തൃശൂർ: പട്ടിണിയുടെ കയ്പും കണ്ണീരും കുടിച്ച ബാല്യം; ടൺകണക്കിന് തേനെടുത്ത്, കിലോക്കണക്കിന് തേൻ കുടിച്ച് മധുരിച്ച യൗവനം. ഇപ്പോൾ 54വയസ്. 'ഹണിമാൻ' സജയകുമാറിന്റെ ജീവിതമാകെ തേൻപ്രവാഹമാണ്. അതിൽ അലിഞ്ഞ് ഭാര്യ സിന്ധു. തേനീച്ചകൾ നൽകിയ ജീവിതത്തിൽ പ്രകൃതിയും തേനും നിറഞ്ഞപ്പോൾ പുത്രന്മാർക്ക് പേരിട്ടു നേച്ചർ. നെക്ടർ...അവിണിശ്ശേരി മഠത്തിപറമ്പിൽ സജയകുമാറിന്റെ ആരോഗ്യ രഹസ്യം തേനാണ്. രോഗങ്ങളൊന്നും അടുക്കില്ല. അടുത്തിടെ വീണ് കാലൊടിഞ്ഞപ്പോഴാണ് ആദ്യമായി ആശുപത്രിയിൽ പോയത്. ഇൻജക്ഷൻ എടുക്കാനെത്തിയ നഴ്സിനോട് പറഞ്ഞു: 'വേണ്ട, തേനാണ് എന്റെ ഭക്ഷണം. മരുന്നുകൾ ഉപയോഗിക്കില്ല.' ഡോക്ടർ മുഖം ചുളിച്ചു. നാല് ഡോക്ടർമാരുടെ സംഘം കൂടിയാലോചിച്ച് പറഞ്ഞു: 'ശരി, ഒരു പരീക്ഷണത്തിന് ഞങ്ങളും തയ്യാർ'. പ്ലാസ്റ്ററിട്ട് സജയകുമാർ മടങ്ങി. നാലു മാസത്തിന് ശേഷം സ്‌കാൻ ചെയ്തപ്പോൾ മുറിവിന്റെ പാടുപോലുമില്ല. എല്ലൊടിഞ്ഞാൽ ഒരു പാടുണ്ടാകാറുണ്ടല്ലോ എന്നോർത്ത് ഡോക്ടർമാർ ഞെട്ടി. അവർ ഡയറ്റ് ചോദിച്ചു: ദിവസം 250 ഗ്രാം തേനും 800 മില്ലിലിറ്റർ വെള്ളവും അഞ്ച് നേരമായി കഴിക്കും. പിന്നെ പാഷൻഫ്രൂട്ട് അല്ലെങ്കിൽ ചെറുനാരങ്ങ.
മാമ്പഴം മോഷ്ടിച്ചെങ്കിലതേ...
മാമ്പഴം മോഷ്ടിച്ചതിനാണ് 16ആം വയസിൽ സജയകുമാറിനെ നാട്ടുകാർ തല്ലിയോടിച്ചത്. അമ്മ ആസ്ത്മാരോഗിയായി ആശുപത്രിയിൽ. അച്ഛന് വയനാട് മരക്കമ്പനിയിലായിരുന്നു പണി. ദിവസങ്ങളോളം അനുജനും ചേട്ടനും സജയകുമാറും പട്ടിണിയിലായി. ഒരു വിഷുനാളിൽ അനുജൻ വിശന്ന് കരഞ്ഞപ്പോൾ ഒന്നും ഓർത്തില്ല, അയൽവീട്ടിലെ മാവിലെ മാമ്പഴം പറിച്ചു. നാട്ടുകാർ പിടിച്ചു. അടിയോടടി. ഒടുവിൽ അയൽക്കാരൻ ചിമ്മിനി ഡാമിനടുത്തുളള കാട്ടിലെ തേനീച്ചവളർത്തൽ കേന്ദ്രത്തിൽ കാവൽക്കാരനായി ജോലി തന്നു. കൂലിയില്ല. ഭക്ഷണം മാത്രം. അവിടെ ജീവിതം വഴിതിരിഞ്ഞു. തേനീച്ചയുടെ മധുരജീവിതം പഠിച്ചു. വർഷങ്ങൾക്കു ശേഷം നാട്ടിലെത്തി തേനീച്ചക്കൃഷി തുടങ്ങി. നാലുപതിറ്റാണ്ട് തേനീച്ചകൾക്കൊപ്പം. വർഷം 100 150 പേർക്ക് പരിശീലനം നൽകി. ബഹുമതികളേറെ നേടി തേനീച്ച കർഷകനായി. തേൻവ്യാപാരിയായി. ജീവിതം കെട്ടിപ്പടുത്തു.ഭാര്യ സിന്ധു അദ്ധ്യാപികയാണ്. മക്കളായ നേച്ചർ ബി.എസ്.സി. അഗ്രികൾച്ചറും നെക്ടർ ബി.എസ്.സി. ഫുഡ് ടെക്‌നോളജിയും പഠിക്കുന്നു.
ഒമ്പത് വർഷത്തെ തേൻ തെറാപ്പി
മത്സ്യവും മാംസവും കഴിക്കില്ല. 2009ൽ തേൻ മാത്രം ഭക്ഷണമാക്കി. ഭാര്യ നിർബന്ധിച്ചപ്പോൾ മറ്റ് ഭക്ഷണം കഴിച്ചു പഴങ്ങളും വേവിക്കാത്ത പച്ചക്കറിയും മാത്രം. ഒമ്പതു വർഷത്തിനിടെ 20 മാസത്തോളം പല ഇടവേളകളിലായി 'തേൻഉപവാസം'. കന്നി ഒന്നിന് വീണ്ടും തുടങ്ങി. തേൻ കഴിച്ചാൽ ദിവസവും 200 ഗ്രാം ശരീരഭാരം കുറയുമെന്ന് സജയകുമാർ പറയുന്നു. ഒരു മാസം കഴിഞ്ഞാൽ കാര്യമായി കുറയില്ല.