indian-army

ന്യൂഡൽഹി : ഒന്നാം സർജിക്കൽ സ്‌ട്രൈക്കിന്റെ രണ്ടാം വാർഷികം രാജ്യം ആഘോഷിക്കുമ്പോൾ, മനസ് മാറി നന്നാവാത്ത പാകിസ്ഥാനെ അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം വീണ്ടും തിരിച്ചടി നൽകിയെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നു. അതിർത്തിയിൽ പട്രോളിംഗിനിടെ ബി.എസ്. എഫ് ജവാനെ ക്രൂരമായി തലയറുത്ത് കൊലപ്പെടുത്തിയതിന് തിരിച്ചടിയായിട്ടാണ് ഇന്ത്യൻ സേന പാക് അതിർത്തി കടന്നത്. ഇക്കാര്യത്തിൽ കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് ആദ്യമായി സൂചന നൽകിയത്. ഉത്തർപ്രദേശിലെ മുസാഫർപൂരിൽ ഒരു ചടങ്ങിലാണ് ഒന്നാം സർജിക്കൽ ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിൽ ആഭ്യന്തര മന്ത്രിയുടെ വെളിപ്പെടുത്തലുണ്ടായത്. എന്നാൽ ഓപ്പറേഷന്റെ വിശദാംശങ്ങൾ അദ്ദേഹം നൽകിയില്ല. രണ്ടു മൂന്നു ദിവസം മുൻപ് ചിലതൊക്കെ സംഭവിച്ചു. അതു പൂർണമായി വെളിപ്പെടുത്താനാവില്ല. വലിയൊരു സംഭവമാണത്. എന്നെ വിശ്വസിക്കൂ. ശരിക്കും വലിയ സംഭവം എന്നാണ് ഇതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.