ഹൃദ്റോഗികളുടെ എണ്ണം കേരളത്തിൽ വലിയ തോതിൽ വർദ്ധിച്ചുവരുന്നു. എന്താണ് ഇതിന് പരിഹാര മാർഗം. ലോക ഹൃദയദിനത്തിൽ കേരളത്തിലെ പ്രശസ്ത ഹൃദയചികിത്സാ വിദഗ്ദ്ധൻ ഡോ. സി.ജി. ബാഹുലേയൻ 'കേരളകൗമുദി"യോട് സംസാരിച്ചു.
രോഗം വരാതിരിക്കാൻ
രോഗം വരാനുള്ള റിസ്ക് ഘടകങ്ങൾ നിയന്ത്രിച്ച് ആരോഗ്യകരമായ ജീവിതരീതി പുലർത്തിയാൽ ഹൃദ്റോഗം വരാതെ സൂക്ഷിക്കാനാകും. റിസ്ക് ഘടകങ്ങൾ രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവയാണ്. കൊളസ്ട്രോളിൽ പ്രത്യേകിച്ചും എൽ.ഡി.എൽ ലെവൽ പരിപൂർണമായും നിയന്ത്രിച്ചു നിറുത്തണം. ടോട്ടൽ കൊളസ്ട്രോൾ 220 ഒക്കെയുള്ളവർ കുഴപ്പമില്ലെന്ന് സ്വയം നിഗമനത്തിൽ എത്തും. അത് ശരിയല്ല. അപകടകാരിയായ എൽ.ഡി.എൽ കൊളസ്ട്രോളിന്റെ അളവ് പ്രത്യേകം ശ്രദ്ധിക്കണം. നൂറിൽ (മില്ലിഗ്രാം പെർസെന്റ് ) നിറുത്തുന്നതാണ് അഭികാമ്യമെങ്കിലും ഒരിക്കൽ ഹൃദ്റോഗം വന്നവർക്ക് 70 ലേക്ക് കുറച്ചുകൊണ്ടുവരണം. പ്രമേഹം കൂടിയുള്ളവരാണങ്കിൽ 45ലേക്ക് കുറയ്ക്കണം. ചുരുക്കത്തിൽ പറഞ്ഞാൽ 'ഹാർട്ട് ഹെൽത്തി ലൈഫ് സ്റ്റൈൽ" അഥവാ ഹൃദയാരോഗ്യം സംരക്ഷിക്കുന്ന ജീവിതശൈലി വേണം അനുകരിക്കേണ്ടത്.
ആഹാര ക്രമീകരണം
കൊഴുപ്പ് കൂടിയ ഭക്ഷണ പദാർത്ഥങ്ങൾ എത്രമാത്രം ഒഴിവാക്കുന്നോ, അത് ഹൃദയാരോഗ്യത്തിന് ഉത്തമമായിരിക്കും. അമിത ഭക്ഷണം പൂർണമായും ഒഴിവാക്കണം. അമിത ഭക്ഷണം കഴിക്കുന്ന ഒരു സ്വഭാവം മലയാളികൾക്കുണ്ട്. അത് ഒട്ടും നന്നല്ല. മിതമായ ഭക്ഷണക്രമം നിർബന്ധമായും പാലിച്ചിരിക്കണം. മാംസാഹാരത്തിലേക്കു പോകുന്നതിനു പകരം പച്ചക്കറി, മത്സ്യ വിഭവങ്ങൾ എന്നിവ കഴിക്കുന്നത് നന്നായിരിക്കും.
ചോറ് ഉപേക്ഷിക്കേണ്ട
കാർബോഹൈഡ്രേറ്റ് നിയന്ത്രിക്കുന്നത് നല്ലതാണെങ്കിലും പൂർണമായി ഒഴിവാക്കേണ്ട കാര്യമില്ല. ചോറ് പൂർണമായി ഒഴിവാക്കണോയെന്ന് ചോദിക്കുന്നവരുണ്ട്. അരിയാഹാരം വേണ്ടെന്നു വയ്ക്കേണ്ടതില്ല. നമ്മുടെ നാട്ടിൽ ലഭിക്കുന്ന അരിയും വടക്കേ ഇന്ത്യയിൽ ലഭിക്കുന്ന അരിയും തമ്മിൽ വ്യത്യാസമുണ്ട്. ഇവിടുത്തേത് അത്ര കുഴപ്പമുള്ള അരിയല്ല, എന്നു പറഞ്ഞ് ചോറ് വലിച്ചുവാരി തിന്നുന്ന ശീലം ഉപേക്ഷിക്കുക തന്നെ വേണം. നേരത്തെ സൂചിപ്പിച്ചതുപോലെ കുറഞ്ഞ അളവിൽ കഴിക്കാം. ഇടയ്ക്കിടെ കൊളസ്ട്രോളിന്റെ അളവ് പരിശോധിക്കുകയും വേണം.
എണ്ണ കുറയ്ക്കണം
എണ്ണയുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണം. രക്തത്തിലെ എൽ.ഡി.എൽ കൊളസ്ട്രോളിന്റെ അളവ് കുറഞ്ഞിരിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്. വെളിച്ചെണ്ണയുടെ ഉപയോഗത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ തുടരുകയാണല്ലോ. വെളിച്ചെണ്ണയെക്കാൾ മിക്സഡ് ഓയിൽ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
വ്യായാമം
മുടങ്ങാതെ വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യത്തിനു മാത്രമല്ല സമ്പൂർണ ആരോഗ്യത്തിനു തന്നെ ഗുണം ചെയ്യും. പതിവായി വ്യായാമം ചെയ്യുന്നത് ഒരു ശീലമാക്കണം. എളുപ്പം ചെയ്യാവുന്ന വ്യായാമം നടത്തം തന്നെയാണ്. ഓട്ടം, നീന്തൽ ഇവയൊക്കെ ഗുണകരമാണെങ്കിലും നടക്കുന്നതായിരിക്കും എളുപ്പം . 20 മിനിട്ട് മുതൽ 30 മിനിട്ട് വരെ നടന്നാൽ മതി. അതായത് അരമണിക്കൂറിൽ രണ്ടുകിലോമീറ്റർ ദൂരം നടക്കുക. അമിത വേഗം ആവശ്യമില്ല. നടത്തത്തിനൊടുവിൽ അല്പം വിയർക്കണം, ഹാർട്ട് റേറ്റ് ഉയരണം. ആഴ്ചയിൽ അഞ്ചുദിവസം മുടങ്ങാതെ നടന്നാൽ മതി. എക്സിക്യുട്ടീവുകളാണെങ്കിൽ യാത്ര ചെയ്യുമ്പോൾ താമസസ്ഥലത്തുതന്നെ അത് മുടങ്ങാതെ ചെയ്യണം. ഹോട്ടലുകളിലും മറ്റും ട്രെഡ്മിൽ ഒക്കെ കാണുമല്ലോ. വ്യായാമം മുടക്കരുത്.
മദ്യപാനം
മദ്യപാനം ഹൃദയത്തിന് ഒട്ടും ഗുണകരമല്ലെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ പറയാറുണ്ട് ഒന്നോ ഒന്നര പെഗ്ഗോ കഴിക്കുന്നത് ഹൃദയത്തിനു ഗുണം ചെയ്യുമെന്ന്. എന്നാൽ അച്ചടക്ക രീതിയിൽ മദ്യം ഉപയോഗിക്കുന്ന സ്വഭാവം ആർക്കുമില്ല. ഒന്നോ രണ്ടോ പെഗിൽ നിറുത്തുന്ന സ്വഭാവവും മലയാളിക്കില്ല. ഒടുവിൽ അത് അഡിക്ഷനാകും. മദ്യത്തിന്റെ അമിതമായ ഉപയോഗം ഏറ്റവും വലിയ റിസ്ക് ഫാക്ടറാണ്. പ്രമേഹവും രക്തസമ്മർദ്ദവും ഉള്ളവർ മദ്യം കഴിക്കുമ്പോൾ അപകട സാദ്ധ്യത വർദ്ധിക്കുകയാണ്. പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിച്ചുനിറുത്തണം. നിർഭാഗ്യവശാൽ കേരളത്തിൽ പ്രമേഹരോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്. ഇക്കാര്യത്തിൽ സാമ്പത്തികമായ വലിപ്പച്ചെറുപ്പമില്ലതാനും. പ്രമേഹവും രക്തസമ്മർദ്ദവും ഹൃദ്റോഗത്തിലേക്കുള്ള വഴി തുറക്കുകയും ദൂരം കുറയ്ക്കുകയും ചെയ്യുന്നു.
അറ്റാക്ക് വന്നശേഷം
ഒരിക്കൽ ഹാർട്ട് അറ്റാക്ക് വന്നവർക്ക് മൂന്നോ - നാലോ വർഷത്തിനുള്ളിൽ രണ്ടാമത് വരാനുള്ള സാദ്ധ്യതയുണ്ട്. ഒരിക്കൽ അറ്റാക്ക് വരാത്ത വ്യക്തിയെക്കാൾ കൂടുതൽ സാദ്ധ്യതയാണ് ഒരിക്കൽ വന്നവർക്കുള്ളത്. അതിനാൽ പ്രത്യേക ശ്രദ്ധ വേണം. ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യമായി മുടങ്ങാതെ കഴിക്കണം. കൊളസ്ട്രോൾ ലെവൽ പ്രത്യേകിച്ചും എൽ.ഡി.എൽ കൊളസ്ട്രോൾ ലെവൽ നിയന്ത്രിച്ചു നിറുത്തണം. മൂന്നോ, ആറോ മാസത്തിലൊരിക്കൽ വീതം കൊളസ്ട്രോൾ ലെവൽ പരിശോധിക്കണം. പുകവലി പൂർണമായി ഒഴിവാക്കണം. ഒരിക്കൽ ഹൃദ്റോഗം വന്നവർ പുകവലിച്ചാൽ വീണ്ടും രോഗം വരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. ഈ പറഞ്ഞ നിയന്ത്രണങ്ങൾ ഒക്കെ പാലിക്കുകയും ഹൃദയാരോഗ്യ ജീവിതശൈലി ഉറപ്പുവരുത്തുകയും ചെയ്യുന്നവർക്ക് ഒരിക്കൽ ഹൃദ്റോഗം വന്നുവെന്ന പേടിയില്ലാതെ സാധാരണ ജീവിതം നയിക്കാൻ കഴിയും.
ഹൃദ്റോഗം വന്നവർ രോഗവിമുക്തരായാലും ലൈംഗികബന്ധം പാടുണ്ടോയെന്ന ചോദ്യമുണ്ട്. പലരും ഇതേക്കുറിച്ച് ഡോക്ടർമാരുമായി സംസാരിക്കാൻ മടിക്കും. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി വ്യത്യസ്തമായിരിക്കുമെന്നതിനാൽ ഡോക്ടറോട് ഇക്കാര്യം തുറന്നു സംസാരിക്കുക തന്നെ വേണം. മരുന്ന് കഴിക്കുകയും ആരോഗ്യം നിലനിറുത്തുകയും ചെയ്യുന്ന ഒരാൾക്ക് ഒരിക്കൽ രോഗം വന്നുവെന്ന പേരിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് തടസമില്ല.
പൂർണാരോഗ്യവാനായിരിക്കുക. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനാവശ്യമായ ജീവിതശൈലി പാലിക്കുക. ഈ ഹൃദയ ദിനത്തിൽ അത്തരം കാര്യങ്ങളാണ് ഓർമ്മിപ്പിക്കാനുള്ളത്.
(പ്രശസ്ത കാർഡിയോളജിസ്റ്റും തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ കാർഡിയോവാസ്കുലർ സെന്ററിന്റെ ചെയർമാനുമാണ് ലേഖകൻ)
വി.എസ്. രാജേഷിനോട് പറഞ്ഞത്