ശ്രീനഗർ: ഇന്ത്യ-പാകിസ്ഥാൻ ബന്ധം വീണ്ടും കലുഷിതമാകുന്നു. പ്രകോപനം സൃഷ്‌ടിച്ചുകൊണ്ട് ഇന്ത്യൻ അതിർത്തി ഭേദിച്ച് പറന്ന പാക് ഹെലികോപ്‌ടർ ഇന്ത്യൻ സേന വെടിവച്ചു. ജമ്മുകാശ്‌മീരിലെ പൂഞ്ച് മേഖലയിലാണ് സംഭവം.
ഇന്ന് ഉച്ചയ്‌ക്ക് 12.30നാണ് പൂഞ്ചിലെ മലയോര മേഖലയ്‌ക്കടുത്ത് വെള്ള നിറത്തിലുള്ള പാക് ഹെലികോപ്ടർ പറന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും അതിർത്തിക്ക് 300 മീറ്റർ അകലെ പാക് വിമാനം പറന്നിരുന്നു. എന്നാൽ ഇത്തവണത്തേത് വളരെ ഗൗരവകരമായാണ് പ്രതിരോധവൃത്തങ്ങൾ കാണുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിംഗ് രണ്ടാം മിന്നലാക്രമണത്തിന് സമാനമായ മറുപടി പാകിസ്ഥാന് നൽകിയതായി പ്രതികരിച്ചിരുന്നു. ചില വലിയ കാര്യങ്ങളൊക്കെ നടന്നിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'രണ്ടു മൂന്നു ദിവസങ്ങൾക്ക് മുമ്പ് ചിലത് നടന്നിട്ടുണ്ട്. അതിപ്പോൾ വെളിപ്പെടുത്താനാകില്ല. ചില വലിയ കാര്യങ്ങളാണ് നടന്നത് എന്നു മാത്രം പറയാം. എന്നെ വിശ്വസിക്കൂ. എന്താണ് നടന്നതെന്ന് നിങ്ങൾ അടുത്തുതന്നെ അറിയും' – രാജ്‌നാഥ് സിംഗ് പറഞ്ഞു. പാകിസ്ഥാൻ വെടിവയ്പ്പ് നടത്തുമ്പോൾ ബുള്ളറ്റുകളുടെ എണ്ണമെടുക്കാതെ ശക്തമായി തിരിച്ചടിക്കാനാണ് സൈനികരോട് പറഞ്ഞിട്ടുള്ളതെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.