a-padmakumar

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ റിവ്യൂ ഹർജി നൽകുന്ന കാര്യം ആലോചിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡ‌ന്റ് എ.പദ്മകുമാർ പറ‍ഞ്ഞു. ബുധനാഴ്ച ചേരുന്ന ബോർഡ് യോഗത്തിൽ ഇക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

കോടതി ഉത്തരവിനെ കുറിച്ച് തനിക്ക് അഭിപ്രായമുണ്ട്. എന്നാൽ,​ ഏകപക്ഷീയമായ തീരുമാനം എടുക്കാനാകില്ല. മുഖ്യമന്ത്രിയുമായും തന്ത്രി കുടുംബവുമൊക്കെയായും ആലോചിച്ചേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാകൂവെന്നും പദ്മകുമാർ പറഞ്ഞു. അമ്പലത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. വിശ്വാസികളായ സ്ത്രീകൾ പഴയ ആചാരപ്രകാരം മാത്രമെ ശബരിമലയിലേക്ക് എത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഭക്തരുടെ എണ്ണത്തിൽ 40 ശതമാനം വർദ്ധന ഉണ്ടാകുമെന്നാണ് കണക്ക്. ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കാൻ ഇനി 100 ഏക്കാർ കൂടി വേണ്ടിവരും. കോടതി വിധിയുടെ പശ്ചാത്തലത്തിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി  നിലയ്ക്കലിൽ 100 ഹെക്ടർ കൂടി വേണമെന്ന ആവശ്യത്തിന് മുഖ്യമന്ത്രി പിന്തുണ നൽകി. ശബരിമലയിൽ 100 ഏക്കറിന് ശ്രമിക്കാമെന്ന ഉറപ്പും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. കൂടുതൽ സൗകര്യം ഇപ്പോൾ ഒരുക്കാനാകില്ല. നിലവിലുള്ള സൗകര്യങ്ങൾ എല്ലാവരും ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.