ഇൻഡോർ: കൊലയാളി കെമിക്കലെന്ന വിശേഷണമുള്ള രാസവസ്തു ഫെന്റാനൈൽ ആദ്യമായി ഇന്ത്യയിൽ പിടികൂടി. ഇൻഡോറിലെ ഒരു ലബോറട്ടറിയിൽ നിന്നാണ് ഒൻപത് കിലോ രാസവസ്തു റവന്യൂ ഇന്റലിജൻസ് പിടികൂടിയത്. മാരകമായ ലഹരിമരുന്നായി ഉപയോഗിക്കുന്ന ഫെന്റാനൈൽ ഹെറോയിനെക്കാലും പതിൻമടങ്ങ് വീര്യമുള്ളതാണ്. ഇതിന്റെ നേർത്ത ഒരു പൊടി ശരീരത്തിനുള്ളിലെത്തിയാൽ പോലും ജീവന് ആപത്താണ്. ക്രിതൃിമമായി രാസപരീക്ഷണശാലയിലാണ് ഈ രാസവസ്തു സൃഷ്ടിക്കുന്നത്.
ഡി.ആർ.ഡി.ഒയിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് പിടികൂടിയ രാസവസ്തു ഫെന്റാനൈൽ ആണെന്ന് തിരിച്ചറിഞ്ഞത്. രാജ്യത്ത് ആദ്യമായാണ് ഫെന്റാനൈൽ പിടികൂടിയത്. സംഭവത്തിൽ ഒരു വ്യവസായിയെയും,ഗവേഷക വിദ്യാർത്ഥിയെയും കസ്റ്റഡിയിലെടുത്തു.കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടാവുമെന്ന് സൂചനയുണ്ട്.
രാജ്യാന്തര വിപണിയിൽ നൂറ്റിപ്പത്ത് കോടി വിലമതിക്കുന്നതാണ് പിടികൂടിയ ഫെന്റാനൈൽ, ഇത് മെക്സിക്കൻ ലഹരിമാഫിയ വഴി ഇന്ത്യയിലെത്തിയതാണെന്ന് കരുതുന്നു.