മഹാത്മാ ഗാന്ധിജിയുടെ നെയ്യാറ്റിൻകര സന്ദർശനം ജീവിതപുണ്യങ്ങളുടെ നേർക്കാഴ്ചയായി പ്രശസ്ത ഗാന്ധിയൻ പി. ഗോപിനാഥൻ നായർ ഇപ്പോഴും ഓർമ്മയുടെ അണയാത്ത കനൽച്ചെപ്പുകളിൽ സൂക്ഷിച്ചിരിക്കുന്നു. ഗാന്ധിജി നെയ്യാറ്റിൻകര സന്ദർശിക്കുമ്പോൾ കേവലം പതിനൊന്ന് വയസ് മാത്രം പ്രായമുണ്ടായിരുന്ന ഗോപിനാഥൻനായർ ആ കാഴ്ച കണ്ടത് ഇന്നലെ നടന്ന പോലെ ഓർമ്മിക്കുന്നു. തൊണ്ണൂറ്റിയേഴ് വയസിലും ഗോപിനാഥൻ യുവത്വത്തിന്റെ പ്രസരിപ്പോടെയാണ് അദ്ദേഹം ഓർമ്മകൾ പങ്കുവയ്ക്കുന്നത്. കേരളത്തിന്റെ സാമൂഹ്യ ജീവിതം ഇന്നു കണുന്നതിനേക്കാൾ തികച്ചും വ്യത്യസ്തമായിരുന്നു അന്നത്തെ കാലത്ത്.എന്നു പറഞ്ഞാൽ മഹാത്മജി കേരളത്തിലെത്തിയത് 1934 ലായിരുന്നു. ജനജീവിതം ആകെ ദരിദ്രപൂർണമായിരുന്നു. നിരത്തുകളിൽ ആൾത്തിരക്കോ റോഡരുകിൽ കടകളോ അന്നില്ല. ജാതിയുടെ ഉച്ചനീചത്വം കാരണവും ജനങ്ങൾ പരസ്പരം അടുക്കുവാൻ മടിച്ചിരുന്ന കാലം. ഭാരത്തിന്റെ ഭരണസാരഥ്യം ബ്രിട്ടീഷുകാർക്കാണെങ്കിലും കേരളം അവരോടുള്ള ഭരണവിധേയത്വത്തിന്റെ കാര്യത്തിൽ വ്യത്യസ്തത പുലർത്തിയിരുന്നു.
ആധുനിക തിരിവിതാംകൂറിന് രൂപം നൽകിയതിൽ പ്രധാനികൾ ശ്രീ മാർത്താണ്ഡവർമ്മ മഹാരാജാവും അന്നത്തെ ദിവാനായിരുന്ന രാമയ്യൻ ദളവയും ആയിരുന്നു. ഇടപ്രഭുക്കന്മാരുടെ നാട്ടുരാജ്യങ്ങൾ ചേർന്ന് അന്ന് തിരുവിതാം കൂർ സംസ്ഥാനം രൂപം കൊണ്ടു, എങ്കിലും ജനജീവിതത്തിൽ പറയത്തക്ക മാറ്റം ഒന്നും തന്നെ ഉണ്ടായില്ല. ഭൂവുടമകളുടെ കീഴിൽ മുഖ്യ തൊഴിലായ കൃഷിപ്പണി തുടർന്നു. അതിൽ സഹായിച്ചിരുന്നവർ കീഴ്ജാതിക്കാർ എന്ന പേരിൽ അടിമപ്പണി ചെയ്യുന്നവരായി മാറി. കാടിനെയും പുറംപോക്കായ സ്ഥലങ്ങളെയും ആശ്രയിച്ചു ജീവിച്ച ഒരു ജനത തൊട്ട് കൂടാത്തവരും തീണ്ടി കൂടാത്തവരുമായി തീർന്നു.കൊട്ടാരത്തോട് ബന്ധപ്പെട്ടവർ മേൽ ജാതിക്കാർ,കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവർ കീഴ്ജാതിക്കാർ എന്ന നിലയിൽ രണ്ട് തട്ടുകളിലായിരുന്നു അന്ന് ജനജീവിതം. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഭാരതത്തിൽ ഒട്ടാകെ എതിർപ്പുകൾ തുടങ്ങിയ കാലമായിരുന്നു അത്. പഴയ വ്യവസ്ഥകൾക്കും നിയമങ്ങൾക്കും ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങി.പക്ഷേ ജാതി വ്യവസ്ഥയിൽ ഒരു മാറ്റവും വരുത്താതെ ഭാരതത്തിന്റെ ശക്തി വളരില്ല എന്ന് ഗാന്ധിജിക്ക് പൂർണ ബോധ്യമായി. തീണ്ടൽ എന്ന അനാചാരം മാറ്റി എല്ലാ ജനങ്ങളേയും തുല്യ നീതിക്ക് അധികാരികളാക്കാതെ ഭാരതം സ്വതന്ത്രമാകില്ല എന്ന ചിന്ത മഹാത്മാഗാന്ധിയെ അധഃകൃതർക്കു വേണ്ടി ഒരു പ്രസ്ഥാനം തുടങ്ങുവാൻ പ്രേരിപ്പിച്ചു.അങ്ങനെ 'ഈശ്വരന്റെ മക്കൾ' എന്ന് അർത്ഥം വരുന്ന ഹരിജനങ്ങൾ എന്ന് കഷ്ടത അനുഭവിക്കുന്ന ഒരു ജനവിഭാഗത്തെ ഗാന്ധിജി വിശേഷിപ്പിച്ചു. അപ്രകാരം ഹരിജന പ്രസ്ഥാനം രൂപം കൊള്ളുകയും അതിന്റെ ഉന്നമനത്തിനായി ഭാരതം മുഴുവൻ മഹാത്മജി പര്യടനം നടത്തുകയും ചെയ്തു.ഈ സഞ്ചാരത്തിന്റെ മദ്ധ്യേ 1934 ൽ ഗാന്ധിജി കേരളത്തിൽ എത്തി. തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേക്കു പോകുന്ന വഴിയിൽ നെയ്യാറ്റികരയിൽ ഗാന്ധിജിക്ക് ഒരു സ്വീകരണം നൽകി. നെയ്യാറ്റിൻകര ടൗൺഹാളിന്റെ എതിർവശത്തുള്ള മൈതാനത്തിലായിരുന്നു സമ്മേളനം. ഈ ഏഴ് ഏക്കറോളം വരുന്ന ഈ ഭൂപ്രദേശമാണ് ശ്രീനാരയണ ഗുരുദേവന്റെ ആദ്യ സമ്പാദ്യഭൂമിയായി പിന്നീട് മാറിയത്.
വീടിന്റെ എതിർവശത്താണ് ടൗൺ ഹാൾ. അന്ന് ഗാന്ധിജിയെ കാണുവാൻ പോകുന്ന ജനസഞ്ചായത്തെ പതിനൊന്ന് വയസ്സ് പ്രായമുള്ള ഗോപിനാഥൻനായർ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. അക്കാലത്ത് ഏവരും ആദരവോടെ പറഞ്ഞിരുന്ന ഒരു പേരായിരുന്നു മഹാത്മാ ഗാന്ധിയുടേത്. വീടിന്റെ പുറത്ത് ഗേറ്റിനരികിൽ നിൽക്കുകയായിരുന്ന ബാലനായ ഗോപിനാഥനെ അദ്ദേഹത്തിന്റെ അച്ഛന്റെ സുഹൃത്ത് സമ്മേളന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അവർ അവിടെ എത്തുമ്പോൾ യോഗ സ്ഥലം ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. അധികം വൈകാതെ ഒരു തുറന്ന കാർ അവിടെ എത്തിച്ചേരുകയും ഉടുപ്പിടാത്ത മെലിഞ്ഞ ഒരു വ്യക്തി കാറ് തുറന്ന് ഇറങ്ങുകയും,ജന സഞ്ചയനം'മഹാത്മാ ഗാന്ധി കീ ജയ്' എന്നു തുടർച്ചയായി ഉച്ചത്തിൽ വിളിക്കുകയും ചെയ്യുന്നത് ഗോപിനാഥൻനായർ അത്യാദരവോടെ നോക്കി നിന്നു. വഴി മാറി നിന്ന ആളുകൾക്കിടയിലൂടെ തൊഴു കൈയോടെ നടന്നു വന്ന ഗാന്ധിജി വേദിയിലേക്ക് ഓടിക്കയറി. മഹാത്മജി വേദിയിൽ നിൽക്കുമ്പോൾ ജനങ്ങളുടെ ജയ് വിളി ഉച്ചത്തിൽ മുഴങ്ങി. വെള്ള ധോത്തി മാത്രം അണിഞ്ഞ് ലാളിത്യത്തിന്റെ സന്ദേശമായി മാറിയ ആ മഹാത്മാവിനെ യുഗപുരുഷനായി ഭാരതവും ലോകവും അംഗീകരിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ബ്രിട്ടീഷുകാരുടെ അഹങ്കാരവും നിറത്തോക്കും മഹാത്മാവിന്റെ ആജ്ഞാശക്തിയുള്ള വാക്കുകൾക്കു മുൻപിൽ നിഷ്പ്രഭമായ കാലം. വേദിയിലേക്ക് ഓടിക്കയറിയ മഹാത്മാവ് ജനങ്ങളോട് നിശബ്ദമായിരിക്കുവാൻ ആംഗ്യം കാണിച്ചു. ജനത്തിന്റെ ആരവം കുറഞ്ഞു വരുന്നതനുസരിച്ച് ഗാന്ധിജിയുടെ പ്രസംഗവും തുടങ്ങി.സ്വാഗത പ്രസംഗം ആരോ തുടങ്ങിയത് നിർത്തിവയ്ക്കുവാൻ ആവശ്യപ്പെട്ടിട്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. മൂന്നു മിനിറ്റ് സംസാരിക്കുമ്പോൾ അതിന്റെ സാരം മറ്റൊരാൾവിവരിക്കുന്നുണ്ടായിരുന്നു. പ്രസംഗത്തിനിടയിൽ അരയിൽ തൂക്കിയിട്ടിരുന്ന വാച്ചിൽ ഇടയ്ക്കിടെ അദ്ദേഹം നോക്കി. ഹരിജന പ്രസ്ഥാനത്തിന് വേണ്ടിയുള്ള ഫണ്ട് പിരിവായിരുന്നു ആ യോഗത്തിന്റെ ഉദ്ദേശ ലക്ഷ്യം.യോഗത്തിൽ പങ്കെടുത്ത ഒരോ വ്യക്തികളും ഫണ്ടിലേക്ക് ധനസഹായം നൽകണമെന്ന് ഗാന്ധിജി പ്രസംഗത്തിൽ സൂചിപ്പിച്ചു. ഗാന്ധിജി പണം ആവശ്യപ്പെട്ടപ്പോൾ മുൻനിരയിൽ ഉണ്ടായിരുന്ന സ്ത്രീകൾ നിസ്സഹായരായി പരസ്പരം നോക്കി. പണമായി ഇല്ലെങ്കിൽ ആഭരണം മതിയാകും എന്ന ഗാന്ധിജിയുടെ വാക്കുകൾ കേട്ട് സ്ത്രീകളിൽ ചിലർ തങ്ങളുടെ സ്വർണ്ണ വളകൾ ഊരി ഗാന്ധിജിക്ക് കൊടുത്തു. സംഭാവനകൾ തന്നവർക്ക് നന്ദി പറഞ്ഞു കൊണ്ട് ഉടൻ തന്നെ ഗാന്ധിജി വേദിയിൽ നിന്ന് ഇറങ്ങി.അതിവേഗത്തിൽ കാർ കിടന്നിരുന്ന സ്ഥലത്തേക്ക് നടന്നു. ജനങ്ങളുടെ ജയ് വിളി അപ്പോഴും മുഴങ്ങി. അദ്ദേഹത്തെ അനുഗമിച്ചിരുന്ന കാറിൽ അന്നത്തെ പ്രമുഖ നേതാക്കന്മാരും കയറി. മഹാത്മാഗാന്ധി സമയത്തിൽ കൃത്യത പാലിക്കുന്ന ഒരു വ്യക്തിയായിരുന്നു. സൂര്യൻ കൃത്യമായി ഉദിച്ച് അസ്തമിക്കുന്നത് പോലെ സത്യനിഷ്ഠയുടെ മാതൃകയായിരുന്നു മഹാത്മജി. എല്ലാ യോഗങ്ങളിലും അദേഹം കൃത്യസമയത്തെത്തും, കൃത്യമായി പങ്കെടുക്കും. ഒരു വേദിയിലും ഒരു മിനിറ്റ് പോലും വൈകി എത്തില്ല. ഇത്തരം സമയ നിഷ്ഠകളിൽ ഗോപി നാഥൻ നായർ കൃത്യത പാലിക്കുന്നത് മഹാത്മാഗാന്ധിയിൽ നിന്നും സ്വായത്തമാക്കിയ ഇത്തരം പാഠങ്ങൾ ഉൾക്കൊണ്ടാണ്.