യുണൈറ്റഡ് നേഷൻസ്: പെഷവാറിലെ സൈനിക സ്കൂൾ ആക്രമണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്ഥാന്റെ വാദത്തിന് ഐക്യരാഷ്ട്ര സഭാ പൊതുസമ്മേളനത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ പാകിസ്ഥാനിലെ പഴയ സർക്കാരിനെ പോലെ തന്നെയാണെന്ന് യു.എന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീർ പറഞ്ഞു.
2014ലെ പെഷവാർ സ്കൂൾ ആക്രമണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ ആരോപണം ഇന്ത്യ തള്ളി. യു.എൻ ആഗോള തീവ്രവാദ പട്ടികയിൽ പെടുത്തിയ 132 തീവ്രവാദികളെ അതിഥികളായി കാണുകയും അവരെ സംരക്ഷിക്കുകയുമാണ് പാകിസ്ഥാൻ ചെയ്യുന്നത്. സ്കൂൾ ആക്രമണത്തിനിടെ 150 കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ഇന്ത്യയ്ക്കുണ്ടായ ദു:ഖം രേഖപ്പെടുത്തുന്നതിന് പാർലമെന്റിന്റെ ഇരുസഭകളും രണ്ട് മിനിട്ട് മൗനമാചരിച്ചിരുന്നു. ഖുറേഷി ഇപ്പോൾ ഉന്നയിച്ച ആരോപണം നിഷ്‌കളങ്കരായ ആ കുട്ടികളുടെ ഓർമയെ അവഹേളിക്കുന്നതാണ് - ഈനം പറഞ്ഞു.
സ്വയം സൃഷ്ടിച്ച ഭീകരതയുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പാകിസ്ഥാന്റെ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അയൽരാജ്യങ്ങളെ അസ്ഥിരപ്പെടുത്താനും അവരുടെ അതിർത്തികൾ പിടിച്ചടക്കാനുമാണ് ഭീകരരുടെ സഹായം പാകിസ്ഥാൻ തേടിയതെന്നും ഈനം പറഞ്ഞു. ഭീകരതയ്ക്കെതിരെ പോരാടുന്നുവെന്നാണ് പാകിസ്ഥാൻ പറയുന്നത്. എന്നാൽ വസ്തുത മറിച്ചാണ്. 132 തീവ്രവാദികൾക്ക് പാലും പഴവും നൽകി ഊട്ടിവളർത്തുന്നില്ലെന്ന് പാകിസ്ഥാന് പറയാൻ കഴിയുമോയെന്നും അവർ ചോദിച്ചു. യു.എൻ പട്ടികയിലുള്ള കൊടുംതീവ്രവാദിയായ ഹഫീസ് സയിദ് പാകിസ്ഥാനിൽ സ്വൈര്യസഞ്ചാരം നടത്തുന്നില്ലെന്ന് പാകിസ്ഥാന് പറയാനാകുമോയെന്നും ഈനം ചോദിച്ചു.