ടും ഇത്തരമൊരു ആരോപണം പ്രതികൾ ആരും ഉന്നയിച്ചിരുന്നില്ല. ബാഹ്യപ്രേരണയാലാണ് പ്രതികൾ ആരോപണം ഉന്നയിച്ചതെന്ന് സംശയിക്കുന്നതായും നിയമവിദഗ്‌ദ്ധർ പറയുന്നു