പ്രകൃതി ചികിത്സയും പാരമ്പര്യ ചികിത്സയും കാലങ്ങളായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ആളുകൾ പിന്തുടർന്ന് വരുന്ന ഒന്നാണ്. തലമുറകൾ കൈമാറി വന്ന ഇത്തരം രീതികൾക്ക് മാറാരോഗങ്ങളെ പോലും മാറ്റാൻ കഴിവുണ്ടെന്നത് സത്യമാണ്. എന്നാൽ ഈ വിശ്വാസങ്ങളെ കാറ്റിൽപ്പറത്തി ഇന്റർനെറ്റിൽ ചില മുറിവൈദ്യന്മാർ നടത്തുന്ന വ്യാജപ്രചാരണങ്ങൾ കണ്ണുംപൂട്ടി വിശ്വാസിക്കുന്നവരുടെ എണ്ണം അടുത്തിടെയായി ഏറെ വർദ്ധിക്കുകയാണ്. ഇക്കാര്യത്തിൽ ഡോക്‌ടർമാരും വിദഗ്‌ദ്ധരും നൽകുന്ന ഉപദേശങ്ങൾ കേൾക്കാൻ പോലും ആരും തയ്യാറാകില്ലെന്നതാണ് സത്യം.
അടുത്തിടെ അമേരിക്കൻ കോമഡി താരമായ ടിഫാനി ഹാഡിഷ് ഒരു അഭിമുഖത്തിനിടെ താൻ പെയിന്റിലൊഴിക്കുന്ന ടർപ്പന്റൈൻ കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത് പുതിയ രീതികൾക്ക് തുടക്കമിട്ടു. പെയിന്റിന്റെ കാഠിന്യം കുറയ്‌ക്കാൻ ഉപയോഗിക്കുന്ന ദ്രാവകം കുടിച്ചാൽ ജലദോഷം കുറയുമെന്നും മാനസിക ആരോഗ്യം വർദ്ധിക്കുമെന്നും ടിഫാനി അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ടർപ്പന്റൈൻ കുടിച്ചത് മുതൽ തങ്ങളുടെ മുഖസൗന്ദര്യം വർദ്ധിച്ചുവെന്നും ദഹനവ്യവസ്ഥ കാര്യക്ഷമമായെന്നും അവകാശപ്പെട്ട് നിരവധി പേർ രംഗത്തെത്തി.
ഇക്കാര്യം കൂടുതൽ പേർ ഏറ്റെടുത്തതോടെ മുന്നറിയിപ്പുമായി ഡോക്ടർമാർ രംഗത്തെത്തി. ഇത്തരത്തിൽ ടർപ്പന്റൈൻ കുടിക്കുന്നത് മനുഷ്യശരീരത്തിന് അപകടകരമാണ്. ഒരു ടേബിൾ സ്‌പൂൺ ടർപ്പന്റൈൻ കുടിച്ചാൽ പോലും മരണത്തിന് കാരണമാകുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. ടർപ്പന്റൈൻ ദ്രാവകത്തിന് ആരോഗ്യഗുണങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഡോക്‌ടർമാർ പറയുന്നു.