മകന്റെ കല്യാണത്തിനു വന്നവർക്ക് മരത്തൈകൾ നൽകി പ്രകൃതിസംരക്ഷണത്തിന്റെ പാഠം പകർന്നു, കർമ്മ മേഖലകളിലാകെ പച്ചപ്പൊരുക്കി ആഗോള താപനത്തിൽ നിന്ന് കരകയറാൻ നാടിനു കരുത്തേകി, നദീ സംയോജനത്തിന്റെ പ്രയോജനം അറിയിക്കാൻ ജലയാത്രയുമായി രാജ്യസഞ്ചാരം. ഭൂമിക്ക് തണലൊരുക്കലാണ് ഡോ. ടി.പി. രവീന്ദ്രന്റെ ജീവിതദൗത്യം. കൊടൈക്കനാലിലെ കൊച്ചുകുട്ടികൾക്കും ഡോ. രവീന്ദ്രൻ എന്ന പേര് പരിചിതമാണ്. മലയാളിയാണെങ്കിലും ജോലിക്കായി ചേക്കേറിയ കൊടൈക്കനാൽ അദ്ദേഹത്തിന് ജന്മനാട് പോലെയാണ്. പ്രകൃതിസനേഹി, സാമൂഹ്യപ്രവർത്തകൻ, ബാലവേലയ്ക്കും മദ്യത്തിനുമെതിരായ പ്രചാരകൻ, അശരണരുടെ സംരക്ഷകൻ, സന്നദ്ധപ്രവർത്തകൻ, കരാറുകാരൻ, കർഷകൻ. കൊടൈക്കനാലുകാർക്ക് ഡോ. രവീന്ദ്രൻ ഇങ്ങനെയൊക്കെയാണ്. ടെലികോം ജീവനക്കാരനായ രവീന്ദ്രന്റെ വരുമാനത്തിലെ ഒരുപങ്ക് പ്രകൃതി സംരക്ഷണത്തിനും കുട്ടികളുടെ പഠനത്തിനുമുള്ളതാണ്.
പുനലൂരിന്റെ പുത്രൻ
പുനലൂർ മാത്ര രഘുവിലാസത്തിൽ പരേതരായ പത്മനാഭൻ ഭവാനി ദമ്പതികളുടെ നാലാമത്തെ മകനായ രവീന്ദ്രൻ ടെലികോം വകുപ്പിൽ ജോലിയുള്ള സഹോദരീ ഭർത്താവിന്റെ സഹായത്തോടെയാണ് 1974 ൽ കൊടൈക്കനാലിൽ എത്തുന്നത്. ടെലികോമിൽ ജോലി ലഭിച്ചെങ്കിലും ഉപജീവനത്തിന് മതിയാകാതെ വന്നതോടെ ചെറിയ കരാർ ജോലികൾ കൂടി ഏറ്റെടുത്തു. മുപ്പതു വർഷം മുൻപ് വലിയൊരു കെട്ടിടത്തിന്റെ കരാർ ഏറ്റെടുത്ത് വിജയം കണ്ടതോടെ ഉയർച്ചയുടെ പടവുകൾ തെളിഞ്ഞുകിട്ടി. സൺ ബിൽഡേഴ്സ് എന്ന കമ്പനിക്ക് രൂപം നൽകി നിർമ്മാണ മേഖലയിൽ സജീവമായി. കോടമഞ്ഞും തണുപ്പും പ്രകൃതിസൗന്ദര്യവും ഒത്തുചേർന്ന് വിനോദസഞ്ചാരികളുടെ ഇഷ്ടനാടായി മാറിയ കൊടൈക്കനാലിൽ രവീന്ദ്രനും സുഖലോലുപമായ ജീവിതം നയിക്കാമായിരുന്നു. ബാല്യം മുതലേ പ്രകൃതിസനേഹിയായ അദ്ദേഹം മാറുന്ന കാലാവസ്ഥയിൽ ആഗോളതാപനത്തിന്റെ ഭീഷണിയിൽ നിന്ന് നാടിനെ സംരക്ഷിക്കാനുള്ള പ്രവർത്തനം ഏറ്റെടുത്തു. ദേശീയ നദികളുടെ സംയോജനം, ജലയാത്ര പ്രോത്സാഹനം, പ്രകൃതി സംരക്ഷണം തുടങ്ങിയ ആശയങ്ങളുടെ പ്രചാരണത്തിന് ഒഴിവു വേളകൾ തിരഞ്ഞെടുത്തു. കൊടൈക്കനാൽ സോഷ്യൽ ആക്ഷൻ മൂവ്‌മെന്റ്, ലയൺസ് ക്ലബ്ബ് എന്നീ സംഘടനകളിലൂടെയാണ് ഈ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത്. ഭൂമിക്കൊരു തണൽ എന്ന ലക്ഷ്യത്തോടെ കൊടൈക്കനാൽ, മധുര, ദിണ്ഡികൽ പ്രദേശങ്ങളിലായി ലക്ഷക്കണക്കിന് വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ച് സംരക്ഷിച്ചു വരികയാണ്.
കൊടൈക്കനാലിൽ പച്ചപ്പൊരുക്കി
കൊടൈക്കനാലിൽ ഇന്നുള്ള മരങ്ങളിൽ പലതും പ്രകൃതിക്ക് ദോഷംചെയ്യുന്നതും ജലചൂഷണം നടത്തുന്നവയുമാണ്. ഇവ നാടിന്റെ ആവാസ വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് മനസിലാക്കിയാണ് പ്രകൃതിക്ക് ഇണങ്ങുന്ന മരങ്ങൾ വച്ചുപിടിപ്പിക്കാൻ രവീന്ദ്രൻ മുന്നിട്ടിറങ്ങിയത്. പതിനഞ്ചു വർഷമായി തുടരുന്ന ഈ പ്രവർത്തനത്താൽ കൊടൈക്കനാലിൽ പച്ചപ്പായി തലഉയർത്തി നിൽക്കുന്നത് നൂറുകണക്കിന് മരങ്ങളാണ്. മരംനടീൽ പ്രഹസനമാക്കുകയല്ല, അവയ്ക്ക് സംരക്ഷണവേലിയൊരുക്കി വളർച്ചയുടെ ഓരോ ഘട്ടങ്ങളും വിലയിരുത്തിയാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. തൈകൾ അത് നട്ടുപിടിപ്പിച്ച വി. ഐ. പികളുടെയും കുട്ടികളുടെയും പേരിലാണ് അറിയപ്പെടുന്നത്. ഗവർണർമാരും മന്ത്രിമാരും കളക്ടർമാരും ജഡ്ജിമാരും ഉൾപ്പെടെ തൈനടീൽ യജ്ഞത്തിൽ പങ്കാളികളായത് ആയിരങ്ങളാണ്. കോളനികൾ, കോളേജുകൾ, സ്‌കൂൾ കാമ്പസുകൾ എന്നിവ കേന്ദ്രീകരിച്ചാണ് വൃക്ഷത്തൈ പരിപാലനം. ആയിരം മരം കൊടൈക്കനാൽ മദർതെരേസ യൂണിവേഴ്സിറ്റി കാമ്പസിൽ നട്ടുപരിപാലിക്കുന്നുണ്ട് ഡോ. രവീന്ദ്രൻ. തമിഴ്നാട് ഗവർണറുടെ സാന്നിധ്യത്തിൽ മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ ഒരു മിനിറ്റിൽ രണ്ടായിരം മരം നട്ടുപിടിപ്പിച്ചത് വാർത്താമാധ്യമങ്ങളുടെ ശ്രദ്ധനേടി. മൂത്തമകന്റെ വിവാഹവും പ്രകൃതിസനേഹം വെളിപ്പെടുത്തുന്നതായിരുന്നു. വിവാഹത്തിൽ പങ്കെടുത്തവർക്കായി ഇരുപതിനായിരം ബട്ടർഫ്രൂട്ടിന്റെ തൈകളാണ് വിതരണം ചെയ്തത്. തമിഴ്നാട് സർക്കാരിന്റെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡും ഡോ. ടി. പി രവീന്ദ്രനെ തേടിയെത്തി. ഭൂമിയെ സംരക്ഷിച്ചില്ലെങ്കിൽ ഓക്സിജൻ സിലിണ്ടറുമായി നടക്കുന്ന ഭാവിതലമുറയെ കാണേണ്ടിവരും എന്ന തിരിച്ചറിവിൽ നിന്നാണ് പ്രകൃതി സംരക്ഷണം എന്ന ദൗത്യം രവീന്ദ്രൻ ജീവിത വ്രതമാക്കിയത്. പ്ലാസ്റ്റിക്കിനെതിരായ ബോധവത്ക്കരണത്തിന്റെ ഭാഗമായി സ്വന്തം ചെലവിൽ പതിനായിരക്കണക്കിന് തുണിസഞ്ചികൾ നിർമ്മിച്ചു നൽകിവരുന്നു. പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിൽ ദുരന്തം അനുഭവിക്കേണ്ടി വരുന്നത് ഭാവി തലമുറയാണ്. ഇന്നു നാം ചെയ്യുന്ന ഒരു നല്ല പ്രവർത്തി നാളെകൾക്ക് തണലാകണം. ദാരിദ്ര്യം അനുഭവിക്കുന്ന സഹജീവികളെ സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. സൗജന്യ കിണറുകൾ, വാട്ടർ ക്വിയോസ്‌ക്കുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണ പദ്ധതികൾ എന്നിവ നടപ്പാക്കിയതിനൊപ്പം കിളസ്ഥലത്തിന്റെ കുറവ് പരിഹരിക്കാൻ മുനിസിപ്പാലിറ്റിക്ക് സ്റ്റേഡിയവും നിർമ്മിച്ചു നൽകി. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കാൻ കുപ്പത്തൊട്ടികൾ സ്ഥാപിച്ചതിനൊപ്പം നഗരശുചീകരണം, പോസ്റ്റ് മാൻമാർക്കും സ്‌കൂൾ കുട്ടികൾക്കും കുട, സൈക്കിൾ വിതരണം എന്നിവയും നടത്തിവരുന്നു. കൊടൈക്കനാൽ മദർതേെരസ യൂണിവേഴ്സിറ്റി കാമ്പസ്, നിലകോട്ട ആർട്സ് ആൻഡ് സയൻസ് കോളേജ്, നൂറ് കണക്കിന് ബംഗ്ലാവുകൾ ഉൾപ്പെടെ സൺ ബിൽഡേഴ്സിന്റെ കൈയ്യൊപ്പ് പതിഞ്ഞ കെട്ടിടങ്ങൾ നിരവധിയാണ്. വസ്തുക്കച്ചവടത്തിൽ നിലനിന്ന കള്ളത്തരങ്ങൾ മനസ്സിലാക്കിയതോടെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്കും തിരിഞ്ഞു.
ദരിദ്രർക്ക് എന്നും കൈത്താങ്ങ്
ദാരിദ്ര്യരേഖയ്ക്ക് താഴെവരുന്ന ആയിരത്തോളം കുടുംബങ്ങൾക്ക് മാസംതോറും വീട്ടാവശ്യത്തിനുള്ള പലചരക്ക് സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നതിനൊപ്പം തണുപ്പിൽ നിന്നുള്ള സംരക്ഷണത്തിന് കമ്പിളിയും ഡോക്ടറുടെ വകയാണ്. ഉന്നതവിദ്യാഭ്യാസം ഉൾപ്പെടെ 300 കുട്ടികളുടെ പഠനത്തിന്റെ മൊത്തം ചെലവും ഏറ്റെടുത്ത് ഈരംഗത്തും ലക്ഷക്കണക്കിന് രൂപയുടെ സഹായഹസ്തമാണ് നീട്ടുന്നത്. ഇതിൽ എൻജിനിയറിംഗ്, നിയമപഠനം, പി.ജി വരെ പഠിക്കുന്ന വിദ്യാർത്ഥികളുണ്ട്. 2004ൽ കൊളംബോ ഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി വാസ്തു സയൻസിൽ ഡോക്ടറേറ്റ് നൽകി ആദരിച്ചു. തമിഴ്നാട് സർക്കാരിന്റെ പുരസ്‌ക്കാരങ്ങൾക്ക് പുറമേ മലേഷ്യൻ തമിഴ് സംഘം, ഡൽഹി തമിഴ് സംഘം, ചെന്നൈ തമിഴ്സംഘം ഇവയുടെയെല്ലാം പുരസ്‌ക്കാരങ്ങൾക്കും അർഹനായി. എല്ലാത്തിനും കൈത്താങ്ങായി ഭാര്യ ആശാ രവീന്ദ്രനും കോയമ്പത്തൂരിൽ ഫ്‌ളെയർ ആർക്കിടെക് കമ്പനിയുടെ സാരഥിയും എം. ആർക്ക് ബിരുദധാരിയുമായ മകൻ അരുണും ഭാര്യ ദീപുവും യു. കെ. യിൽ ഉപരിപഠനം നടത്തുന്ന ഇളയമകൻ കിരണുമുണ്ട്.
നാടിന്റെ പ്രിയപ്പെട്ടവൾ
കൊടൈക്കനാൽ നഗരസഭ ഭരണത്തിലും കഴിഞ്ഞ രണ്ട് തവണയായി മലയാളിവനിതയുടെ സാന്നിദ്ധ്യമുണ്ട്. ഡോ. ടി. പി. രവീന്ദ്രന്റെ ഭാര്യ ആശാ രവീന്ദ്രനാണത്. പത്തനാപുരം കുണ്ടയം സ്വദേശിയായ ആശ 1987ലാണ് ടി. പി രവീന്ദ്രന്റെ ജീവിത സഖിയായത്. രവീന്ദ്രനൊപ്പം ആശയും അവിടുത്തെ സാധാരണക്കാരുടെ പ്രിയപ്പെട്ടവളായി. നാട്ടുകാരുടെ അഭ്യർത്ഥനയ്ക്ക് വഴങ്ങി 2007ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ആശാരവീന്ദ്രൻ നഗരസഭാ കൗൺസിലിലേക്ക് ടൗൺ 12ാം വാർഡിൽ നിന്നും മത്സരിച്ചു. പ്രമുഖപാർട്ടികളുടെ സ്ഥാനാർത്ഥികളെ പിന്തള്ളി 46 ശതമാനം വോട്ട് നേടി വിജയിച്ചു. പോസ്റ്റർ പ്രളയങ്ങളോ ഉച്ചഭാഷണിയിലൂടെയുള്ള പ്രചാരണങ്ങളോ ഇല്ലാതെ വീടുകൾ കയറിയുള്ള നിശബ്ദ പ്രചാരത്തിലൂടെയായിരുന്നു ആ വിജയം. രണ്ടാംതവണ ഇതേ വാർഡിൽ നിന്നു സ്വതന്ത്രയായി മത്സരിച്ച് 68 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. കുണ്ടയം തങ്കച്ചിഭവനിൽ അദ്ധ്യാപകനായിരുന്ന വിദ്യാധരൻ തങ്കച്ചി ദമ്പതികളുടെ മകളാണ് ആശ.