പത്മനാഭോ അമരപ്രഭോ എന്നതിനു പകരം പത്മനാഭോ മരപ്രഭോ എന്നെഴുതിയ പൂന്താനത്തിനെ മേല്പത്തൂർ നാരായണഭട്ടതിരി പരിഹസിച്ചു. ഗുരുവായൂരപ്പൻ സ്വപ്നത്തിൽ മേൽപ്പത്തൂരിനോട് പറഞ്ഞുപോലും ഞാൻ അമരപ്രഭു മാത്രമല്ല, മരപ്രഭുവും കൂടിയാണ്. ഇടം വലം താമരപൂക്കൾ വിരിഞ്ഞു നിൽക്കുന്ന ചതുപ്പിനെ പകുത്തുകൊണ്ട് കൊല്ലകൽ തറവാട്ടിലേയ്ക്ക് നീളുന്ന വീട്ടുവഴി. ഒരു തപോവനം പോലെ വിശുദ്ധമായ നാലര ഏക്കറിൽ 'അഹമഹമികാധിയാ' വളർന്നു പൊന്തിയ മാമരങ്ങളും, അവയിൽ പ്രണയഭാവത്തോടെ പടർന്നേറിയ ലതാസുന്ദരികളും ഉപ്പുമണം കുടഞ്ഞെറിഞ്ഞ് ചന്ദനമരങ്ങളെ തൊട്ടുതലോടി എത്തുന്ന കായംകുളം കായലിലെ കാറ്റും ഇരുണ്ട വനഖണ്ഡത്തിലേയ്ക്ക് പച്ചിലച്ചാർത്തിനിടയിൽ കൂടി അരിച്ചെത്തുന്ന പ്രകാശ രേണുക്കളും പറവകളും ശലഭങ്ങളും പുൽനാമ്പുകളും എന്നു വേണ്ട പ്രകൃതി ഒന്നാകെ ഹൃദയത്തോടു ചേർത്തു നിർത്തുകയാണ് അവരുടെ പ്രാണന്റെ പ്രാണനായ അമ്മ ദേവകിയമ്മയെ. കോൺക്രീറ്റ് വനങ്ങളിൽ ജീവിച്ച് പ്രകൃതി സ്‌നേഹം മൊത്തമായും ചില്ലറയായും ഫേസ്ബുക്ക് അടക്കമുളള നവമാധ്യമങ്ങളിലൂടെ വിളമ്പുന്ന ചില പരിസ്ഥിതിസ്‌നേഹികൾ ജീവിതത്തിൽ ഒരിക്കലെങ്കിലും വരണം, വനമില്ലാത്ത ആലപ്പുഴ ജില്ലയിൽ കൊല്ലകൽ ദേവകിയമ്മ നട്ടു നനച്ചു വളർത്തിയ ഈ വനഭൂമി കാണുവാൻ, ഹരിതകംബളം പുതച്ചുറങ്ങുന്ന മണ്ണിന്റെ തണുപ്പും ശുദ്ധവായുവും നുകരാൻ. നാലര ഏക്കറിൽ ഇടതിങ്ങി വളരുന്നത് 800 ജാതി ( സ്പീഷ്യസ്) സസ്യലതാദികൾ, അവയിൽ 250 ഇനമെങ്കിലും നമ്മുടെ നാട്ടിൻ പുറത്ത് അപൂർവ്വം. മക്കളെ എന്ന പോലെ ഓരോ മരത്തേയും വാത്സല്യത്തോടെ തൊട്ടുതലോടി കടന്നുപോകുമ്പോൾ അവയുടെ പേരും നാൾവഴിയും ആ നിമിഷം വരെയുള്ള വിശേഷങ്ങളുമൊക്കെ ദേവകിയമ്മയ്ക്ക് മനഃപാഠം. കുളത്തിനരിക്കെ നിൽക്കുന്ന ഒരു മരത്തിനു നേരെ വിരൽ ചൂണ്ടി മുത്തശ്ശി പറഞ്ഞു.
''അത് നീർമാതളം, പൂവിട്ടു വരുന്നതേയുളളു. മാധവിക്കുട്ടിയുടെ നീർമാതളം പൂത്തകാലം വായിച്ചിട്ടില്ലേ? ഇത് ബഷീറിന്റെ മാങ്കോസ്റ്റിൻ. ഈ ശിംശിപാ വൃക്ഷത്തിന്റെ ചുവട്ടിലാണ് വിരഹിണിയായ സീതാദേവി മലിനവസനധാരിയായി കഴിഞ്ഞത്. ഓ... നീലക്കടമ്പ് പൂത്തു നിൽക്കുന്നത് കണ്ടില്ലേ ? എന്തു ഭംഗി. കാളിയന്റെ കൊടുംവിഷത്താൽ സമസ്ത സസ്യജാലങ്ങളും കരിഞ്ഞുണങ്ങിയപ്പോൾ നീലക്കടമ്പ് മാത്രം ഉണങ്ങാതെ നിന്നു. കൃഷ്ണനാലിന്റെ ഇലകളിൽ പിടിച്ചു കൊണ്ട് ദേവകിയമ്മ ചോദിച്ചു. ഇതിന്റെ ഇലകൾ ഇങ്ങനെ കപ്പിന്റെ ആകൃതിയിലായ കഥ അറിയുമോ? ഉണ്ണിക്കണ്ണൻ വെണ്ണയും തൈരുമെല്ലാം മോഷ്ടിക്കുന്നത് ഈ ആലില കുമ്പിൾ കുത്തിയായിരുന്നു. കുറെയായപ്പോൾ ആലില തന്നെ കപ്പിന്റെ ആകൃതിയിലായി.'' അമ്മ പറയുന്നതെല്ലാം തലയാട്ടി സമ്മതിച്ചു തരികയാണ് തൊടിയിൽ കായ്ച്ചും പൂവിട്ടും തളിർത്തും നിൽക്കുന്ന പച്ചക്കാട്.
കൊല്ലകൽ തറവാട്ടു വളപ്പിലെ വൃക്ഷവിശേഷങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. ഓരോ കഥയും പുതുതാണ്, പ്രാണനേക്കാളേറെ മരങ്ങളെ സ്‌നേഹിച്ച അവരുടെ ജീവിതം കൂടിയാണത്. മുറ്റത്തു നിൽക്കുന്ന പച്ചകായ്കളുളള മരത്തിൽ ആരുടെയും സവിശേഷമായ ശ്രദ്ധ പതിയും. സംഗതി ആഫ്രിക്കൻ വംശജനും ഇന്ത്യയിലേയ്ക്ക് കുടിയേറ്റക്കാരനായി എത്തിയ അതിഥിയുമാണ്. സന്യാസിമരം, കമണ്ഡലുമരം എന്നൊക്കെ വിളിപ്പേരുണ്ട്. ഇതിന്റെ കടുപ്പമേറിയ കായ്കളാണ് ഹിമാലയ സാനുക്കളിലെ യതികളും മറ്റും കമണ്ഡലുവായും ഭിക്ഷാപാത്രമായും ഉപയോഗിച്ചിരുന്നത്. ബവോബ മരവും ആഫ്രിക്കൻ തന്നെ ലോകത്തിൽ ഏറ്റവും വലുപ്പമേറിയ മരങ്ങളിൽ ഒന്നാണ്. ജലസംഭരണിയായ ഈ മരത്തിൽ കൊമ്പുകളിറക്കി ആഫ്രിക്കൻ ആനകൾ ദാഹമകറ്റുന്നു. മറ്റു മൃഗങ്ങളും ആനയുടെ ചെലവിൽ ഈ സൗകര്യം ഉപയോഗപ്പെടുത്തും.
എത്രയെത്ര പക്ഷികളാണെന്നോ കൊല്ലകൽ തറവാട്ടുവളപ്പിലെ വൃക്ഷങ്ങളിൽ പാറിപ്പറക്കുന്നത്. അവരിൽ സ്വദേശികളും വിദേശികളുമുണ്ട്. പക്ഷികളുടെ കളകൂജനത്താൽ മുഖരിതമാണ് ഈ അന്തരീക്ഷം. പൂക്കളിൽ നിന്ന് പൂക്കളിലേക്ക് പറന്ന് തേൻ കുടിക്കുന്ന പല ഇനം തേൻകുരുവികൾ, മൂളക്കത്തോടെ പറന്നു നടക്കുന്ന കരിവണ്ടുകൾ, അന്തരീക്ഷത്തിൽ മഴവില്ലഴകായി പാറുന്ന പൂമ്പാറ്റകൾ. പ്രകൃതിയൊരുക്കുന്ന സംഗീതമല്ലാതെ മറ്റൊന്നുമില്ല, വന്യമായ ഈ ശാന്തതയെ ഇടയ്ക്കിടയൊന്നു ഭഞ്ജിക്കുവാൻ. മണ്ണിനുമീതെ വർഷങ്ങളുടെ കരിയിലകൾ വീണടിഞ്ഞ് പലയിടങ്ങളിലും ജൈവപാളി മഴവെള്ളത്തെ സ്‌പോഞ്ചു പോലെ ആഗിരണം ചെയ്യുന്നതിനാൽ വെള്ളക്കെട്ടുണ്ടാകുന്നില്ല. കൊടിയ വേനൽക്കാലത്തും ഈർപ്പം നിലനിറുത്താൻ ജൈവപാളിക്ക് കഴിയുന്നു.
ഇലകളിൽ അക്ഷരം കോറിയിട്ട ഒരു മരം, ഓട്ടോഗ്രാഫ് മരം. ഈ ഹരിതഭൂമിയിൽ തീർത്ഥാടകരെ പോലെ എത്തുന്ന വിദ്യാർത്ഥികൾ അവരുടെ പേരുകൾ നോട്ടുബുക്കിലെന്നതുപോലെ ദീർഘനാൾ കൊഴിയാതെ നിൽക്കുന്ന ഓട്ടോഗ്രാഫ് മരത്തിന്റെ ഇലകളിൽ കോറിയിട്ടിരിക്കുന്നു. ഓർമ്മമരം തന്നെയാണത്. പാലകൾ തന്നെ എത്ര ഇനമുണ്ടെന്ന വിസ്മയം തോന്നും ഇവിടെ നിൽക്കുമ്പോൾ. ഏഴിലം പാല, കുടകപ്പാല, ദന്തപ്പാല, വള്ളിപ്പാല, കമ്പിപ്പാല, കുണ്ഡലപ്പാല, മുടി പിന്നിട്ടിരിക്കുന്നതുപോലെ ഇലകളുള്ള ബാലുജടാലു, കുട നിവർത്തിയതുപോലെ ആകൃതിയിൽ അംബർലാട്രീ. മെതിയടിക്കുപയോഗിക്കുന്ന കരിഞ്ഞൊട്ട, മെഴുകുതിരിയുടെ ആകൃതിയിൽ കായ്കളുള്ള മെഴുകുതിരിമരം, പേപ്പട്ടി വിഷത്തിനുപയോഗിക്കുന്ന അങ്കോലം, ഹിമാലയൻ ചെമ്പകം, രുദ്രാക്ഷം, ഭദ്രാക്ഷം, ഉത്രാക്ഷം, ചന്ദനം, രക്തചന്ദനം, ചന്ദനവേപ്പ്, ബ്രൂണിയ, ചമത, ചെമ്മരം, തിത്തരാജമരം, നീർമരുത്, ലസൂറ, ഇലിപ്പ, കുമ്പിൾ, കരിമരം, കാഞ്ഞിരം, വള്ളിക്കാഞ്ഞിരം... ഇവിടെയുള്ള പേരു പറഞ്ഞാൽ തീരില്ല. മിക്കമരങ്ങളിലും അവയുടെ പേരും ശാസ്ത്രീയ നാമവും എഴുതി തൂക്കിയിട്ടിരിക്കുന്നു. കടുത്ത വേനലിലും വറ്റാത്ത കുളങ്ങളിലൊന്നിൽ വിരിഞ്ഞു നിൽക്കുന്ന നീലത്താമര കണ്ട് അത്ഭുതം കുറവേ വഴികാട്ടിയും സസ്യശാസ്ത്രത്തിൽ ബിരുദവുമുളള പുതിയവിള രവികുമാർ തിരുത്തി. നീലത്താമര എന്നൊന്നില്ല. കവിഭാവന മാത്രം. നീലആമ്പലിനെയാണ് നീലത്താമരയായി തെറ്റിദ്ധരിക്കുന്നത്. താമരയും ആമ്പലും ഒരേ കുടുംബക്കാരെങ്കിലും പ്രകടമായ വ്യത്യാസങ്ങളും കാണാം. ഇലകൾ തന്നെ നോക്കൂ. അപ്പോൾ അറിയാം, രണ്ടും രണ്ടാണെന്ന്.
ഒരിക്കൽ 200 പറ നിലം കൃഷിയുണ്ടായിരുന്ന തറവാടായിരുന്നു കൊല്ലകൽ. അന്ന് കച്ചി ഉണക്കിയിരുന്നത് ഈ വെളിമ്പറമ്പിലായിരുന്നു. നോക്കാനാളില്ലാതെ വന്നതോടെ നെൽകൃഷി നാമമാത്രമായി ചുരുങ്ങി. ഒരു കാറപകടത്തിൽ ദേവകിയമ്മയുടെ വലതുകാലിന് പരിക്കേറ്റു. അതോടെ നടപ്പിന് സ്വാധീനം കുറഞ്ഞു. യാത്രകൾ ചുരുങ്ങി. തുടർന്ന് ജീവിതം പച്ച പിടിച്ചു തുടങ്ങി. അങ്ങനെ സുഗതകുമാരി ടീച്ചറിനുശേഷം ഇന്ദിരാപ്രിയദർശിനി വൃക്ഷമിത്ര അവാർഡ് (അന്ന് ഒരു ലക്ഷം രൂപ ഇന്നത് രണ്ടരലക്ഷം) പുതിയവിള എന്ന കുഗ്രാമത്തിൽ പത്താംതരം മാത്രം പഠിപ്പുളള ഒരു സാധാരണ വീട്ടമ്മയെ തേടിയെത്തി. ഇതിന് ഒരു അനുബന്ധം കൂടിയുണ്ട്. 2003 ൽ പ്രഖ്യാപിക്കപ്പെട്ട വൃക്ഷമിത്ര അവാർഡ് 2005 ൽ ദേവകിയമ്മ സ്വീകരിക്കുമ്പോൾ, 2002 ൽ പ്രഖ്യാപിക്കപ്പെട്ട അതേ പുരസ്‌കാരം അതേ വേദിയിൽ തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിനു വേണ്ടി ദേവകിയമ്മയുടെ മൂത്ത മകൾ തങ്കമണി ടീച്ചറും ഏറ്റുവാങ്ങി. അങ്ങനെ അമ്മയും മകളും രാജ്യത്തെ പരമോന്നത പരസ്ഥിതി പുരസ്‌കാരങ്ങളിലൊന്ന് ഒരേ ദിവസം ഒരേ വേദിയിൽ ഏറ്റുവാങ്ങുക എന്ന അപൂർവതയ്ക്കും രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചു. ചരിത്രത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന യാദൃശ്ചികത. അംഗീകാരങ്ങൾ തേടിയല്ല , ഇതൊക്കെ ചെയ്തതെങ്കിലും ദേവകിയമ്മയെ തേടി അതെത്തുകയായിരുന്നു. കേന്ദ്ര സർക്കാറിന്റെ വൃക്ഷമിത്രക്കു പുറമേ സംസ്ഥാന സർക്കാറിന്റെ വനമിത്ര പുരസ്‌കാരം, സ്വദേശി സയൻസ് പ്രസ്ഥാനത്തിന്റെ ഭൂമിത്രപുരസ്‌കാരം, കേരള സംസ്ഥാനജൈവൈവിധ്യ ബോർഡിന്റെ ഹരിതവ്യക്തി പുരസ്‌കാരം, ആലപ്പുഴ ജില്ല സാമൂഹ്യവനവത്കരണ പുരസ്‌കാരം. പുരസ്‌കാരത്തികവിലും എൺപതിന്റെ നിറവിലും ധന്യമായ ഒരു ജീവിതം സ്വരൂക്കൂട്ടിയ ഈടുവെയ്പ്പുകൾക്ക് തന്റെ കാലശേഷവും മക്കൾ അഞ്ചുപേരും ചേർന്ന് സംരക്ഷണ കവചം തീർക്കും എന്ന പ്രതീക്ഷയിലാണ് മുത്തശ്ശി.
ദേവകിയമ്മ കാൽ നഖേന്ദു മരീചികളെ പിന്തുടരുന്ന മകൾ തങ്കമണി തിരുവനന്തുപുരം എൻജിനീയറിംഗ് കോളേജിൽ എൺവയോൺമെന്റ് എൻജിനീയറിംഗ് വിഭാഗം മേധാവിയായിട്ടാണ് റിട്ടയർ ചെയ്തത്. കേരള സംസ്ഥാന മലിനീകരണ ബോർഡിൽ മെമ്പർ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അക്കേഷ്യ മരങ്ങൾ മാത്രം വളർന്നു നിന്നിരുന്ന കോളേജ് കാമ്പസ്സ്, കോളേജ് പരിസ്ഥിതി ക്ലബ്ബിന്റെ കോർഡിനേറ്ററായി പ്രവർത്തിച്ചു കൊണ്ട് തങ്കമണി ടീച്ചർ വിദ്യാർത്ഥികളെ ഒപ്പം കൂട്ടി. അവരുടെ സഹായത്തോടെ വനവൃക്ഷങ്ങളും ഫലവൃക്ഷങ്ങളും പുഷ്പിത സസ്യങ്ങളും വെച്ചുപിടിപ്പിച്ചു. കൊല്ലകൽ തറവാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്കുളള ഓരോ യാത്രയിലും കഴിയുന്നത്ര വൃക്ഷ തൈകൾ കൂടെ കൊണ്ടുപോയി. ട്രീസ് ഓഫ് എൻജിനീയറിംഗ് കോളേജ് എന്ന പേരിൽ വൃക്ഷങ്ങളെക്കുറിച്ചും, ഫെതേർഡ് ഫ്രണ്ട്സ് ഓഫ് ഔവർ കാമ്പസ് എന്ന പേരിൽ പക്ഷികളെക്കുറിച്ചും ഫ്‌ളൈയിംഗ് ജ്യുവൽസ് ഒഫ് ഔവർ കാമ്പസ്സ് എന്ന പേരിൽ പൂമ്പാറ്റകളെക്കുറിച്ചും പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. വൃക്ഷമിത്ര ഉൾപ്പെടെ ആറ് അവാർഡുകൾ കോളേജിനുവേണ്ടി സ്വീകരിക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെയാണ് ടീച്ചർ കാമ്പസിന്റെ പടിയിറങ്ങിയത്. ടീച്ചർ മാത്രമല്ല കൊല്ലകൽ തറവാട്ടിലെ അംഗങ്ങളെല്ലാം ദേവകിയമ്മ തെളിയിച്ച ഹരിത വഴിയിലൂടെയാണ് സഞ്ചാരം.ദേവകിയമ്മ ശതാഭിഷക്തയായിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ. വലിയ ആഘോഷങ്ങൾ ഒന്നുമുണ്ടായില്ല.ആയിരം പൂർണചന്ദ്രൻമാരെ ദർശിച്ച മിഴികൾ കാലപ്രവാഹത്തിന് മുമ്പിൽ പ്രാർത്ഥാനിരതം കൂമ്പി നിൽക്കുന്നു, മരം ഒരു വരമാണെന്ന തിരിച്ചറിവോടെ.