kannoor-airport

തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ 11 അന്താരാഷ്ട്ര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും സമ്മതം അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവള കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷ കാലയളവിനുള്ളിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


അന്താരാഷ്ട്ര വിമാന കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബായ്, എയർ അറേബ്യ, ഒമാൻ എയർ, ഖത്തർ എയർവെയ്സ്, ഗൾഫ് എയർ, സൗദിയ, സിൽക്ക് എയർ, എയർ ഏഷ്യ, മലിൻഡോ എയർ എന്നിവയും ഇന്ത്യൻ കമ്പനികളായ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയർവെയ്സ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയർ എന്നിവയുമാണ് കണ്ണൂരിൽനിന്ന് സർവീസ് നടത്താൻ സമ്മതം അറിയിച്ചത്.

റൺവേയും എയർസൈഡ് വർക്കുകളും ഉൾപ്പെട്ട 694 കോടി രൂപയുടെ ഇ.പി.സി കോൺട്രാക്‌ട് ജോലികളും 498 കോടി രൂപയുടെ ടെർമിനൽ ബിൽഡിംഗും അതിനോടനുബന്ധിച്ച സിറ്റി സൈഡ് നിർമാണ ജോലികളും ടെർമിനൽ ബിൽഡിംഗിനകത്തെ ഡി.എഫ്.എം.ഡി, എച്ച്.എച്ച്.എം.ഡി, ഇൻലൈൻ എക്‌സ്രേ മെഷീൻ, ബാഗേജ് ഹാൻഡ്ലിംഗ് സിസ്‌റ്റം, ചെക്ക് ഇൻ കൗണ്ടറുകൾ, എമിഗ്രേഷൻ ചെക്ക് പോയിന്റുകൾ, ലിഫ്‌റ്റുകൾ, എസ്‌കലേറ്ററുകൾ, പാസഞ്ചർ ബോർഡിംഗ് ബ്രിഡ്‌ജ് ജോലികളും പൂർത്തീകരിച്ചു. ഗ്രൗണ്ട് ഹാന്റ്ലിംഗ് സേവനങ്ങൾക്കായി എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡിനെയും സെലിബി ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഡൽഹി പ്രൈവറ്റ് ലിമിറ്റഡിനെയുമാണ് നിയോഗിച്ചിരിക്കുന്നത്.

കണ്ണൂർ എയർപോർട്ടിന്റെ വകയായി ഒരു ഇന്റർനാഷണൽ എയർ കാർഗോ കോംപ്ലക്സ്, നാലുനിലയിലുള്ള എയർപോർട്ട് ഓഫീസ് സമുച്ചയം, അഞ്ചുനിലയിലുള്ള സി.ഐ.എസ്.എഫ് പാർപ്പിട സമുച്ചയം, ചുറ്റുമതിലിനോടു ചേർന്ന് 23 കിലോമീറ്റർ നീളമുള്ള റോഡിന്റെയും ലൈറ്റിങ്ങിന്റെയും നിർമാണ പ്രവൃത്തികൾ, എയർപോർട്ട് പരിസരം മോടി പിടിപ്പിക്കുന്നതിനാവശ്യമായ ലാൻഡ് സ്‌കേപ്പിംഗ് ജോലികൾ എന്നിവ ഉൾപ്പെടെയുള്ള 113 കോടി രൂപയുടെ ജോലികൾ മോണ്ടി കാർലോ ലിമിറ്റഡ് കമ്പനിയെ ഏൽപ്പിച്ചിട്ടുണ്ട്. ഒന്നരവർഷത്തിനുള്ളിൽ ഈ ജോലികൾ പൂർത്തീകരിക്കാനാവും.

റൺവേ ദൈർഘ്യം 3050 മീറ്ററിൽനിന്നും 4000 മീറ്ററാക്കി വർധിപ്പിക്കുന്നതിന് കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചതനുസരിച്ച് ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പുരോഗമിക്കുകയാണ്. 4000 മീറ്റർ റൺവേ പൂർത്തിയായിക്കഴിയുമ്പോൾ കണ്ണൂർ എയർപോർട്ട് കേരളത്തിലെ ഏറ്റവും വലിയ എയർപോർട്ട് ആയി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളത്തിനായി വിവിധ തസ്‌തികകളിൽ 180ഓളം ജീവനക്കാരെയാണ് ആകെ വേണ്ടത്. നിലവിൽ 136 ഉദ്യോഗസ്ഥർ വിവിധ തസ്തികകളിലായി കമ്പനിയിൽ പ്രവർത്തിക്കുന്നു. ബാക്കി വരുന്ന തസ്തികകളിലെ നിയമന പ്രക്രിയ നടക്കുന്നു. കണ്ണൂർ വിമാനത്താവള പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തപ്പോൾ വീട് നഷ്ടപ്പെട്ട കുടുംബങ്ങളിലെ 29 പേരെ വിവിധ തസ്‌തികകളിൽ നിയമിച്ചു. ഈ വിഭാഗത്തിൽ ബാക്കിയുള്ള എല്ലാവരെയും എയർപോർട്ടിന്റെ ഗ്രൗണ്ട്/ കാർഗോ ഹാൻഡലിംഗ് ഏജൻസിയായ എയർ ഇന്ത്യ എ.ടി.എസ്.എൽ വഴി നിയമിക്കാൻ ധാരണയായിട്ടുണ്ട്. ഇവർക്കുള്ള നിയമന ഉത്തരവ് എയർ ഇന്ത്യ എ.ടി.എസ്.എൽ നൽകും.

നാവിഗേഷൻ സംവിധാനമായ ഡോപ്ലർ വെരി ഹൈ ഫ്രീക്വൻസി ഒമ്നി റേഞ്ച് (ഡി.വി.ഒ.ആർ) ഇൻഫർമേഷൻ ലാൻഡിംഗ് സിസ്‌റ്റവും എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ സ്ഥാപിച്ചു. ഇവയുടെ പരിശോധനയും പൂർത്തിയായി. സെപ്‌തംബർ 20, 21 തിയതികളിൽ എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ നിർദേശിച്ചതനുസരിച്ച് ഡി.വി.ഒ.ആർ അടിസ്ഥാനമായുള്ള ഫ്‌ളൈറ്റ് ട്രയൽ ഡി.ജി.സി.എ എയർ ഇന്ത്യാ എക്സ്പ്രസും ഇൻഡിഗോയും വിജയകരമായി നടത്തി. ഈ പരിശോധനയുടെയും ഫ്‌ളൈറ്റ് ട്രയലുകളുടെയും അടിസ്ഥാനത്തിൽ വിമാനത്താവള ലൈസൻസ് ഉടൻ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയർപോർട്ടിന്റെ സുരക്ഷയ്ക്കായി 613 പേരെ നിയോഗിക്കാൻ സി.ഐ.എസ്.എഫ് തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നുമുതൽ ഇവരെ നിയമിച്ചുതുടങ്ങും. ഇമിഗ്രേഷനായി താത്കാലികാടിസ്ഥാനത്തിൽ കേരള പോലീസിനെ നിയോഗിക്കുമെന്നും വിമാനത്താവളത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനത്തിനായുള്ള നടപടിക്രമങ്ങൾ 2018ൽത്തന്നെ പൂർത്തീകരിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, മാനേജിംഗ് ഡയറക്ടർ വി. തുളസീദാസ്, ഡയറക്ടർ ബോർഡ് അംഗം എം.എ. യൂസഫലി, കമ്പനി സെക്രട്ടറി ജി. ജ്ഞാനേന്ദ്രകുമാർ തുടങ്ങിയവർ സംബന്ധിച്ചു.