onion

 ഉളളിവർഗ പച്ചക്കറികളിൽ ഏറ്റവും പ്രധാന വിളയാണ് സവാള. ഈ സസ്യവിഭാഗത്തിൽ മാത്രമായി ഏകദേശം 12 പച്ചക്കറി വിളകളും അത്രയും തന്നെ അലങ്കാര സസ്യങ്ങളും ലഭ്യമാണ്. അവയിൽ അഗ്രഗണ്യനാണ് സവാള. കുറഞ്ഞത് നൂറോളം രാജ്യങ്ങളിൽ ഇത് വൻതോതിൽ കൃഷിചെയ്തുവരുന്നുണ്ട്. ഇറാൻ, പാകിസ്ഥാൻ, ഈജിപ്ത് എന്നീ പ്രദേശങ്ങളെ ഉളളിയുടെ ജന്മനാടായി കരുതുന്നുണ്ട്. ഏകദേശം 5000 വർഷങ്ങൾക്ക് മുമ്പുതന്നെ ഇന്ത്യയിൽ ഉളളി ഉപയോഗിച്ചിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ പച്ചക്കറികൃഷി വിസ്തൃതിയുടെ ഏഴു ശതമാനവും ഉളളി കൃഷിയാണ്. ലോകത്ത് ചൈന കഴിഞ്ഞാൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഉളളിയുടെ എടുത്ത് പറയേണ്ട ഒരു പ്രത്യേകത അതിന്റെ ദ്വിവർഷ വളർച്ചാ സ്വഭാവമാണ്. ഒരു തലമുറ അതിന്റെ വളർച്ച പൂർത്തിയാക്കുവാൻ വ്യക്തമായും രണ്ടു സീസൺ ഉപയോഗിക്കും. വിത്ത് മുളച്ചുണ്ടാകുന്ന ഉളളിച്ചെടിയിൽ ആ സീസണിൽ വിത്തുണ്ടാകുന്നില്ല. മറിച്ച് ഉളളിയുണ്ടാകുന്നു. അവയെ വീണ്ടും വളരാൻ അനുവദിക്കുകയും കാലാവസ്ഥ അനുയോജ്യമായി വരികയും ചെയ്യുന്നപക്ഷം അവ പുഷ്പിക്കുകയും വിത്തുത്പാദിപ്പിക്കുകയും ചെയ്യുന്നു.

സവാള കൃഷിചെയ്തെടുക്കാൻ ഒരിക്കലും സവാള നടരുത്. വിത്തിൽ നിന്നുവേണം കൃഷി ആരംഭിക്കാൻ

ഖാരിഫ് സീസണിലും റാബി സീസണിലും ഉളളി കൃഷി ചെയ്തു വരുന്നുണ്ട്. എന്നാൽ മഹാരാഷ്ട്രയിലെ ചില പ്രദേശങ്ങളിൽ കുട്ടനാട് 'എക്സ്ട്രപുഞ്ച' നെൽകൃഷി ചെയ്യുന്നതുപോലെ 'ഏർളി റാബി' യായ സവാള കൃഷിചെയ്തു വരുന്നുണ്ട്. കേരളത്തിൽ കുറഞ്ഞ മഴയും അധികരിച്ച തണുപ്പും ലഭ്യമാകുന്ന പ്രദേശങ്ങളിൽ ഡിസംബർമാർച്ച് മാസങ്ങളിൽ ഉളളിച്ചെടിയിലെ ഏർളി റാബി ഇനങ്ങൾ കൃഷിചെയ്തെടുക്കുവാൻ സാധിക്കും. ഇതിന് യോജിച്ചത് പൂസ റെഡ്, നിഫാദ്53, അർക്ക ബിന്ദു, അർക്ക ലാലിമ, അർക്ക പീതാംബർ എന്നിവയാണ്. തവാരണയിൽ വിത്ത് (35 ഗ്രാം ഒരു സെന്റിന് എന്ന തോതിൽ) പാകി, 45 ആഴ്ച കഴിഞ്ഞ് ഏകദേശം 10 സെ.മീ. വളർച്ചയെത്തുന്ന തൈകൾ പറിച്ച് നട്ട് വളർത്തുന്നു. പറിച്ചു നടുന്നതിന് മുമ്പായി സെന്റിന് 80 കി.ഗ്രാം ചാണകവും, 600:700:520 ഗ്രാം എന്ന അനുപാതത്തിൽ അമോണിയം സൾഫേറ്റ്, സൂപ്പർ ഫോസ്ഫേറ്റ്, പൊട്ടാഷ് വളങ്ങൾ അടിവളമായി ചേർത്തിരിക്കണം. 20 $ 10 സെ.മീ. അകലത്തിൽവേണം തൈയ് പറിച്ചുനടേണ്ടത്. മാർച്ച് മാസത്തോടെ ചെടിയുടെ ഇല വാടി ഉണങ്ങുമ്പോൾ സവാള പാകമാകുന്നു.

ചെറിയ ഉളളി
ശാസ്ത്രനാമം : അല്ലിയം സിപ വെറൈറ്റി അഗ്രിഗേറ്റം.

തെക്കേ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലും തമിഴ് നാട്ടിലും വളരെ പ്രചാരമുളള ചെറിയ ഉളളി മുഖ്യമായും കൃഷിചെയ്യുന്നത് തമിഴ് നാട്ടിലാണ്. ചെറിയ തോതിൽ തണുപ്പ് ലഭ്യമാകുന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇത് വളരെ മെച്ചമാകുന്നത്. അത് മനസ്സിലാക്കിയിട്ടാകണം കേരളത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ പലയിടത്തും ചെറിയ തോതിലാണെങ്കിലും ചെറിയ ഉളളി കൃഷിചെയ്യുന്നുണ്ട്. വലിയ മഴ ഇതിനെ പ്രതികൂലമായി ബാധിക്കുന്നു.
സി.ഒ.1, സി.ഒ.2, സി.ഒ. 3, സി.ഒ 0.4, അഗ്രിഫോണ്ട് റെഡ് എന്നിവയാണ് നമ്മുടെ കാലാവസ്ഥയിൽ മെച്ചമാകുന്നത്. വിത്തുപാകി സവാള കൃഷിചെയ്യുമ്പോൾ ചുവന്നുളളി കൃഷി ചെയ്യുന്നത് ഉളളി (ബൾബ് ) നട്ടാണ്. ഒരു സെന്റിൽ കൃഷിചെയ്യുവാൻ 6 കി.ഗ്രാം ഉളളി വേണ്ടിവരും.

വെളുത്തുളളി
ശാസ്ത്രനാമം: അല്ലിയം സറ്റൈവം

2000 ബി.സി. മുതൽക്കേ ഈജിപ്റ്റിലും മെസൊപ്പെട്ടേമിയയിലും കൃഷിചെയ്യപ്പെട്ടിരുന്നു. ഇതിൽ 8 ശതമാനം പ്രോട്ടീൻ, 15 ശതമാനം സ്റ്റാർച്ച്, കൂടിയ അളവിൽ പൊട്ടാസിയം, വിറ്റാമിൻ സി. എന്നിവ പ്രധാനമായി അടങ്ങിയിരിക്കുന്നു. വളരെ ഔഷധ ഗുണമുളളതിനാൽ വെളുത്തുളളിക്ക് പണ്ടു മുതലേ കേരളത്തിൽ പ്രചാരമുണ്ട്. ദഹനപ്രക്രിയയിൽ പൊതുവെ വെളുത്തുളളിയുടെ ഉപയോഗം അംഗീകരിക്കപ്പെട്ടതാണ്. ക്യാൻസർ, ഹൃദ്രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ വെളുത്തുളളിയുടെ ഉപയോഗംകൊണ്ട് സാധിക്കുമെന്ന് കണ്ടുപിടിച്ചിരിക്കുന്നു.

ചെറിയ ഉളളിപോലെ വെളുത്തുളളിയിൽ അല്ലികളാണ് വിത്തായി നടാനുപയോഗിക്കുന്നത്. ധാരാളം നാടൻ ഇനങ്ങൾ ലഭ്യമാണ്. മദ്രാസി, തപിട്ടി, ക്രിയോൾ, ഏകനാലിയ, ജംനാഗർ എന്നിവ അത്യുത്പാദനശേഷിയുളള ഇനങ്ങളാണ്. ഉപയോഗംകൊണ്ട് പ്രചാരം നേടിയിട്ടുണ്ടെങ്കിലും കൃഷിയിൽ ഇന്നും കേരളം വളരെ പിന്നിലാണ്. ഉളളി, ചെറിയ ഉളളി എന്നിവ കൃഷിചെയ്തു പോരുന്ന കേരളത്തിലെ ഉയർന്ന കിഴക്കൻ പ്രദേശങ്ങളിൽ വെളുത്തുള്ളിയും നട്ടുവളർത്താവുന്നതാണ്. ഡൗണി മിൽഡ്യൂ, ബാക്ടീരിയൽ വാട്ടം, സ്മട്ട് എന്നീ രോഗങ്ങളും ഇലച്ചാടികൾ, മുഞ്ഞകൾ എന്നീ കീടങ്ങളും ഉളളിവർഗ പച്ചക്കറി വിളകളിൽ പൊതുവെ കണ്ടുവരുന്നുണ്ട്.

ഡോ. എൽ. രാജാമണി
പ്രൊഫസർ, ഹോർട്ടിക്കൾച്ചർ (റിട്ടേർഡ്)
9447120671, rajamonyl1955@gmail.com

ഡോ.കെ.എം. അബ്ദുൾ ഖാദർ
പ്രൊഫസർ, പ്ലാന്റ് ബ്രീഡിംഗ് & ജെനറ്റിക്സ് (റിട്ടേർഡ്)
9847145010, kmakhader@gmail.com