തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംഗീതജ്ഞൻ ബാലഭാസ്‌കറിനെ ചികിത്സിക്കാൻ ഡൽഹി എയിംസിൽ നിന്ന് ഡോക്‌ടറെത്തും. എയിംസിലെ ന്യൂറോ സർജനെ അയയ്‌ക്കാമെന്ന് കേന്ദ്രമന്ത്രി ജെ.പി.നദ്ദ ഉറപ്പ് നൽകിയതായി ശശി തരൂർ എം.പി അറിയിച്ചു.
അതേസമം, ബാലഭാസ്‌കറിന്റെ ആരോഗ്യനിലയിൽ പുരോഗയുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ബാലഭാസ്‌കറിന് ശനിയാഴ്ച ബോധം തെളിഞ്ഞു. എന്നാൽ പൂർണമായി ബോധം വീണിട്ടില്ല. രക്തസമ്മർദ്ദം സാധാരണ നിലയായി. ശനിയാഴ്ച രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഉപകരണം മാറ്റാൻ കഴിഞ്ഞു. ശ്വസന പ്രക്രിയ ഉപകരണ സഹായത്തോടെയാണ്. ഇതിലും ഗുണപരമായ മാറ്റമുണ്ടായാൽ ചികിത്സയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.
ബാലഭാസ്‌കറിന്റെ വലതുകാൽ ശാസ്ത്രക്രിയക്ക് വിധേയമാക്കി. തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ക്ഷതത്തിന് മരുന്നുപയോഗിച്ചുള്ള ചികിത്സ മതിയെന്ന നിഗമനത്തിലാണ് മെഡിക്കൽ സംഘം. വെന്റിലേറ്ററിൽ തന്നെയാണ് ഇപ്പോഴുള്ളത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില തൃപ്തികരമാണ്. ലക്ഷ്മിയും വെന്റിലേറ്ററിലാണ്. ഡ്രൈവർ അനൂപിന്റെ ആരോഗ്യനിലയും മെച്ചപ്പെട്ടു. എന്നാൽ ഏക മകൾ തേജസ്വിനി ബാലയുടെ വിയോഗം ബാലഭാസ്‌കറിനെയും ലക്ഷ്മിയെയും ബന്ധുക്കൾ അറിയിച്ചിട്ടില്ല.