മലയാളികളുടെ പ്രിയപ്പെട്ട നടനും നാടൻപാട്ടിന്റെ ഉസ്താദുമായിരുന്ന കലാഭവൻ മണി അന്തരിച്ചിട്ട് രണ്ട് വർഷം പിന്നിട്ടിട്ടും ഇപ്പോഴും അദ്ദേഹത്തിന്റെ ഓർമകൾ മായാതെ നിൽക്കുകയാണ്. ആ ഓർമകളിലേക്ക് അല്ല മണിയുടെ ജീവിതത്തിലേക്ക് പ്രേക്ഷകരെ വീണ്ടും ഒരിക്കൽ കൂടി കൊണ്ടുപോകുകയാണ് 'ചാലക്കുടിക്കാരൻ ചങ്ങാതി' എന്ന പേരിൽ വിനയൻ സംവിധാനം ചെയ്ത സിനിമ. യഥാർത്ഥത്തിൽ ഈ സിനിമ മണിക്കുള്ള ട്രൈബ്യൂട്ട് എന്നതിലുപരി അദ്ദേഹത്തിന്റെ അകാല മരണത്തിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്.
മണിയുടെ കഥ എല്ലാവർക്കും അറിയാം. അതിനാൽ തന്നെ സിനിമയുടെ കഥയിലേക്ക് കടക്കേണ്ടതില്ല. ദാരിദ്ര്യം നിറഞ്ഞ മണിയുടെ ബാല്യവും മിമിക്രി കലാകാരനാവുന്നതിന് മുന്പ് തെങ്ങ് കയറി ഉപജീവനം കഴിക്കേണ്ടി വന്ന മണി മുതൽ നടനായതു വരെയുള്ള കഥ കേരളത്തിലെ ഓരോ പുൽക്കൊടിക്കും കാണാപ്പാടമാണ്. ഇതെല്ലാം സിനിമയിൽ നമുക്ക് അനുഭവിച്ച് അറിയാനാകും.
മണിയുടെ ജീവിതത്തെ കൃത്രിമത്വങ്ങളില്ലാതെ അപ്പാടെ പകർത്തുകയാണ് വിനയൻ ചെയ്തിരിക്കുന്നത്. മണിയോടുള്ള അടുപ്പം മാത്രമല്ല താൻ ഏറെ ഇഷ്ടപ്പെടുന്ന നടൻ കൂടിയായ അദ്ദേഹത്തിന്റെ കഥ അഭ്രപാളികളിലേക്ക് പറിച്ചു നട്ടപ്പോൾ അതിൽ അതിഭാവുകത്വങ്ങൾ കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചില്ലെന്നത് മേന്മയാണ്. അതിന്റെ ഫലമോ, തികച്ചും സാധാരണക്കാരോട് പോലും സംവദിക്കുന്ന തലത്തിലേക്ക് സിനിമ എത്തുകയും ചെയ്തു.
കൊട്ടേണ്ടിടത്ത് കൊട്ടിയും പറയേണ്ടത് പറഞ്ഞു ചാഞ്ഞും ചെരിഞ്ഞും ഓടിയും ഇടയ്ക്കിടെ കിതച്ചുമുള്ളതാണ് സിനിമയുടെ സഞ്ചാരഗതി. ആദ്യ പകുതിയിൽ മണിയുടെ ബാല്യം മുതൽ മിമിക്രി കാലത്തെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു. രണ്ടാം പകുതിയിൽ നടനെന്ന നിലയിൽ മണിയുടെ ഉയർച്ചയും തനിക്ക് നേരിടേണ്ടി വന്ന വിവേചനങ്ങളും പറഞ്ഞു പോകുന്നു സംവിധായകൻ. രണ്ടാം പകുതിയിലെ പല രംഗങ്ങളും പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കുന്ന തരത്തിലുള്ളത്. തികഞ്ഞ മനുഷ്യസ്നേഹിയും കൂടെ നിൽക്കുന്നവർക്ക് ചങ്ക് പറിച്ചു കൊടുക്കാൻ തയ്യാറായിരുന്ന മണി വന്നവഴികൾ മറന്ന് പ്രവർത്തിച്ചിട്ടില്ലെന്ന് സിനിമ അക്കമിട്ട് നിരത്തുന്നു.
കഴിവുണ്ടായിട്ടും നിറത്തിന്റെ പേരിൽ വിവേചനം നേരിടേണ്ടി വന്നതിൽ മണിക്കുണ്ടായ മുറിപ്പാട് സിനിമയിലും മായാതെ തന്നെ നിൽക്കുന്നു. എന്നിട്ടും ആരോടും പരിഭവിക്കുകയോ പരാതിപ്പെടുകയോ ചെയ്യാതെ തന്റെ ജോലി ഭംഗിയായി നിറവേറ്റിയ മണിയുടെ ആത്മാർത്ഥതയും സംവിധായകൻ പറഞ്ഞു വയ്ക്കുന്നു.
മലയാള സിനിമയിലുള്ള പുഴുക്കുത്തുകളെ തുറന്ന് കാണിക്കാനും സംവിധായകൻ തന്റെ സിനിമയെ ഉപയോഗിച്ചിരിക്കുന്നു. മണിയെ പോലെ വിവേചനമോ അല്ലെങ്കിൽ വിലക്കോ നേരിടേണ്ടി വന്ന അന്തരിച്ച തിലകൻ എന്ന മഹാനടന്റെ പ്രതിരൂപം തിലോത്തമൻ എന്ന കഥാപാത്രങ്ങളിലൂടെ വന്നുപോകുന്നു. ഒരാളുടെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമയൊരുക്കുന്പോൾ അത് വലിയ വെല്ലുവിളി തന്നെയാണ്. ആ വെല്ലുവിളി നേരിടുന്നതിൽ വിനയൻ വിജയിച്ചിട്ടുണ്ട്. മിമിക്രിയും ജീവിതവും സെന്റിമെൻസും എല്ലാം ഒത്തുചേർന്ന സിനിമ മണിയുടെ കഥയോട് തീർത്തും നീതി പുലർത്തി.
മണിയുടെ വേഷത്തിലെത്തുന്ന രാജാമണി, അതേപേരിൽ തന്നെയാണ് അഭിനയിക്കുന്നത്. മണിയുടെ മാനറിസങ്ങൾ എല്ലാം തന്നെ മികച്ച രീതിയിൽ രാജാമണി സ്ക്രീനിലെത്തിച്ചു. തികച്ചും സാധാരണക്കാരനായ മണിയുടെ ജീവിതത്തിലേക്ക് ആഴ്‌ന്നിറങ്ങാൻ രാജാമണിക്ക് കഴിഞ്ഞിട്ടുണ്ട്. രാജാമണിയുടെ അച്ഛന്റെ വേഷത്തിലെത്തുന്ന മദ്യപാനിയായ സലിം കുമാറും മികച്ചുനിൽക്കുന്നു. മണിയുടെ വഴികാട്ടിയായ സംവിധായകനായി സുധീർ കരമനയും ഇരുത്തം വന്ന പ്രകടനമാണ് നടത്തുന്നത്.
ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സലിം കുമാർ, ജോജു ജോർജ്, ജോയ് മാത്യു, സുനിൽ സുഖദ, ഹണിറോസ്, പൊന്നമ്മ ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. മണിയുടെ പ്രിയപ്പെട്ട നാടൻപാട്ടുകൾ എല്ലാം തന്നെ സിനിമയിൽ അതുപോലെ പകർത്തിയിട്ടുണ്ട്.
വാൽക്കഷണം: മണിക്ക് പകരം മണി മാത്രം
റേറ്റിംഗ്: 3/5