ന്യൂഡൽഹി: മലയാള നാവികൻ അഭിലാഷ് ടോമിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോൾഡൻ ഗ്ലോബ്‌സ് മൽസരത്തിനിടെ പായ്‌വഞ്ചി തകർന്ന് അപകടത്തിൽപ്പെട്ടിട്ടും മനഃശ്ശക്തിയോടെ എല്ലാം നേരിട്ട അഭിലാഷ് രാജ്യത്തെ യുവാക്കൾക്ക് മാതൃകയാണെന്ന് മോദി പറഞ്ഞു. റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത്രവലിയ ദുരന്തം നേരിട്ടിട്ടും അഭിലാഷ് കാണിച്ച മനഃശ്ശക്തി എല്ലാവർക്കും മാതൃകയാണ്. എങ്ങനെ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്കെല്ലാവർക്കും ആശങ്കയുണ്ടായിരുന്നു. ഫോണിൽ അഭിലാഷ് ടോമിയുമായി സംസാരിച്ചിരുന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് അഭിലാഷ് ടോമി ജീവനുവേണ്ടി പോരാടിയത്. അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നു. രാജ്യത്തെ എല്ലാ യുവാക്കൾക്കും അഭിലാഷ് പ്രചോദനമാണ്' -പ്രധാനമന്ത്രി പറഞ്ഞു.
സർജിക്കൽ സ്‌ട്രൈക്ക് വാർഷികത്തിന്റെ ഭാഗമായ സൈനികരെയും മോദി പ്രത്യേകം പരാമർശിച്ചു. രാജ്യത്തിന്റെ സമാധാനത്തിനും വളർച്ചയ്‌ക്കും തടസം നിൽക്കുന്നവർക്ക് ശക്തമായ മറുപടി നൽകാൻ സൈന്യത്തിന് സാധിക്കുമെന്ന് ബോധ്യപ്പെട്ടതായും പ്രധാനമന്ത്രി വ്യക്തമാക്കി.
ലോകസമാധാനത്തിനു വേണ്ടി പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണ്. പക്ഷേ ആത്മാഭിമാനത്തിൽ വിട്ടുവീഴ്‌ച സംഭവിക്കുന്ന യാതൊന്നിനും നമ്മൾ തയ്യാറല്ല. യു.എൻ സമാധാന സേനയിലേക്ക് ഏറ്റവും കൂടുതൽ വിഹിതം നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ദുരന്തങ്ങളുണ്ടാകുന്ന സമയത്തെല്ലാം രക്ഷാപ്രവർത്തനത്തിന്റെ മുന്നണിയിലുണ്ടായിരുന്നവരാണ് വ്യോമസേന. ഒക്ടോബർ എട്ടിനാണ് വ്യോമസേന ദിനം ആചരിക്കുന്നത്. ആറു പൈലറ്റുകൾ, 19 എയർമാൻമാർ എന്നിവരുമായി 1932–ൽ തുടങ്ങിയ വ്യോമസേന ഇപ്പോൾ 21ആം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ സേനാ വിഭാഗങ്ങളിലൊന്നാണ്. രാജ്യത്തിനായി സേവനം അനുഷ്ഠിച്ച എല്ലാ പോരാളികൾക്കും കുടുംബങ്ങൾക്കും സല്യൂട്ട് നൽകുന്നു'- പ്രധാനമന്ത്രി പറഞ്ഞു.