അപ്രതീക്ഷിതമായ മരണങ്ങൾക്കാണ് പലപ്പോഴും പോസ്റ്റുമാർട്ടം ആവശ്യമായി വരുന്നത്. ഔദ്യോഗിക ജീവിതത്തിൽ പോസ്റ്റുമാർട്ടവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ എഴുതുകയാണ് ഡോക്ടർ കൃഷ്ണൻ ബാലേന്ദ്രൻ. ആശുപത്രികളിൽ ആരും പോകാനും ചെല്ലാനുമിഷ്ടപ്പെടാത്ത ഒരു സ്ഥലമാണ് മോർച്ചറി, മിക്കവാറും ആശുപ്ത്രി കെട്ടിടത്തിന്റെ ആളൊഴിഞ്ഞ കോണിൽ എവിടെ എങ്കിലുമാവും മോർച്ചറിയുടെ കെട്ടിടം സ്ഥിതിചെയ്യുന്നത്. പോസ്റ്റുമാർട്ടം പരിശോധനയ്ക്കായി ഇവിടെ എത്തുന്നവർ പലപ്പോഴും മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കളും ആയിരിക്കില്ല. അത് നല്ലതാണെന്ന അനുഭവമാണ് ഡോക്ടർക്കുള്ളത്.
മരണം അവശേഷിക്കുന്നത് ഒരു മരവിപ്പാണ്, അതിന് തണുപ്പാണ് മനസിലെ ഈ തണുപ്പാണ് മോർച്ചറിയിലും പരിസരത്തായി കൂടിയിരിക്കുന്ന മനുഷ്യരിലും ഉള്ളത് ഇതല്ലാതെ അവിടെ മറ്റു സൗകര്യങ്ങളൊന്നും, ഇരിക്കാൻ ഒരു കസേരയോ അവിടെ കാണാറില്ലെന്ന് ഡോക്ടർ എഴുതുന്നു. ആരോടും സംസാരിക്കാത്ത രഹസ്യ സ്വഭാവം കാക്കേണ്ട ഒരാളാണ് പോസ്റ്റ്മാർട്ടം ചെയ്യേണ്ട ഡോക്ടർ. പോസ്റ്റ്മാർട്ടം ചെയ്ത് കഴിഞ്ഞാൽ 72 മണിക്കൂറിനകം തന്നെ റിപ്പോർട്ട് തയ്യാറാക്കി അധികാരികൾക്ക് നൽകണം. എന്നാൽ ഒരു പകർപ്പ് ബന്ധുക്കൾക്കും കൈമാറേണ്ടതുണ്ട്. മിക്കപ്പോഴും മരിച്ചയാളിന്റെ ഇൻഷ്വർസ് തുകയ്ക്കായി സമർപ്പിക്കുവാനാണ് ബന്ധുക്കൾ ഈ റിപ്പോർട്ട് വാങ്ങാനായെത്തുന്നത്.
ചിലർ ഈ റിപ്പോർട്ട് വാങ്ങി പോവും എന്നാൽ ചിലർ റിപ്പോർട്ടുമായി പോസ്റ്റുമാർട്ടം ചെയ്ത ഡോക്ടറെ കാണാനായെത്തും. പ്രിയപ്പെട്ടവർ ഒരു തണുത്ത കടലാസ് കഷ്ണമായി കൈയ്യിലിരിക്കുമ്പോൾ അവർ ഡോക്ടറോട് അതൊന്ന് വിശദീകരിക്കാൻ,കാരണം അറിയാനെത്തും, എന്നാൽ ചിലർ അവസാനമായി പ്രയപ്പെട്ടവരുടെ ശരീരത്തെ കരുതലോടെ തൊട്ടറിഞ്ഞ ഡോക്ടറുടെ കൈപിടിക്കും. പലപ്പോഴും സ്‌നേഹത്തിന്റെ കണ്ണീരിനാൽ കൈനനയുമെന്നും ഡോക്ടർ കൃഷ്ണൻ ബാലേന്ദ്രൻ ഫേസ്ബുക്ക് പേജിൽ കുറിക്കുന്നു. ആ നിമിഷത്തിൽ സത്യം മാത്രമേ അവിടെയുള്ളൂവെന്നും, എല്ലാ മുറിവുകളും ഉണക്കുന്ന ആ സത്യത്തിന് മരണത്തിന്റെ തണുത്ത മരവിപ്പിനെ ഉരുക്കാനാവുമെന്നും ഡോക്ടർ വിശ്വസിക്കുന്നു.