തികച്ചും അപ്രതീക്ഷിതമായിരുന്നു കേരളത്തിലെ പ്രളയം. ഓഖി തന്ന മുറിവും വേദനയും മാറുന്നതിനുമുമ്പ് വീണ്ടും ഒരാഘാതം. നാന്നൂറിലധികം മനുഷ്യ ജീവൻ പൊലിഞ്ഞു. നഷ്ടമായ ജൈവസമ്പത്ത് വേറെയും. കേരളം മുഴുവൻ ഭയന്നു വിറച്ചു. വില്ലനായ മഴയെ ആളുകൾ പഴിച്ചു. വിളിക്കാത്ത അതിഥിയെപ്പോലെ കേരളത്തിലെത്തി എന്നും അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു സുഹൃത്തായിരുന്നു മൺസൂൺ മഴ. അതൊരിക്കലും കേരളത്തെ ശവപ്പറമ്പാക്കിയിട്ടില്ല. പക്ഷേ സത്യത്തെ വിദൂരത്തിൽ നിറുത്തി വീണ്ടും മഴയെ പഴിക്കുമ്പോൾ ഒന്നോർക്കുക പ്രകൃതി ദഹിപ്പിക്കുന്ന അഗ്നിയാണ്. സത്യം, കാലം തെളിയിക്കട്ടെ.ഭൗതികവും സാമ്പത്തികവും സാമൂഹികവുമായി തകർന്ന കേരളത്തെ പുനരുജ്ജീവിപ്പിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. വേണ്ടത് മുൻവിധികളില്ലാത്ത കൂട്ടായ്മയും. ഭീമമായ നഷ്ടത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ കേട്ട് ഭയന്നോടാൻ നമുക്ക് മനസില്ലെന്ന് ലോകത്തെ അറിയിക്കാൻ ഒരു ഉയിർത്തെഴുന്നേല്പ് കേരളത്തിന് ആവശ്യമാണ്. ഒരു നവകേരളം എങ്ങനെ സഫലമാക്കാം? ചില നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
സാമ്പത്തിക സഹായം കണ്ടെത്തുക എന്നതുപോലെതന്നെ പ്രധാനമാണ് അത് കാര്യക്ഷമമായി ക്രിയാത്മക രീതിയിൽ ഉപയോഗിക്കുകയെന്നത്. അതുമല്ല, കഷ്ടതയനുഭവിക്കുന്ന ഇരകൾക്ക് അർഹിക്കുന്ന രീതിയിൽ പണം കൊടുക്കുകയും വേണം. ആയതിനാൽ ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിലും രാഷ്ട്രീയ ഇടനിലക്കാരുടെ കൈകടത്തലുകൾക്കും സർക്കാർ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തണം.
കേരളത്തിലെ പ്രളയക്കെടുതിയിൽ ഇരകളായ വ്യക്തികളുടെ സമഗ്രമായ ഒരു ലിസ്റ്റ് ഗവൺമെന്റ് പൊതുജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തണം. ഇരകൾക്ക് സർക്കാർ ചെയ്തു കൊടുക്കുന്ന ദുരിതാശ്വാസ ധനസഹായങ്ങൾ അർഹിക്കുന്ന രീതിയിൽ ലഭിച്ചോയെന്ന് പൊതുജനങ്ങൾക്ക് അറിയാൻ വേണ്ടിയാണിത്. കൂടാതെ ദുരിതാശ്വാസ പ്രവർത്തനം സുതാര്യമാണോയെന്നറിയാൻ ഭരണാധികാരികൾക്ക് സാധിക്കുകയും ചെയ്യും.
പ്രളയ ദുരന്തത്തിന്റെ കാരണം ഇപ്പോഴും അവ്യക്തമായി നിൽക്കുന്ന സ്ഥിതിക്ക് കേരളത്തിലെ ചെറുതും വലുതുമായ എല്ലാ ഡാമുകളുടെയും മുഴുവൻ പ്രവർത്തനവും ഏകോപിപ്പിച്ച് വ്യക്തമായ സാങ്കേതിക പരിജ്ഞാനമുള്ള ഒരു വിദഗ്ദ്ധ കമ്മിറ്റിയെ ഏൽപ്പിക്കുകയും അതിന്റെ ചുമതല മുഖ്യമന്ത്രിയുടെ പൂർണ മേൽനോട്ടത്തിലുള്ള ഒരു ഡാം സംരക്ഷണ സെൽ ആക്കി മാറ്റുകയും വേണം.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനെയും ജലസേചന വകുപ്പിനെയും കേരളത്തിലെ മുഴുവൻ ഡാമിന്റെയും ഭരണപരമായും സാങ്കേതികവുമായ എല്ലാ പ്രവർത്തനത്തിൽ നിന്നും മാറ്റി നിറുത്തുകയും ഡാം സംരക്ഷണ സെല്ലിന്റെ നിയന്ത്രണത്തിൽ കെ.എസ്.ഇ.ബിക്ക് ഡാമിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അനുവാദം കൊടുക്കുകയും വേണം.
കേരളത്തിന്റെ ജനസാന്ദ്രത മുൻനിറുത്തി ജലസ്രോതസ് ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഘട്ടംഘട്ടമായി നിറുത്തലാക്കുകയും മറ്റ് ഊർജ്ജ സ്രോതസുകളെ പ്രായോഗികമായി ഉപയോഗിക്കാനുള്ള ആധുനിക സാങ്കേതിക പരിജ്ഞാനം കേരളം ഉൾക്കൊള്ളുകയും നടപ്പിലാക്കുകയും വേണം.
കേരളത്തിലെ ഡാമുകളുടെ പഴക്കത്തെ അടിസ്ഥാനമാക്കി അതിന്റെ ജല സംഭരണശേഷി അപകട മേഖലയ്ക്ക് താഴെ, ജനങ്ങൾക്ക് ഭീതി ഉണ്ടാകാത്ത രീതിയിൽ നിജപ്പെടുത്തുക. സംഭരണശേഷിയെ യഥാക്രമം വിലയിരുത്തി ജലം തുറന്നുവിടുക. അത് നമ്മുടെ കൃഷിയെ പരിപോഷിപ്പിക്കുകയും ചെയ്യും.
ഇനി ഒരിക്കലും ഇതുപോലെയുള്ള പ്രളയം ഉണ്ടാകാതിരിക്കാനുള്ള നടപടിയെന്നനിലയിൽ ഡാം പ്രൊട്ടക്ടീസ് സെൽ എല്ലാ വർഷവും മൺസൂൺ മഴയ്ക്ക് മുമ്പ് ഡാമിന്റെ സംഭരണശേഷിയെക്കുറിച്ചും ജലത്തിന്റെ അളവിനെക്കുറിച്ചും ഉള്ളവിവരങ്ങൾ പരസ്യപ്പെടുത്തി ജനങ്ങളെ അറിയിക്കണം. ഒരൊറ്റ ഡാമും (ചെറുതും വലുതും) ഡാം പ്രൊട്ടക്ടീവ് സെല്ലിന്റെ അനുമതിയില്ലാതെ തുറക്കാൻ ഒരു ഏജൻസിയേയും അനുവദിക്കരുത്.
കേരളത്തിന്റെ ഡാമായ മുല്ലപ്പെരിയാറിന്റെ ഭരണപരവും സാങ്കേതികവുമായ പ്രവർത്തനത്തിന്റെ പരിപൂർണ നിയന്ത്രണം കേരള സർക്കാരിന് മാത്രമുള്ളതാക്കാൻ പറ്റിയ രീതിയിൽ ഡാമിന്റെ നിയമങ്ങൾ ഭേദഗതി ചെയ്യുക. തമിഴ്നാടിന് വെള്ളം കൊടുക്കാൻ കേരളം എപ്പോഴും സന്നദ്ധമാണ്. എങ്കിലും കാലവർഷ സമയത്ത് കേരളത്തിലെ ജനങ്ങൾക്ക് ഉണ്ടാകുന്ന മാനസികവ്യഥ മാറ്റേണ്ടത് അത്യാവശ്യമാണ്.
''മലയെ സമീപിക്കുന്ന ഏത് മൃഗമായാലും അതിനെ കല്ലെറിയണം"" എന്ന ബൈബിളിലെ പഴയ വചനത്തെ പോലെ കേരളത്തിലെ ഒരു മലയും കുന്നും വെട്ടിനിരത്താൻ കൊടുക്കുകയില്ലെന്ന് രാഷ്ട്രീയത്തിനപ്പുറം സുദൃഢമായ തീരുമാനമെടുക്കാനും അത് പ്രാവർത്തികമാക്കാനും ഗവൺമെന്റിന് കഴിയണം. എല്ലാ ശാസ്ത്രീയ കമ്മിറ്റികളുടെ പഠനങ്ങൾക്കും അപ്പുറം നമ്മുടെ മലയും കുന്നും കേരളത്തിന്റെ മാത്രം തനതായ പ്രകൃതി സമ്പത്താണെന്ന ബോധം വരുംതലമുറയ്ക്ക് ഉണ്ടാക്കി കൊടുക്കണം.
പ്രളയക്കെടുതിയിൽ നശിച്ച ദേശീയ പാതകളും അനുബന്ധ പാലങ്ങളും കേന്ദ്ര ഗവൺമെന്റിനെ കൊണ്ട് വളരെ വേഗം ശരിയാക്കാനുള്ള ഒരു മാസ്റ്റർ പ്ളാൻ സമർപ്പിക്കുകയും അതിൽ തീരുമാനമെടുക്കാൻ സമ്മർദ്ദം ചെലുത്തുകയും വേണം. ബാക്കിയുള്ള പ്രാദേശിക റോഡുകളും പാലങ്ങളും പി.ഡബ്ളിയു.ഡിയുടെ മേൽനോട്ടത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുതുക്കിപ്പണിയുകയും ശരിയാക്കിയ റോഡിന്റെയും പാലത്തിന്റെയും ഉറപ്പും ബലവും ഒരു കരാറിന്റെ അടിസ്ഥാനത്തിൽ നിശ്ചിത കാലാവധി വരെ ഉറപ്പു വരുത്തേണ്ടതുമാണ്.
തകർന്ന വീടുകൾ പുനർനിർമ്മിക്കുമ്പോൾ, നമ്മുടെ കാലാവസ്ഥയും മണ്ണും മനസിലാക്കിയിട്ടുള്ള ദേശീയ അന്തർദ്ദേശീയ തലത്തിൽ അറിയപ്പെടുന്ന വാസ്തുശില്പികളെ ഏല്പിക്കുക. വീടിന്റെ രൂപകല്പനയിൽ ഒരു ഏകീകൃത ഘടനകൊണ്ടുവന്നാൽ അതൊരു ഓർമ്മപ്പെടുത്തലായി എന്നും നിലനിൽക്കും.
ഓഖി ദുരന്തത്തിലും പ്രളയക്കെടുതിയിലും കേരളത്തിലെ മനുഷ്യജീവനെ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ ഒരുമിപ്പിച്ച് ഒരു ടാസ്ക് ഫോഴ്സിന് രൂപം കൊടുക്കണം. നമ്മുടെ ഫോഴ്സ് പോലെ ഏത് ആപത്ഘട്ടത്തിലും വിളിച്ചാൽ എത്താവുന്ന ഒരു ശക്തിയായി അവരെ മാറ്റണം. തിരിച്ചറിയൽ കാർഡ് നൽകി ടാസ്ക് ഫോഴ്സിൽ ഉൾപ്പെടുത്തുന്നവർക്ക് മാസ ശമ്പളമോ ആനുകൂല്യങ്ങളോ ഒന്നും നൽകേണ്ട. പക്ഷേ ആപത്ഘട്ടത്തിൽ സഹായിക്കുമ്പോൾ അവർക്ക് വേതനവും ഇൻഷ്വറൻസ് പരിരക്ഷയും നൽകണം. ഇത് ഇക്കൂട്ടർക്ക് വലിയഒരു അംഗീകാരവും പ്രോത്സാഹനവും ആയിരിക്കും. പ്രളയക്കെടുതിയിൽ സർക്കാരിന് പരിപൂർണ പിന്തുണയുമായി കേന്ദ്രവും കേരളത്തിലെ ജനങ്ങളും സന്നദ്ധ സംഘടനകളും ഒന്നിക്കുമ്പോൾ രാഷ്ട്രീയ ചേരിതിരിവും ഇടപെടലുകളും ഉണ്ടാകാതിരിക്കാൻ ഗവൺമെന്റ് ശ്രദ്ധിക്കണം.
(എസ്.സി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോടെക്നോളജി ഡയറക്ടറാണ് ലേഖകൻ, ഫോൺ: 9847065069.)