സർവനാശത്തിന്റെ പ്രതീകമാണ് ഈ പാടങ്ങൾ. ഒരിക്കൽ ലാഭമുണ്ടാക്കി നെല്ലും മരച്ചീനിയും വിളഞ്ഞ പാടങ്ങൾ നദിയുടെ അടിത്തട്ടിൽ നിന്ന് ഒഴുകി വന്ന ചെളിയും പ്രളയം അടിച്ചുകയറ്റിയ മാലിന്യങ്ങളും മൂടിക്കിടക്കുന്നു. ഏക്കറുകൾ കണക്കിന് കൃഷിഭൂമിയിൽ ചെളിയുടെയും മാലിന്യങ്ങളുടെയും ഈ മാരകമായ മിശ്രിതം സൂര്യന്റെ കത്തുന്ന ചൂടിൽ ഉണങ്ങി കട്ടിപിടിച്ച് മണ്ണിന് മുകളിൽ ഒരു കോൺക്രീറ്റ് പുതപ്പ് പോലെ മൂടിയിരിക്കുന്നു. ഭൂമിയുടെ ജലാവരണം പാതാളത്തിലേക്ക് താഴ്ന്നു. ഭൂഗർഭജലത്തിന്റെ പുനരുജ്ജീവന സമൃദ്ധി സംഭവിക്കുന്നില്ല. കിണറുകൾ വറ്റുന്നു. ചൂട് കൂടുന്നു. ഇതെല്ലാം ഭൂമിയുടെ ഉപരിതലത്തിലെയും ഭൂഗർഭത്തിലെയും ജലസമവാക്യങ്ങൾ പാടേ തെറ്റിച്ചു. നദികളുടെ പരിസ്ഥിതി മാറിമറിഞ്ഞു. അടിയിലെ മണൽത്തട്ടും ചെളിയും നഷ്ടപ്പെട്ടതോടെ നദികൾക്കും അരുവികൾക്കും വെള്ളം പിടിച്ചു നിറുത്താനുള്ള ശേഷി നഷ്ടമായി. ഇനി കേരളം നേരിടുന്ന ദുരന്തം വരൾച്ചയായിരിക്കും. ഈ സാഹചര്യങ്ങളിൽ കൃഷി പുനരാരംഭിക്കുക ഉറച്ച മനസുള്ള കർഷകന്റെ പോലും ഹൃദയം തകർക്കുന്ന വെല്ലുവിളിയാണ്.
പക്ഷേ, കുടുംബശ്രീയിലെ വനിതാ കർഷകർക്ക് ഇതൊന്നും ഒരു പ്രശ്നമേ അല്ല. അവർ രണ്ടര ലക്ഷത്തിലേറെ വരും. കേരളത്തിലെമ്പാടും വ്യാപിച്ചു കിടക്കുന്ന അതിബൃഹത്തായ വനിതകളുടെ സാമൂഹ്യ ശൃംഖലയുടെ ഒരു ഭാഗം മാത്രമാണത്. കുടുംബത്തിന്റെ ഐശ്വര്യം എന്നർത്ഥം വരുന്ന കുടുംബശ്രീയിൽ മൊത്തം 45 ലക്ഷം അംഗങ്ങളുണ്ട്. പ്രായപൂർത്തിയായ സ്ത്രീകൾക്കാണ് അംഗത്വം. എങ്കിലും ഒരു കുടുംബത്തിലെ ഒരു സ്ത്രീക്കായി അംഗത്വം പരിമിതപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ 77ലക്ഷം കുടുംബങ്ങളിലെ 60 ശതമാനത്തിലെയും ഒരംഗം ഈ കൂട്ടായ്മയിൽ അംഗമാണ്.
കുടുംബശ്രീയുടെ ഹൃദയം 3.2 ലക്ഷം സ്ത്രീ കർഷകരാണ്. സംഘകൃഷി എന്ന ചെറിയ കൂട്ടുകൃഷി ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇവരുടെ പ്രവർത്തനം. 3.25 ലക്ഷം വനിതാ കർഷകരുൾപ്പെടെ മൊത്തം 45 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ ലിംഗനീതിക്കും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും വേണ്ടി നിലകൊള്ളുന്ന ലോകത്തെ ഏറ്റവും വലിയ പ്രസ്ഥാനമാണ്. ശരാശരി അഞ്ച് അംഗങ്ങൾ വീതമുള്ള 70,000 സംഘകൃഷി ഗ്രൂപ്പുകളാണുള്ളത്. ഓരോ ഗ്രൂപ്പും രണ്ടര ഏക്കറിൽ താഴെയുള്ള പാട്ടത്തിലെടുത്ത ഭൂമിയിലാണ് കൃഷി നടത്തുന്നത്. ചിലയിടങ്ങളിൽ ഒരേക്കറേ കാണൂ. ഭൂരിഭാഗവും ജൈവകൃഷിയാണ്. കൃഷി പാടേ തകർന്ന രാജ്യത്ത് ഈ വനിതകൾ പാട്ട ഭൂമിയിലെ കൃഷി ഫാമുകൾ ലാഭകരമായും ഭക്ഷ്യനീതി എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലും നടത്തുകയാണ്. ഗ്രൂപ്പിലെ എല്ലാ അംഗങ്ങളുടെയും ആവശ്യം കഴിഞ്ഞ് അധികം വരുന്ന ഉത്പന്നങ്ങൾ മാത്രം അവർ വിൽക്കുന്നു.
കാര്യക്ഷമതയുടെയും വിജയത്തിന്റെയും മറ്റൊരു വനിതാ മുന്നേറ്റം രാജ്യത്ത് മറ്റെങ്ങും കാണാൻ കഴിയില്ല. അതിന്റെ തെളിവാണ് ഇവിടെ ബാങ്കുകൾ അവരുടെ പിന്നാലെ ഓടുന്നത്. അവർക്ക് ബാങ്കുകളുടെ പടികൾ കയറി ഇറങ്ങേണ്ട കാര്യമില്ല. ഞങ്ങൾ ഇപ്പോൾ നിൽക്കുന്ന പത്തനംതിട്ട ജില്ലയിൽ കുടുംബ ശ്രീ വനിതകളുടെ വായ്പാ തിരിച്ചടവ് നിരക്ക് 98.5 ശതമാനമാണ്. ചില ഗ്രാമങ്ങളിൽ പ്രാദേശിക ബാങ്കുകളിലെ ഏറ്റവും വലിയ നിക്ഷേപകർ കുടുംബശ്രീയാണ്, പക്ഷേ പ്രളയം സംഘകൃഷിയെ തകർത്തുകളഞ്ഞു. 400 കോടി രൂപയുടെ നഷ്ടമാണ് അവർക്കുണ്ടായത്. അതിൽ 200 കോടിയും കാർഷിക വിളകൾക്കുണ്ടായ നാശമാണ്. മണ്ണിന്റെ ഫലഭൂയിഷ്ടി നഷ്ടപ്പെട്ടതും ഭൂമി വീണ്ടെടുക്കുന്നതിനുള്ള ചെലവും വായ്പ ഇനത്തിലുള്ള നഷ്ടവും മറ്റ് യാദൃച്ഛിക നഷ്ടങ്ങളുമാണ് ബാക്കി. മറ്റ് ചെലവുകൾ എല്ലാം കൂടി കൂട്ടുമ്പോൾ യഥാർത്ഥ നഷ്ടം ഇനിയും ഉയരും.
റാന്നി ബ്ലോക്കിലെ ഒൻപത് പഞ്ചായത്തുകളിലെ 92 ഏക്കർ പാട്ടഭൂമിയിൽ കൃഷി നടത്തിയിരുന്ന 71 സംഘകൃഷി ഗ്രൂപ്പുകൾ ഇക്കൊല്ലം 72 ലക്ഷം രൂപ ബാങ്ക് ലോൺഎടുത്തിരുന്നു. പ്രളയത്തിൽ അതെല്ലാം പോയെന്ന് പ്രമുഖ കുടുംബശ്രീ പ്രവർത്തകയും സംഘ കർഷകയുമായ ഓമന രാജൻ പറഞ്ഞു. ഓമനയുടെ സംഘമായ 'മന്നാ" ( ദൈവത്തിന്റെസമ്മാനം ) കഴിഞ്ഞ വർഷം വാഴക്കൃഷിയിൽ നിന്ന് മാത്രം രണ്ട് ലക്ഷം രൂപ ലാഭമുണ്ടാക്കിയിരുന്നു. ഗ്രൂപ്പിലെ അഞ്ച് അംഗങ്ങളും കഴിഞ്ഞ വർഷം 50,000 രൂപ വീതം ലാഭമുണ്ടാക്കി. ''ജൈവകൃഷിയായതിനാൽ നല്ല വില കിട്ടിയിരുന്നു. പക്ഷേ ഇത്തവണ ഏറ്റവും മികച്ച വില കിട്ടേണ്ട ഓണം സീസൺ നഷ്ടമായി. പ്രളയം എല്ലാം നശിപ്പിച്ചു. പക്ഷേ എല്ലാം ഞങ്ങൾ വീണ്ടും കെട്ടിപ്പടുക്കും-""ഓമന രാജൻ പറഞ്ഞു.
റാന്നിയിലെ അങ്ങാടി ഗ്രാമത്തിൽ ആ നാശം ഞങ്ങൾ കണ്ടു. പഞ്ചായത്തിലെ 71 സംഘ കൃഷികളിൽ പത്തിൽ താഴെ എണ്ണത്തിന് മാത്രമേ ഇൻഷ്വറൻസ് ഉള്ളൂ. പാട്ടഭൂമിക്ക് ഇൻഷ്വറൻസ് കിട്ടുക എളുമല്ല. ഇവിടെ എങ്ങോട്ട് നോക്കിയാലും നാശത്തിന്റെ ദൃശ്യങ്ങളാണ്. ഒരു നൂറ്റാണ്ടിൽ കേരളത്തിലുണ്ടാകുന്ന ഏറ്റവും ഭീകരമായ പ്രളയത്തിന്റെ കെടുതികൾ. പക്ഷേ അതിനെയെല്ലാം തോൽപ്പിക്കുന്ന ധൈര്യവും ഊർജ്ജവുമാണ് ഈ സ്ത്രീകൾക്ക്. റാന്നി അങ്ങാടി പഞ്ചായത്ത് ഓഫീസിൽ ഞങ്ങൾ ആദ്യം കണ്ടപ്പോൾ അവർ പൊട്ടിച്ചിരിച്ച് ഉല്ലാസവതികളായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ബാബു അതേപ്പറ്റി തമാശ പറയുകയും ചെയ്തു. ' നമ്മൾ ഒരു വലിയ ദുരന്തത്തിന്റെ നടുവിലാണെന്ന് കരുതി അതേപ്പറ്റി എഴുതാൻ വന്നതാണ് ഈ മനുഷ്യൻ. നിങ്ങളാകട്ടെ പൊട്ടിച്ചിരിക്കുന്നു, അദ്ദേഹം എന്ത് കരുതും? നമുക്ക് അല്പം കൂടി ഗൗരവം വേണ്ടേ?"-അദ്ദേഹം ചോദിച്ചു. മുമ്പത്തെക്കാൾ വലിയ പൊട്ടിച്ചിരിയായിരുന്നു അതിന് മറുപടി. ഞാൻ മുംബയ്ക്കാരനായതിനാൽ ചില സ്ത്രീകൾ എന്നോട് ഹിന്ദിയിൽ തന്നെ സംസാരിക്കാൻ വാശി കാട്ടുകയും ചെയ്തു.
ഒരേക്കർ വാഴക്കൃഷിക്ക് മൂന്ന് ലക്ഷത്തിലേറെ രൂപ ചെലവുണ്ട് - കുടുംബശ്രീ പ്രവർത്തകയായ ബിജോയി വിശദീകരിച്ചു. ആയിരം വാഴയുണ്ടാകും. ഓരോ വാഴയ്ക്കും 300 രൂപ ചെലവാകും.ജൈവ കീടനാശിനിയാണ് ഉപയോഗിക്കുന്നത്. അതിന് കുറച്ച് പണം വേണം. ജോലിക്കൂലിയും കൂടുതലാണ്. പക്ഷേ ഒരേക്കറിൽ നിന്ന് 10-12 ടൺ വാഴക്കുല കിട്ടും. കിലോയ്ക്ക് 60 രൂപ വച്ച് വിൽക്കാം. ഒന്നര മുതൽ രണ്ട് ലക്ഷം രൂപ വരെ ലാഭം കിട്ടും. ഓണത്തിനാണെങ്കിൽ കിലോയ്ക്ക് 80 -85 രൂപയ്ക്ക് വിൽക്കാം- 'സംഗമം" സംഘക്കൃഷിയിലെ ഷൈനി ജോസഫ് പറഞ്ഞു.
കഴിഞ്ഞ വർഷം സംഗമത്തിലെ ആറ് അംഗങ്ങളും 50,000 രൂപ വീതം ലാഭമുണ്ടാക്കി. ഇത്തവണ എല്ലാം നഷ്ടമായി. മൂന്നേക്കറിലെ കൃഷിയാണ് നശിച്ചത്. ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാൻ മാത്രം ഏക്കറിന് ഒരു ലക്ഷം രൂപയെങ്കിലും ചെലവാകും. കനാലുകളും വൃത്തിയാക്കണം. അതിന് മൂന്ന് മാസമെങ്കിലും എടു ക്കും. പെട്ടെന്ന് തീർക്കാനാണ് ഞങ്ങൾ നോക്കുന്നത്. എല്ലാം ഉണങ്ങി ഇപ്പോൾ കടുത്ത വരൾച്ചയെയാണ് ഞങ്ങൾക്ക് നേരിടേണ്ടത്- ഷൈനി പറഞ്ഞു.
എല്ലാം പെട്ടെന്ന് കെട്ടിപ്പടുക്കുമെന്നാണ് ഞങ്ങൾ സംസാരിച്ച ഓരോ സ്ത്രീയും പറഞ്ഞത്. കാര്യങ്ങൾ എത്ര ഗുരുതരമാണെന്ന് അറിയാതെയല്ല ഈ പറച്ചിൽ. എല്ലാ തകർച്ചയെയും കടത്തിവെട്ടുന്ന ഇച്ഛാശക്തിയാണ് അവർക്ക്. ''ഞങ്ങളുടേത് സംഘടിത ശക്തിയാണ്. ഐക്യത്തിൽ നിന്നാണ് ഈ ധൈര്യവും ആത്മവിശ്വാസവും ഞങ്ങൾ വലിച്ചെടുക്കുന്നത്. "
സംഘകൃഷി കർഷകർക്ക് മിക്കവാറും എല്ലാം നഷ്ടപ്പെട്ടു, എന്നിട്ടും അവർ ചെറിയ ചെറിയ സംഭാവനകൾ സ്വരുക്കൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴ്കോടി രൂപ സമാഹരിക്കാൻ കുടുംബശ്രീയെ സഹായിച്ചു. ഈ കഷ്ടതകൾക്കിടെ സെപ്തംബർ 11 കുടുംബശ്രീക്ക് ഒരു സുദിനമായി. അന്ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം അവാർഡ് കുടുംബ ശ്രീ ഏറ്റുവാങ്ങി. 1998ൽ സർക്കാർ മുൻകൈയെടുത്ത് തുടങ്ങിയ സ്ത്രീ മുന്നേറ്റ പ്രസ്ഥാനമാണ് കുടുംബ ശ്രീ. അന്നുമുതൽ വനിതകൾ സംഘടിതമായി കെട്ടിപ്പടുത്ത സ്വാതന്ത്ര്യത്തെയും സ്വയംഭരണത്തെയും അവർ വളരെയേറെ വിലമതിക്കുന്നു. അവരുടെ എല്ലാ ധൈര്യവും സ്വാതന്ത്ര്യവും വിലമതിച്ചുകൊണ്ടു തന്നെ അവരെ സഹായിക്കാനുള്ള സമയമാണിത്. ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും കുടുംബശ്രീയെ സഹായിക്കണം. നമ്മുടെയെല്ലാം ഐക്യദാർഢ്യവും അവർക്ക് വേണം. പാവപ്പെട്ട വനിതകൾ നയിക്കുന്ന മഹത്തായ ഈ കാർഷിക പ്രസ്ഥാനത്തിന് ഈ രാജ്യത്ത് സമാനതകളില്ല ഞങ്ങൾ മറ്റ് സംഘ കൃഷിക്കാരെ കാണാനായി നടന്നു തുടങ്ങുമ്പോൾ ഒരു സ്ത്രീ ഓടിവന്നു പറഞ്ഞു: ''ഞങ്ങൾക്കൊരു തിരിച്ചടിയുണ്ടായി. പക്ഷേ ഞങ്ങൾ തിരിച്ചു വരും.ഒരു മാസത്തിനുള്ളിൽ ഞങ്ങൾ കൃഷി പുനരാരംഭിക്കും. നിങ്ങൾ നോക്കിക്കോ..."
(ലേഖകൻ മഗ്സാസെ അവാർഡ് ജേതാവും രാജ്യത്ത പ്രമുഖ പത്രപ്രവർത്തകനുമാണ്. )
പരിഭാഷ : പി. സുരേഷ് ബാബു