അടിപതറാത്ത ആദർശവും സത്യസന്ധതയും ലാളിത്യവും കൊണ്ട് ജീവിതത്തിലെന്നും ഉറച്ച ഗാന്ധിമാർഗത്തിൽ നടന്ന ഒരു മനുഷ്യായുസ്. തിരുവനന്തപുരം വഴുതക്കാട്ടെ ഷ്രോഫ് വസതിയിൽ വിശ്രമജീവിതം നയിക്കുന്ന പ്രശസ്ത അഭിഭാഷകനും രാഷ്ട്രീയ പ്രവർത്തകനും ഗാന്ധിയനുമായ കെ. അയ്യപ്പൻ പിള്ളയെ ഇങ്ങനെ നിർവചിക്കാം. കുട്ടിക്കാലത്ത് മനസിൽ പതിഞ്ഞ ഗാന്ധിയെന്ന രണ്ടക്ഷരത്തെ ഇപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ട് അദ്ദേഹം. ജീവിതത്തിലുടനീളം ത്യാഗമനസ്‌കതയും ലളിത ജീവിതവും പിന്തുടരാൻ അദ്ദേഹത്തിന് പ്രചോദനമായതും ഗാന്ധിയെന്ന നന്നേ ചെറുപ്പത്തിൽ മനസിൽ കൊത്തിയെടുത്ത രൂപം തന്നെ. മലബാറിൽ നിന്നും ഹരിജനയാത്രയുമായി ഗാന്ധിജി തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു അയ്യപ്പൻ പിള്ള അദ്ദേഹത്തെ കണ്ടത്. അധികമാർക്കും കിട്ടാത്ത ആ മഹാഭാഗ്യം തന്നെയാണ് ഇപ്പോഴും അയ്യപ്പൻ പിള്ളയുടെ ജീവിതവ്രതം. നൂറ്റിനാലിലെത്തി നിൽക്കുന്ന ജീവിതത്തിലും ഖദർ വേഷധാരിയായി തൂവെള്ള വേഷത്തിൽ ആ ഓർമ്മകളിൽ അദ്ദേഹം പുഞ്ചിരിക്കുന്നു. ഗാന്ധിജിയുടെ കൈപിടിച്ച് അന്ന് നടന്ന ഓർമ്മയെല്ലാം ഇന്നും പച്ചയാർന്ന് മനസിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ജീവിതലാളിത്യത്തിന് പിന്നിലും മറ്റൊരു കാരണമില്ല, ഗാന്ധിയെന്ന കണ്ണിലും മനസിലും നിറഞ്ഞ രൂപം മാത്രം.
1934 കാലത്തായിരുന്നു ഗാന്ധിജി തിരുവനന്തപുരത്തെത്തിയത്. അന്ന് ആർട്സ് കോളേജിൽ പഠിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമരസേനാനിയുമായ ജി. രാമചന്ദ്രനായിരുന്നു അന്നു നടന്ന യോഗത്തിലേക്ക് അയ്യപ്പൻ പിള്ളയെ വിളിച്ചത്. ഗാന്ധിജിയെ വേദിയിലെത്തിക്കുന്നതിനുള്ള ചുമതലയും നൽകി. നീണ്ടുമെലിഞ്ഞ് തിരക്കിട്ടുനടക്കുന്ന രൂപം വലിയ വിസ്മയമായിരുന്നു അയ്യപ്പൻപിള്ളയ്ക്ക് സമ്മാനിച്ചത്. വളരെ മൃദുലമായ കൈകളായിരുന്നു ഗാന്ധിജിയുടേത്. കൂടെയുണ്ടായിരുന്ന സഹപാഠിയായിരുന്നു കൈനിക്കര ഗോവിന്ദ പിള്ളയുടെ അടുത്ത് ഈ കാര്യം പറഞ്ഞു. ഗാന്ധിജി എപ്പോഴും ആട്ടിൻപാൽ കുടിക്കുന്നതു കൊണ്ടാണ് കൈകൾ അത്രയും മൃദുവായിരിക്കുന്നത് എന്നായിരുന്നു ഗോവിന്ദപിള്ളയുടെ അഭിപ്രായം. വേദിയിലേക്ക് നടന്നു പോകുമ്പോൾ കൂടെയുണ്ടായിരുന്ന മിടുക്കനായ ചെറുപ്പക്കാരനോട് ഗാന്ധിജി ഒരു ചോദ്യം ചോദിക്കാൻ മറന്നില്ല, എന്തു ചെയ്യുകയാണ് എന്നായിരുന്നു ചോദ്യം. പഠിക്കുകയാണെന്നും അതിനുശേഷം സർക്കാർ സർവീസിൽ ഒരു ജോലിക്ക് ശ്രമിക്കുമെന്നായിരുന്നു മറുപടി. അതുകേട്ട മാത്രയിൽ തന്നെ ഗാന്ധിജി തന്റെ വിയോജിപ്പ് പ്രകടമാക്കി. രാജ്യത്തിനു വേണ്ടി പ്രവർത്തിക്കാനും പാവങ്ങൾക്കു വേണ്ടി ജീവിതം മാറ്റിവയ്ക്കണമെന്നുമായിരുന്നു ഗാന്ധിജിയുടെ ആഹ്വാനം. ബിരുദപഠനത്തിനുശേഷം സർക്കാർ ജോലി ഉറപ്പാക്കിയിരുന്ന അദ്ദേഹത്തിന്റെ മനസിലേക്കായിരുന്നു ആ ചോദ്യം ചെന്നു തറിച്ചത്. അത്ര ചെറുതായിരുന്നു ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ച എങ്കിലും ആ വാക്കുകൾ ആ യുവാവിലുണ്ടാക്കിയ സ്വാധീനം വളരെ വലുതായിരുന്നു. വിദ്യാസമ്പന്നരായ യുവജനങ്ങൾ രാഷ്ട്രസേവനത്തിനിറങ്ങേണ്ട കാലഘട്ടമായിരുന്നു യഥാർത്ഥത്തിൽ അക്കാലം. അതുവരെ പരിചയപ്പെട്ടിട്ടില്ലാത്ത പുതിയ വെളിച്ചമായിരുന്നു ഗാന്ധിജിയുടെ നിർദ്ദേശം അയ്യപ്പൻ പിള്ളയിലുണ്ടാക്കിയത്. പഠനശേഷം ജോലിയുമായി മുന്നോട്ടു പോകാമെന്ന സാധാരണജീവിതത്തെ മാറ്റി മറിച്ച വിശ്വാസമായിരുന്നു അത്. അന്നുവരെയുണ്ടായിരുന്ന ജീവിതത്തെ വഴിതിരിച്ചു വിട്ട ചോദ്യമായിരുന്നു അതെന്നും പറയാം. പിന്നീടുള്ള അയ്യപ്പൻപിള്ളയുടെ ജീവിതത്തെ സ്വാധീനിക്കാനും അന്ന് ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ച സഹായിച്ചു.
കുട്ടിക്കാലത്ത് അയ്യപ്പൻ പിള്ള ഫിഫ്ത്ത് ഫോറത്തിൽ, അന്നത്തെ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴേ വീട്ടിൽ ചർക്ക ഉപയോഗിച്ച് നൂലുണ്ടാക്കിയിരുന്നു. അതുപയോഗിച്ചായിരുന്നു അന്നത്തെ ഉടുപ്പുകൾ നെയ്‌തെടുത്തത്. സിൽക്ക് പോലെയുള്ള വസ്ത്രങ്ങളൊന്നും അന്നുമുതൽ ഉപയോഗിച്ചിട്ടില്ല. സ്വാതന്ത്ര്യസമരത്തോടു ചേർന്നു നടക്കാനുള്ള മനസ് അയ്യപ്പൻ പിള്ളയിൽ പാകപ്പെട്ടതും ആ കാലത്തായിരിക്കണം. ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പിന്നീടുള്ള ജീവിതം മഹാത്മാവിന്റെ വാക്കുകൾ മനസിലേറ്റിക്കൊണ്ടായിരുന്നു. അയ്യപ്പൻപിള്ളയുടെ പഠനശേഷം സെക്രട്ടേറിയറ്റിൽ ജോലി ലഭിക്കാനുള്ള സാഹചര്യമെല്ലാം അച്ഛൻ കുമാരപിള്ള ഒരുക്കി വച്ചിരുന്നു. എന്നാൽ അങ്ങനെയുള്ള ഒരു ജീവിതത്തോട് അയ്യപ്പൻപിള്ളയ്ക്ക് യാതൊരു തത്പര്യവും തോന്നിയില്ല. അതിനേക്കാളുപരി നാടിനോടൊപ്പം ചേർന്ന് സമരചരിത്രത്തിന്റെ ഭാഗമാകാനും പ്രവർത്തിക്കാനുമായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. ഈ കാര്യം അച്ഛനോട് പറഞ്ഞപ്പോൾ ആദ്യം അദ്ദേഹം വിഷമിച്ചു എങ്കിലും ഇഷ്ടമുള്ള പാതയിൽ മുന്നോട്ടുപോകാൻ അനുമതി നൽകി. മക്കൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾക്ക് നിർബന്ധിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല അദ്ദേഹം. അങ്ങനെയാണ് അയ്യപ്പൻപിള്ള തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനത്തിന് ചേർന്നത്.
അച്ഛൻ കുമാരപിള്ള വിരമിച്ചപ്പോൾ. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അയ്യപ്പൻ പിള്ള അംഗത്വമെടുത്തു സജീവമായി തന്നെ രാഷ്ട്രീയത്തിലിറങ്ങി. അങ്ങനെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്നു പ്രവർത്തിക്കാനുള്ള ഗാന്ധിജിയുടെ നിർദ്ദേശവും ജീവിതത്തിൽ നടപ്പിലാക്കി. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായപ്പോൾ അതിന്റെ സ്ഥാപകാംഗങ്ങളിലൊരാളായിരുന്നു അയ്യപ്പൻ പിള്ള. അതോടൊപ്പം തന്നെ നിയമപഠനവും പൂർത്തിയാക്കി. നിയമവിദഗ്ദ്ധനായി തിരക്കിലായപ്പോഴും നാടിനു വേണ്ടി പ്രവർത്തിക്കാനും സമയം കണ്ടെത്താനും അദ്ദേഹം മറന്നിരുന്നില്ല. രാഷ്ട്രീയ സൗഹൃദങ്ങളെയും ഗാന്ധിമാർഗത്തെയും ജീവിതത്തിലുടനീളം അദ്ദേഹം മുറുകെ പിടിച്ചു. 1942ൽ തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാപിച്ചപ്പോൾ വലിയശാല ഡിവിഷനിൽ നിന്നും വിജയിച്ചിരുന്നു. വിശ്രമജീവിതത്തിലും ഗാന്ധിമാർഗത്തിലൂടെയാണ് ജീവിതം. വാക്കിലും നടപ്പിലും പ്രവർത്തിയിലുമെല്ലാം ഗാന്ധിജിക്കപ്പുറം മറ്റൊരു വാക്കില്ല അദ്ദേഹത്തിന് ജീവിതമാതൃകയായി പറയാൻ. സ്വജീവിതം തന്നെയാണ് അയ്യപ്പൻപിള്ള മറ്റുള്ളവർക്കുള്ള സന്ദേശമാക്കുന്നത്.