rajghat

 I  am p​r​y​i​ng f​or t​he l​i​g​h​t, t​h​at w​i​ll d​i​s​p​el the d​a​r​k​n​e​s​s. Let t​h​o​se w​ho h​a​ve l​i​v​i​ng faith in n​o​n​-​v​i​o​l​e​n​c​e, j​o​in me in t​he p​r​a​y​er - MK Ga​n​d​h​i.

അന്ധകാരത്തെ ദൂരീകരിക്കുന്ന വെളിച്ചത്തിന് വേണ്ടിയാണ് എന്റെ പ്രാർത്ഥന. അഹിംസയിൽ വിശ്വസിക്കുന്നവർക്ക് എന്നോടൊപ്പം ചേരാം  മഹാത്മാ ഗാന്ധി.ബിർള ഭവൻ, ബിർള ഹൗസ് എന്ന പേരുകളിൽ  അറിയപ്പെടുന്ന ഡൽഹിയിലെ ഗാന്ധി സ്മൃതി, സന്ദർശകരെ സ്വീകരിക്കുന്നത് രാഷ്ട്രപിതാവ്  മഹാത്മാഗാന്ധിയുടെ  ഈ മഹദ് വചനങ്ങൾ ഓർമ്മപ്പെടുത്തിയാണ്.

ന്യൂഡൽഹിയിലെ  തീസ്  ജനുവരി (30 ജനുവരി) റോഡിലെ (പഴയ പേര്  അൽബേഖർഖ് റോഡ്) ഇതേ സ്ഥലത്ത് വച്ചാണ് 1948 ജനുവരി 30ന് ആ മഹാത്മാവിനെ ഇറ്റാലിയൻ നിർമ്മിത കൈത്തോക്കിൽ നിന്ന് തുപ്പിയ  മൂന്ന് വെടിയുണ്ടകൾ എന്നന്നേക്കുമായി നിശ്ചലനാക്കിയത്. കൊല്ലപ്പെടുന്നതിനു മുമ്പുള്ള  അവസാന 144  ദിവസങ്ങൾ  മഹാത്മജി കഴിച്ചുകൂട്ടിയത് ഇവിടെയായിരുന്നു. 1947 സെപ്തംബർ ഒമ്പതു മുതൽ 1948 ജനുവരി 30ന് രക്തസാക്ഷിത്വം വരിക്കുന്നത് വരെ മഹാത്മജി ഇവിടെ വസിച്ചു. ന്യൂഡൽഹിയിലെ ഹൃദയ ഭാഗമായ കൊണാട്ട് പ്ലേസിൽ നിന്ന് കേവലം ഒന്നര കിലോമീറ്റർ മാത്രമാണ്  അകലം. ബിർള ഹൗസിന്  ഏറ്റവും അടുത്തുള്ള പ്രമുഖ മെട്രോ സ്റ്റേഷൻ രാജീവ് ചൗക്കാണ്. വ്യവസായ പ്രമുഖരായ ബിർള കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമായിരുന്നു ഇത്. 1928ൽ ഘനശ്യാമ ദാസ് ബിർളയാണ് ഇത്  നിർമ്മിച്ചത്.  അതിനാലാണ് ബിർള ഹൗസ് എന്ന് ഇത് അറിയപ്പെട്ടത്. മഹാത്മ ഗാന്ധി ഉപയോഗിച്ച ചർക്ക മുതൽ വീട്ടുപകരണങ്ങൾ വരെ  ഇന്നിവിടെ അതീവ കരുതലോടെ സൂക്ഷിക്കുന്നുണ്ട്. സ്വദേശികളും വിദേശികളും അടക്കം നിരവധി പേരാണ് ഓരോ ദിവസവും ഇവിടം സന്ദർശിക്കുന്നത്. 1971ലാണ് ഇന്ത്യൻ ഗവൺമെന്റ്  ബിർള ഹൗസ് ബിർള കുടുംബത്തിൽ നിന്ന്  54 ലക്ഷം രൂപ നൽകി ഈ  ചരിത്ര നിർമ്മിതി ഏറ്റെടുത്തത്. 1973 ലെ സ്വാതന്ത്ര്യ ദിനത്തിൽ ആഗസ്റ്റ് 15ന് ഇത് മ്യൂസിയമായി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ഇതോടെ ഈ കെട്ടിടത്തിന്റെ  പേര്  ഗാന്ധി സ്മൃതി എന്നാക്കി. ഗാന്ധിജിക്ക് വെടിയേറ്റ സ്ഥലത്ത് ഒരു സ്തൂപം പണിത് സൂക്ഷിച്ചിട്ടുണ്ട്. ചുട്ട കളിമണ്ണ്  കൊണ്ടുണ്ടാക്കിയ  പാവകൾ  ഉപയോഗിച്ച്  മഹാത്മാ ഗാന്ധിയുടെ ജീവിതം ചിത്രീകരിച്ചിട്ടുണ്ട്  ഇവിടെ. ഉച്ചയ്ക്ക്  ഒരു മണിക്കും ഒന്നരയ്ക്കുമിടയിൽ മൾട്ടി മീഡിയയുടെ സഹായത്തിലുള്ള പ്രദർശനം കാണാൻ നല്ല ജനത്തിരക്കാണ് അനുഭവപ്പെടുക. അന്നൊരു  വെള്ളിയാഴ്ചയായിരുന്നു 1948 ജനുവരി 30, വൈകുന്നേരം അഞ്ചു മണി കഴിഞ്ഞ് പത്ത് മിനിറ്റ് പിന്നിട്ട സമയം, ബിർള ഹൗസിന് മുന്നിലെ മൈതാനത്ത് പ്രാർത്ഥനക്കെത്തിയവർക്കും അനുയായികൾക്കും ഇടയിൽ നിന്ന് കൈയ്യെത്തും ദൂരത്ത് നിന്ന് നാഥുറാം വിനായക് ഗോഡ്സെ എന്ന ക്രൂരനായ കൊലയാളി ഒരു രാജ്യത്തിന്റെ 'മഹത്തായ ആത്മാവി' നെ വെടിവച്ച് വീഴ്ത്തിയ ദിവസം.

ഇറ്റാലിയൻ നിർമിത ബെരേറ്റ എം മോഡൽ റിവോൾവറിൽ നിന്ന് പാഞ്ഞ മൂന്നു വെടിയുണ്ടകൾ ബാപ്പുജിയുടെ നെഞ്ചകം തുരന്ന് കടന്നുപോയി. ഹേ റാം, ഹേ റാം എന്നുച്ചരിച്ച്  കൊണ്ട് കൊലയാളിക്ക് നേരെ ഇരു കൈകളും  കൂപ്പികൊണ്ട്  ഗാന്ധിജി പിടഞ്ഞുവീണു.  ഇന്ത്യൻ ചരിത്രത്തിലെ കറുത്ത ഏടായി, ചരിത്ര വിദ്യാർത്ഥികൾ ഓർക്കാൻ ഇഷ്ടപ്പെടാത്ത, വായിക്കാൻ  ആഗ്രഹിക്കാത്ത ചരിത്രം. ഈ മണ്ണിൽ കാലുകുത്തുന്നവർ ഒരിറ്റ് കണ്ണീരും ഒരു നൂറ്റാണ്ടിന്റെ ചരിത്ര സ്മൃതികളുമായാണ്  ഇവിടെ നിന്ന് പടിയിറങ്ങി പോവുന്നത്. ബിർളാ ഭവനിൽ എത്തുന്നവർക്ക് തീർച്ചയായും അവിടെ തങ്ങളുടെ പ്രിയപ്പെട്ട ബാപ്പുജിയെ കാണാനാവും. ആ മഹാത്മാവ്  ഉപയോഗിച്ച എല്ലാ ശേഷിപ്പുകളും അവിടെ ഭദ്രമായുണ്ടെന്നത് തന്നെ കാരണം. ബിർള ഭവനിലൂടെ, ചരിത്രത്തിന്റെ ഇന്നലെകളിലൂടെ കണ്ണ് ഓടിച്ച് പോകുന്ന ഓരോ ചരിത്ര കുതുകിയും അടുത്ത നിമിഷം, ഈ  കെട്ടിടത്തിന്റെ  അടുത്ത മുറിയിൽ, ആരോടോ സംസാരിച്ച് കൊണ്ടിരിക്കുന്നവനായി, അല്ലെങ്കിൽ ചർക്കയിൽ നൂൽ നൂൽക്കുന്നവനായി, താൻ  തന്റെ ബാപ്പുജിയെ കാണുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് മൃദുവായ ഓരോ ചുവടും അകത്തേയ്ക്ക്  വയ്ക്കുന്നത്.

ഗാന്ധിജിയുടെ ഭൗതിക ശരീരം അന്ത്യസംസ്‌കാരത്തിനായി യമുന തീരത്തുള്ള രാജ്ഘട്ടിലേക്ക് എത്തിച്ച ഗൺ കാര്യേജ് വാഹനം വർഷങ്ങളായി ചരിത്രത്തിന്റെ മൂകസാക്ഷിയായി, എല്ലാകാഴ്ചകളും ഒപ്പിയെടുത്തുകൊണ്ട്  ഇവിടെയുണ്ട്. ദീർഘകാലമായി  ഇത്   ഉപയോഗിക്കാത്തതിനാൽ എൻജിൻ എല്ലാം നശിച്ച്  ഇനി ഒരിക്കലും പ്രവർത്തിക്കാനാവാത്ത അവസ്ഥയിലാണെങ്കിലും ആ മഹാനുഭാവനെ അവസാനമായി വഹിച്ച തലയെടുപ്പോടെ ചരിത്രത്തിന്റെ ഭാഗമായി ഇന്നും നിലനിൽക്കുന്നു. തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 10 മണിമുതൽ വൈകുന്നേരം അഞ്ചു മണിവരെ പൊതുജനങ്ങൾക്ക് ഗാന്ധി സ്മൃതിയിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. ഗാന്ധിജിയെ നേരിൽ കണ്ട, ആ ജീവിതത്തിന്  സാക്ഷ്യം വഹിക്കാൻ കഴിഞ്ഞ അനുഭൂതിയുമായി ബിർളാ ഹൗസിൽ നിന്ന് പുറത്തുകടയ്ക്കുമ്പോൾ നമ്മുടെ ശ്രദ്ധയിലെത്തുന്നത് മോഹൻദാസ് കരം ചന്ദ് ഗാന്ധി  'മഹാ ആത്മാവ്' എന്നർത്ഥമുള്ള 'മഹാത്മാ' എന്ന പദവിക്ക് തീർത്തും അർഹനായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു വാചകമാണ്.  I will n​ot l​i​ke to l​i​ve in t​h​is w​o​r​ld if it is n​ot to be o​n​e. - M.​K. G​a​n​d​h​i, ഇതൊന്നും ഇതു പോലെ തന്നെ അല്ല എങ്കിൽ  ഈ ലോകത്ത് പിന്നെ ഞാൻ ജീവിച്ചിരിക്കില്ല. ഗാന്ധിജി ആരാണെന്നും എന്താണെന്നും വ്യക്തമാക്കുന്ന ഈ വാചകങ്ങൾ  വലിയ ഓർമ്മപ്പെടുത്തലാണ്. ചരിത്രത്തിലൂടെയും  ചരിത്രത്തിലേക്കുമുള്ള ശരിയായ നാൾവഴികൾ ആ അക്ഷരങ്ങളിൽ തെളിയുന്നു.