gandhi

കടൽത്തീരങ്ങളും  ഉപ്പുചതുപ്പു നിലങ്ങളും കൂടെ മരുഭൂമികളുടെ ഉഷ്ണക്കാഴ്ചകളും ഏഷ്യൻ സിംഹങ്ങളെ  കാണാൻ കഴിയുന്ന അപൂർവ വനമേഖലകളുടെ നിറസാന്നിദ്ധ്യവും. പ്രകൃതിയും  ചരിത്രവും  വൈവിദ്ധ്യത്തോടെ നിറഞ്ഞു നിൽക്കുന്ന  മണ്ണായ ഗുജറാത്തിന്റെ പ്രാണവായുവിൽ  ചരിത്രസ്പന്ദനങ്ങൾ  മിടിച്ചു നിൽക്കുന്നു. വല്ലഭികൾ, മാൽവകൾ, സോളങ്കികൾ, പ്രതിഹാരകൾ, മുഗളർ തുടങ്ങിയ എത്രയോ രാജവംശങ്ങളുടെ മുദ്രകൾ പതിഞ്ഞ മണ്ണാണിത്. രാജഭരണത്തിന്റെയും അധിനിവേശത്തിന്റെയും കഥകൾ പറയുന്ന പുരാവസ്തു സങ്കേതങ്ങളും അനവധി. ഹാരപ്പൻ സംസ്‌കൃതിയുടെ അവശേഷിപ്പുകൾ നിറഞ്ഞ ധോളാവീര, ലോധൽ... ദ്വാരകയും പോർബന്തറുമടങ്ങിയ പടിഞ്ഞാറൻ ഗുജറാത്ത്   സൗരാഷ്ട്ര ബെൽറ്റ് എന്നാണ് അറിയപ്പെടുന്നത്. സൗരാഷ്ട്രയിലെ കത്തിയവാർ എന്ന ഉപദ്വീപിലെ നാട്ടുരാജ്യമായിരുന്ന പോർബന്തറിനെക്കുറിച്ചു  അറിയാത്ത ഭാരതീയർ ചുരുക്കം. ഓരോ ഇന്ത്യക്കാരന്റെയും ചരിത്രബോധത്തിലേക്കുള്ള  യാത്രയുടെ തുടക്കവും ആ  സ്ഥലനാമത്തിൽ നിന്നാണല്ലോ.

അഹമ്മദാബാദിലേക്കുള്ള യാത്ര ഒരു ഉത്സവക്കാലത്തായിരുന്നു. ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന  മനുഷ്യനിർമ്മിത തടാകങ്ങളായ കാൻകാരിയായും വസ്ത്രപ്പൂരും. കണ്ണാടിത്തുണ്ടുകൾ പതിച്ച ഉടുപ്പണിഞ്ഞു ഡാൻഡിയ നൃത്തം കളിക്കുന്ന അതിസുന്ദരികളും ആഹ്ലാദിക്കുന്ന ജനതയും. കർണാവതി എന്ന് പഴയ പേരുള്ള അഹമ്മദാബാദ്  ഗുജറാത്തിലെ ഏറ്റവും വലിയ നഗരമാണ്. സോളങ്കി രാജവംശത്തിലെ കർണദേവ് രാജാവിനെ ഓർമ്മിപ്പിക്കുന്ന പേര്. കിഴക്കിന്റെ പഴയ മാഞ്ചെസ്റ്റർ. ഉത്തരേന്ത്യൻ നഗരങ്ങളുടെ പൊതുവായ വൃത്തിയില്ലായ്മയും അച്ചടക്കമില്ലായ്മയും തിരക്കേറിയ ട്രാഫിക്കും  ഇവിടെയും സർവ സാധാരണമാണ്. സബർമതിയുടെ ഇരുകരകളിലുമായാണ് അഹമ്മദാബാദിന്റെ കിടപ്പ്. രാജസ്ഥാനിലെ ആരവല്ലി മലനിരകളിൽ നിന്നുത്ഭവിക്കുന്ന സബർമതി നദിക്കരയിലാണ് തന്റെ അനുയായികൾക്ക് സത്യാഗ്രഹത്തിന്റെ പാഠങ്ങൾ അഭ്യസിക്കാനും അനുഷ്ഠിക്കാനുമായി മഹാത്മാഗാന്ധി സ്ഥാപിച്ച സബർമതി ആശ്രമം. തണൽമരങ്ങളുടെ നിഴലിൽ ഏതാണ്ട്  36 ഏക്കറിലെ ശാന്തമായ ആശ്രമം. ഗാന്ധി തന്റെ  ജീവിതത്തിലെ ഒരു വ്യാഴവട്ടത്തിലേറെക്കാലം ചെലവഴിച്ച സ്ഥലം. മൗനം പോലും ഇവിടെ വാചാലമാണെന്ന് പറയാം. ആശ്രമത്തിലേക്കുള്ള മുഖ്യകവാടം കഴിഞ്ഞാൽ നേരെ എത്തുന്നത്  ഗാന്ധിജിയും  കസ്തൂർബാഗാന്ധിയും താമസിച്ചിരുന്ന ഹൃദയകുഞ്ചിലേക്കാണ്. അവിടെ അദ്ദേഹത്തിന്റെ എഴുത്തുമേശയും ചർക്കയും ഇരിപ്പിടങ്ങളുമെല്ലാം വളരെ ശ്രദ്ധയോടെ സൂക്ഷിച്ചിരിക്കുന്നു. തൊട്ടടുത്തു തന്നെ പ്രാർത്ഥനാമുറി കാണാം. ഗാന്ധി ശിഷ്യകളുടെ താമസസ്ഥലവും തൊട്ടടുത്തുണ്ട്.  പ്രശസ്തർ ആശ്രമത്തിൽ വരുമ്പോൾ താമസിച്ചിരുന്ന നന്ദിനി നിവാസ്, ആശ്രമവാസികളുമായി ഗാന്ധിജി സംവദിച്ചിരുന്ന സ്ഥലം... എന്നിങ്ങനെ ഒരിക്കലും മറക്കാത്ത ഗാന്ധി ഓർമ്മകളുടെ അടയാളപ്പെടുത്തലുകളാണ്  ആശ്രമത്തിലെ ഓരോ ഇടങ്ങളും.

ലോകപ്രശസ്ത ഇന്ത്യൻ വാസ്തുശില്പിയായ ചാൾസ് കോറിയ രൂപകൽപ്പന ചെയ്ത ഗാന്ധി സംഗ്രഹാലയം പ്രശാന്തമായ ഒരിടമാണ്. എണ്ണച്ഛായ ചിത്രങ്ങളും ഗാന്ധിജിയുടെ ആപ്ത വാക്യങ്ങളും ഗ്രന്ഥാലയവും നിറഞ്ഞ ഒരു മിനി മ്യൂസിയം തന്നെയാണിത്. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് ആലേഖനം ചെയ്ത ചുമരുകൾ. ഉടനീളം ഇഷ്ടിക കൊണ്ടുള്ള ചുമരുകളെ അലങ്കരിക്കുന്ന വർളി ചുമർചിത്രങ്ങൾ. വിനോബാഭാവെ താമസിച്ച വിനോബാ കുടീരം. ഖാദി വസ്ത്രങ്ങളുടെ പ്രചാരണവും ദണ്ഡി മാർച്ചും തുടങ്ങി ഇന്ത്യൻ സ്വാതന്ത്യ സമരത്തിന്റെയും  ദേശീയതയുടെയും നാഴികക്കല്ലായ മണ്ണു കൂടിയാണിത്. 1917 മുതൽ ഗാന്ധിജി കൊല്ലപ്പെടുന്ന വർഷം വരെയും സുപ്രധാനമായ പല ചരിത്ര സംഭവങ്ങളുടെയും നേർസാക്ഷ്യം വഹിച്ചിരുന്നു  പ്രശാന്ത സുന്ദരമായ ഈ  ഇവിടം.gandhi1

 

'ഖാദി ഒരു വസ്ത്രമല്ല, ഒരു തത്വശാസ്ത്രമാണ്' എന്നെഴുതിയ ചുമരുകൾ സബർമതിയിൽ നമ്മളെ സ്വാഗതം ചെയ്യും. ആശ്രമത്തിൽ അതിരാവിലെ പ്രാർത്ഥനയോടെയാണ്  ദിനചര്യകളുടെ തുടക്കം. ചർക്കയിൽ നൂൽനൂൽപ്പ്  ഇപ്പോഴുമുണ്ട്.വളരെ മിതമായ ഭക്ഷണരീതികളാണ്  ആശ്രമത്തിൽ പിന്തുടരുന്നത്. ഭജനും പതിവായി  ഉണ്ടാകും. ഗുജറാത്ത് കലാപസമയത്ത് വിവാദങ്ങളുടെ നിഴലിലായിരുന്ന ആശ്രമത്തിന്റെ  ഇന്നത്തെ പകിട്ടുകൾക്ക്  മാറി വരുന്ന ഭരണാധികാരികളുടെ  കയ്യൊപ്പുണ്ട്. ലാളിത്യത്തിൽ നിന്നു പതിയെ ആഢംബരത്തിലേക്കു ചുവടു വയ്ക്കുന്ന ആശ്രമം. അഹമ്മദാബാദിൽ നിന്നും നാനൂറു കിലോമീറ്റർ അകലെയാണ് പോർബന്തറിലെ സുധാമപുരി. ഇടുങ്ങിയ ഗലികൾ നിറഞ്ഞ ഭാട്ടിയ ബസാറിനുള്ളിലാണ്  23 മുറികളുള്ള ഗാന്ധിയുടെ പഴയ ഗൃഹം. വീടും  വീടിനോടു ചേർന്നുള്ള മ്യൂസിയവുമാണ് സഞ്ചാരികളുടെ പ്രധാന ലക്ഷ്യം. 1944 ൽ ആഗാഖാൻ കൊട്ടാരത്തിൽ നിന്നും ഗാന്ധിജി  ജയിൽ മോചിതനായപ്പോൾ ജന്മനാട്ടിലെ ജനങ്ങൾ  ആഹ്ലാദസൂചകമായി നിർമ്മിച്ച കീർത്തി മന്ദിർ ഇതിനോട് ചേർന്നു തന്നെയാണ്. ഹവേലികളെ അനുസ്മരിപ്പിക്കുന്ന നിർമ്മിതി. അത്യപൂർവമായ ഗാന്ധി ചിത്രങ്ങളും സ്മരണകളും നിറഞ്ഞു നിൽക്കുന്ന സ്ഥലം.

ചെറുബീച്ചുകളും ഞാറപ്പക്ഷികൾ നീന്തുന്ന ചതുപ്പിൻ തടാകങ്ങളും നിറഞ്ഞ, വിനോദയാത്ര ഭൂപടത്തിൽ അനാകർഷകമായി ശേഷിക്കുന്ന, ഒരു വശം അറബിക്കടലും മറുഭാഗം നഗരങ്ങളുമുള്ള പോർബന്തർ. തെരുവിലെമ്പാടും മേയുന്ന പശുക്കൾ. ബജ്രയും പരുത്തിയും നിലക്കടലയും വിളയുന്ന കൃഷിയിടങ്ങൾ. ഒരു മഹാത്മാവിന്റെ  കാൽപ്പാദമേറ്റ തെരുവുകൾ. അഹിംസ, സത്യം, അപരിഗ്രഹം, അസ്‌തേയം, ബ്രഹ്മചര്യം എന്ന ഘടകങ്ങളിൽ അടിയുറച്ചു ജീവിച്ച അദ്ദേഹത്തിന്റെ മരണശേഷം അവശേഷിച്ചിരുന്ന ഭൗതിക ഘടകങ്ങൾ പരിമിതമായിരുന്നു. തുളസീമാലയും മെതിയടിയും കണ്ണാടിയുമടങ്ങുന്ന അനാഢംബരമായ കുറെ ശേഷിപ്പുകൾ മാത്രം. 'രക്തമാംസങ്ങളോടെ ഇതുപോലെയൊരു മനുഷ്യൻ ഭൂമിയിൽ കൂടി കടന്നു പോയെന്നു വരും തലമുറ വിശ്വസിച്ചുവെന്നു വരികയില്ല, എന്നു ഐൻസ്റ്റീൻ പറഞ്ഞത് നമ്മുടെ ഈ രാഷ്ട്രപിതാവിനെപ്പറ്റിയാണ്.

1869 ഒക്ടോബർ 2 ന് പോർബന്തറിലെ ദിവാനായിരുന്ന കരം ചന്ദ്  ഉത്തം ഗാന്ധിയുടെയും പുത്ലി ഭായിയുടെയും ഏറ്റവും ഇളയമകനായിട്ടായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ  ജനനം. ഇന്നത്തെ പുതുതലമുറ തെരുവിലെ പ്രതിമയായും തപാൽ സ്റ്റാമ്പുകളിലെ പല്ലില്ലാത്ത ചിരിയായും നോട്ടുകളിലെ സാന്നിധ്യമായും മാത്രമായിരിക്കും അദ്ദേഹത്തെ അറിയുന്നത്. ഹൈസ്‌കൂൾ കാലത്തു തന്നെ വിവാഹിതനായ അദ്ദേഹം ബാരിസ്റ്റർ പഠനത്തിനായി ഇംഗ്ലണ്ടിലേക്കു കപ്പൽ കയറി. അവിടെവച്ചാണ് എല്ലാ മതഗ്രന്ഥങ്ങളും അദ്ദേഹം ഹൃദിസ്ഥമാക്കുന്നത്. പഠനം  പൂർത്തിയാക്കി തിരികെയെത്തിയെങ്കിലും വക്കീലായി ശോഭിക്കാൻ അദ്ദേഹം ഏറെ പാടുപെട്ടു. പിന്നീട് ദക്ഷിണാഫ്രിക്കയിലെ നേറ്റാളിൽ തന്റെ വക്കീൽ ജീവിതം ആരംഭിച്ച ഗാന്ധിയെ  അവിടെ നിലനിന്നിരുന്ന വർണവിവേചനം വല്ലാതെ അലട്ടി. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചതു ഒരു തീവണ്ടി യാത്രയായിരുന്നു. വെള്ളക്കാർക്കു മാത്രം സഞ്ചരിക്കാവുന്ന എ ക്ലാസ് കൂപ്പെയിൽ യാത്ര ചെയ്തതിന് ഗാന്ധിയെ മർദ്ദിക്കുകയും പിന്നീട് പീറ്റേഴ്സ് മരിറ്റസ്ബെഗ് എന്ന സ്റ്റേഷനിൽ ഇറക്കി വിടുകയും ചെയ്ത ആ തണുത്ത രാത്രിയിൽ വർണ വിവേചനം എന്ന അധമചിന്തക്കെതിരെ അതിശക്തമായി പോരാടാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പരീക്ഷണ ശാല. അവിടെ താൻ സ്ഥാപിച്ച ടോൾസ്റ്റോയ് ഫാം, ഫീനിക്സ് ഫാം എന്നിവയിൽക്കൂടി പരീക്ഷിച്ചു വിജയിച്ച ജീവിതക്കൂട്ടായ്മയാണ് പിന്നീട് സബർമതി ആശ്രമം സ്ഥാപിച്ചതിനു പിന്നിൽ. അവിടെ വച്ചാണ് ഏതുതരത്തിലുള്ള പീഡനത്തെയും അടിച്ചമർത്തലുകളെയും നേരിടാൻ തയ്യാറാകുന്ന ആത്മനിഷ്ഠമായ ശക്തിയാണ് ഒരു സത്യാഗ്രഹി സ്വന്തമാക്കേണ്ടത് എന്ന് അദ്ദേഹം തീരുമാനിച്ചത്.അഹിംസയെന്നാൽ മറ്റൊരുവന് ദോഷം ചെയ്യാതിരിക്കാൻ മാത്രമല്ല തന്നോട് തെറ്റ് ചെയ്തവനോട്  ക്ഷമിക്കുവാനുള്ള സന്നദ്ധതയും കൂടിയാവണം.സത്യം ലക്ഷ്യവും അഹിംസ അതിലേക്കുള്ള മാർഗവുമായിരിക്കണം.

22 വർഷത്തോളം  ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്കാരുടെയും മറ്റു ഏഷ്യക്കാരുടെയും അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നിരന്തരമായി പരിശ്രമിച്ച ശേഷം 1915 ൽ ഇന്ത്യയിലേക്ക് മടങ്ങിയ അദ്ദേഹം ആദ്യം ഒരു ഭാരതയാത്ര നടത്തുകയാണ് ചെയ്തത്. ഇന്ത്യയിൽ  ഗാന്ധിജിയുടെ വരവോടു കൂടി കാലങ്ങളായി അടിമത്തത്തിലാണ്ടുകിടന്ന ഭാരതീയ ജനതയ്ക്ക് പുതിയ ഒരുണർവ് ലഭിച്ചു. ബീഹാറിലെ നീലം കൃഷിക്കാർക്കായുള്ള  ചമ്പാരൻ സമരത്തിൽക്കൂടി ഗാന്ധിജി  ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ഈ സമരമുഖങ്ങളിൽ കർഷകർക്ക്  ശുചിത്വത്തിന്റെയും  ആരോഗ്യത്തിന്റെയും സന്ദേശം പകർന്നു ഗാന്ധി പത്നി കസ്തൂർബയും ഒപ്പം ചേർന്നു. വ്യത്യസ്ത മതക്കാർ തിങ്ങി ജീവിച്ചിരുന്ന ഭാരതത്തിൽ  ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയത്തെ സാമുദായിക ഐക്യം നിലനിർത്താനുള്ള ശ്രമങ്ങൾ കൊണ്ടാണ് ഗാന്ധിജി പ്രതിരോധിച്ചത്. തന്റെ ഏറ്റവും വലിയ സമര ആയുധമായ ഉപവാസം അദ്ദേഹം ആദ്യമായി പ്രയോഗിച്ചത്  ഗുജറാത്തിലെ ഖേദയിലെ കർഷകസമരത്തിലാണ്.  അതോടെ സഹനത്തിന്റെയും   സ്‌നേഹത്തിന്റെയും  ആധാരശിലകളുള്ള ഒരു പുതിയ സമരമുറയ്ക്ക്  ഇന്ത്യയും സാക്ഷ്യം വഹിച്ചു. ഉയർന്ന ജീവിത നിലവാരമുള്ളവരുടെ മാത്രം  താത്പര്യമായിരുന്ന പത്രവായനയെ സാധാരണക്കാരുടെ ഇടയിലേക്കെത്തിക്കാനായി   അദ്ദേഹത്തിലെ മാധ്യമപ്രവർത്തകൻ നിരന്തരം പരിശ്രമിച്ചു. പത്രമെന്നത് അങ്ങനെ ആശയവിനിമയത്തിനുള്ള ഉപാധി കൂടിയായി. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്ന് വിശ്വസിച്ച ഗാന്ധിജി ഗ്രാമീണ ഇന്ത്യയിലെ കുടിൽ വ്യവസായങ്ങളെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചു. അയിത്തോച്ചാടനം,ഹരിജനോദ്ധാരണം, മദ്യവർജ്ജനം എന്നിങ്ങനെ വ്യത്യസ്തമായ പ്രവർത്തനരീതികൾ കണ്ടു ബ്രിട്ടീഷ്  നേതൃത്വം അക്ഷരാർത്ഥത്തിൽ അമ്പരക്കുക തന്നെ ചെയ്തു. രാജ്യവികസനമെന്നത് അടിസ്ഥാന സമൂഹത്തിൽ നിന്നുണ്ടാകേണ്ട ഒന്നാണെന്ന് അദ്ദേഹം വിശ്വസിച്ചു.പല കോണുകളിലായി ചിതറിക്കിടന്നിരുന്ന ഇന്ത്യൻ ദേശീയപ്രസ്ഥാനം ഗാന്ധിജിയെന്ന അച്ചുതണ്ടിൽ സഞ്ചരിക്കാൻ തുടങ്ങി.

1913 -14 കാലഘട്ടത്തിൽ നേതൃനിരയിലേക്ക് കടന്നു വന്നെങ്കിലും ദേശീയതയുടെ ആയുധമായാണ് അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും കണ്ടത്. വർഷങ്ങൾക്കു മുൻപ്  മുംബയ്  കോടതിയിലെ വ്യവഹാര വേദിയിൽ ശരീരം വിറച്ചു ഒരക്ഷരം പോലും പറയാനാകാതെ നിന്ന ഭൂതകാലത്തിൽ നിന്നും 1916 ൽ ബനാറസ് സർവകലാശാല സ്ഥാപനത്തോട് അനുബന്ധിച്ചു നടത്തിയ പ്രസംഗം ശ്രോതാക്കളെ  ഇളക്കി മറിക്കുകയും  ജനവികാരത്തെ അത്യധികം ജ്വലിപ്പിക്കുകയും ചെയ്യുന്നത് കണ്ടു വേദിയിലുണ്ടായിരുന്ന ആനിബസന്റിന്  ഗാന്ധിയുടെ സുരക്ഷ കണക്കാക്കി പ്രസംഗം നിർത്തി വയ്ക്കാൻ ആവശ്യപ്പെടേണ്ടി വന്നു. ആ  പ്രസംഗത്തോടെ  സദസിലുണ്ടായിരുന്ന യുവാവായ വിനോബാഭാവെ ഗാന്ധിജിയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. 1920 നാണ് ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയത്. റൗലറ്റ്  ആക്ടിനെതിരായി ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനും ഖിലാഫത്ത്  സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുമാണ് അദ്ദേഹം കേരളത്തിലെത്തിയത്. ഭാരതത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കാതെ താനിനി സബർമതിയിലേക്കു തിരികെ വരില്ലെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു.  ജൊഹാനസ്ബർഗിൽ ആരംഭിച്ച ജയിൽ ജീവിതം ഇന്ത്യയിലും അദ്ദേഹത്തെ കാത്തിരിപ്പുണ്ടായിരുന്നു.തന്റെ ജീവിതകാലയളവിൽ ആറു വർഷത്തോളം അദ്ദേഹം ജയിലിനുള്ളിൽ തന്നെ ആയിരുന്നു .'എന്റെ ശരീരത്തെ  നിങ്ങൾക്ക്  തടവിലാക്കാം, മനസിനെ ചങ്ങലയ്ക്കിടാനാകില്ല.' എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അദ്ദേഹത്തിന്റെ സ്വദേശിവ്രതവും വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്. 'യംങ് ഇന്ത്യ' യിൽ ഗാന്ധിജി ഇങ്ങനെ പരാമർശിക്കുന്നു... 'ഇന്ത്യ ഉയരുമ്പോൾ ലോകം മുഴുവനും ഉയരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, മറ്റു രാഷ്ട്രങ്ങളുടെ വിനാശങ്ങൾക്കു മുകളിൽ ഇന്ത്യ ഉയരണമെന്ന്  ഞാൻ ആഗ്രഹിക്കുന്നേയില്ല.'gandhi2

സബർമതി  ആശ്രമത്തിൽ നിന്നും ദണ്ഡി കടപ്പുറം വരെ നീണ്ട ഉപ്പു സത്യാഗ്രഹസമരത്തിൽ അറുപത്തിയഞ്ചുകാരനായ ഗാന്ധിജി ഒരു യുവാവിനെപ്പോലെ യാത്ര ചെയ്തു. അധിനിവേശത്തിനെതിരെയുള്ള ആഗോളസമരങ്ങളിലെ തിളക്കമേറിയ അധ്യായമാണ് ഇന്നും ദണ്ഡിയാത്ര. സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകളായ നിസ്സഹകരണ പ്രസ്ഥാനം, സിവിൽ നിയമലംഘന പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം എന്നിവ  ബ്രിട്ടീഷ്  നേതൃത്വത്തെ ആകെ ഉലച്ചു കളഞ്ഞു. ഒടുവിൽ 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ  ആ ആഘോഷങ്ങളിലൊന്നും പങ്കു ചേരാതെ ബംഗാളിലെ നവഖാലിയിൽ സാമുദായിക സൗഹാർദ്ദം സ്ഥാപിച്ചെടുക്കാനുള്ള തീവ്രയത്നത്തിലായിരുന്നു അദ്ദേഹം. നഗ്നപാദനായി ഗ്രാമങ്ങളിലൂടെ അദ്ദേഹം സഞ്ചരിച്ചു. അവസാന കാലഘട്ടങ്ങളിൽ ഇന്ത്യാവിഭജനം ഗാന്ധിയെ ദുഃഖിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ  ജീവിതം കൂടുതൽ പ്രാർത്ഥനാപൂർണമായി. വിഭജനകാലം പഞ്ചാബിലും കൊൽക്കത്തയിലുമായിരുന്നു അക്രമം അഴിഞ്ഞാടിയത്. കൊൽക്കത്തയിലെ ജനങ്ങൾ ആദ്യം കുപ്പിച്ചില്ലുകളെറിഞ്ഞാണ് ഗാന്ധിജിയെ സ്വീകരിച്ചത്. അദ്ദേഹം പിന്മാറാതെ അവർക്കിടയിലേക്കിറങ്ങിച്ചെന്നു. ശ്രോതാക്കളുടെ  എണ്ണം കൂടിക്കൊണ്ടിരുന്നു. അങ്ങനെ പതിയെ കലാപം കെട്ടടങ്ങി. എന്നാൽ അരലക്ഷം പട്ടാളക്കാരെ വിന്യസിച്ചിരുന്ന പഞ്ചാബിൽ സ്ഥിതി നിയന്ത്രണാതീതമായിരുന്നു. ആ വേളയിൽ മൗണ്ട് ബാറ്റൺ ഗാന്ധിജിക്കു ഒരു സന്ദേശമയച്ചു. 'അരലക്ഷം പട്ടാളക്കാരുള്ള പഞ്ചാബിൽ  അക്രമം ശമിക്കുന്നതേയില്ല എന്നാൽ കൊൽക്കത്തയിൽ ഒരേ ഒരു ഭടൻ മാത്രമേയുള്ളൂ എങ്കിലും ലഹള ശമിച്ചു...'

സഹനസമരങ്ങളുടെയും ലളിത രീതികളുടെയും പാഠങ്ങൾ നമുക്ക് പകർന്നു നൽകിയ ഒരു  ജീവിതമായിരുന്നു അദ്ദേഹത്തിന്റേത് . എല്ലാ രീതിയിലും സ്വാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിതജീവിതം നയിച്ച് അദ്ദേഹം എല്ലാവർക്കും മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു.സസ്യാഹാരം മാത്രം ഭക്ഷിച്ചു. 30 വർഷങ്ങൾ  സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരയിൽ തന്നെ തന്റെ ജീവിതം ചെലവഴിച്ചു . കുപ്പായമിടാതെ നടക്കുന്ന ഗാന്ധിജിയെ പരിഹസിച്ച കുട്ടിയോട് ഇന്ത്യയിലെ നാൽപ്പതു കോടി ജനങ്ങളും കുപ്പായമിടുമ്പോൾ മാത്രമേ താനും ധരിക്കൂ എന്നു പറഞ്ഞു അദ്ദേഹം മടക്കി . ഒറ്റ വസ്ത്രം മാത്രമുള്ള ഒരു സ്ത്രീ പുഴക്കരയിൽ നിന്ന് തന്റെ വസ്ത്രത്തിന്റെ ഒരറ്റം അരയിൽ കെട്ടി മറ്റേത്തലപ്പു കഴുകിയുണക്കുന്നതു കണ്ടു മനസ് നൊന്ത ഗാന്ധി തന്റെ തലപ്പാവ് നദിയിലൂടെ ഒഴുക്കി ആ സ്ത്രീയുടെ അരികിലെത്തിച്ചു.അവർ  അത് സ്വീകരിക്കുന്നത് നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്ന ഗാന്ധി ആ സംഭവത്തോടെ തന്റെ ശിരോവസ്ത്രവും ഉപേക്ഷിച്ചു. വിദ്യാർത്ഥി ആയിരുന്ന കാലം ഇംഗ്ലീഷുകാരുടെ വസ്ത്രധാരണ രീതി അനുകരിക്കാൻ ശ്രമിച്ച അദ്ദേഹം പിൽക്കാലത്തു അർദ്ധ നഗ്നനായ ഫക്കിർ എന്നറിയപ്പെട്ടു. 1948 ജനുവരി 30 ഒരു വെള്ളിയാഴ്ച വൈകുന്നേരം ഡൽഹിയിലെ ബിർളാമന്ദിറിൽ ഒരു പ്രാർത്ഥനയോഗത്തിൽ പങ്കെടുക്കവെ നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് വീഴും വരെയും കർമ്മനിരതമായ ജീവിതമായിരുന്നു ഗാന്ധിയുടേത്. 'നമ്മുടെ ജീവിതത്തിൽ നിന്നും പ്രകാശമകന്നിരിക്കുന്നു. എല്ലായിടത്തും അന്ധകാരമാണ്' എന്നു പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആകാശവാണിയിൽ കൂടി ഗദ്ഗദകണ്ഠനായി ആ വാർത്ത ലോകത്തെ അറിയിച്ചു. ലോകം കണ്ണുനീരോടെ അത് ശ്രവിച്ചു.
(ലേഖികയുടെ ഇമെയിൽ remyasanand@gmail.com)