12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയാൽ ആരാധിക്കുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? മഞ്ഞുപുതച്ചു നിൽക്കുന്ന കൊടൈക്കനാൽ മലനിരകളിലാണ് 'കുറിഞ്ഞി ആണ്ടവർ കോവിൽ' എന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പലതവണ കൊടൈക്കനാലിൽ കറങ്ങിയിട്ടുള്ളവർക്ക് പോലും അപരിചിതമാകും ഈ വിസ്‌മയ ക്ഷേത്രം.
മുരുകനാണ് ക്ഷേത്രത്തിലെ പ്രതിഷ്‌ഠ. മുരുകൻ പ്രകൃതിയെ അനുഗ്രഹിക്കുന്ന കാലമാണ് കുറിഞ്ഞി പൂക്കുന്നതെന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. മലകളുടെ ദേവനായ മുരുകന്റെ കൃപ കൊണ്ടാണത്രെ ക്ഷേത്രത്തിനു ചുറ്റും മലനിരകളിൽ നീലവസന്തമേകി കുറിഞ്ഞി പൂത്തുലയുന്നത്. കൊടൈക്കനാലിൽ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണപ്പെടുന്ന അപൂർവ്വ സ്ഥലം കൂടിയാണിത്. മലയാളികൾക്ക് കുറിഞ്ഞി എന്നാൽ പൂവാണ്. എന്നാൽ തമിഴ്‌നാട്ടിൽ മലയെ അല്ലെങ്കിൽ കുന്നിൻ പ്രദേശത്തെയാണ് കുറിഞ്ഞി എന്നത് സൂചിപ്പിക്കുന്നത്.
ക്ഷേത്രത്തിന്റെ ഐതിഹ്യം
തമിഴ് വിശ്വാസങ്ങളോളം തന്നെ പഴക്കമുള്ളതാണ് കുറിഞ്ഞിയുടെയും ആണ്ടവരുടെയും കഥ. മുരുകൻ വള്ളിയുമായി പ്രണയത്തിലാവുന്നത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പളനി മലനിരകളിൽ വച്ചാണത്രെ. പിന്നീട് വള്ളിയെ കുറിഞ്ഞി പൂക്കൾ കൊണ്ടുണ്ടാക്കിയ മാലയിട്ടാണ് മുരുകൻ വരിക്കുന്നത്. ഇതിൽ നിന്നും പ്രചേദനമുൾക്കൊണ്ട് ഓസ്‌ട്രേലിയക്കാരിയായ ഒരു യുവതിയാണ് ഇവിടെ ക്ഷേത്രം പണിതത്. ഓസ്‌ട്രേലിയയിൽ നിന്നും സിലോണിലേക്ക് കുടിയേറിയ ഇവർ ഹിന്ദു മതത്തിൽ ആകൃഷ്‌ടയായാണ് ക്ഷേത്രം സ്ഥാപിച്ചതെന്ന് പറയുന്നു. പിന്നീട് ലീലാവതി എന്ന പേര് ഇവർ സ്വീകരിക്കുകയും ചെയ്‌തു.
കുറിഞ്ഞി പൂക്കുന്ന കാലമായാൽ ക്ഷേത്രത്തിലെ പൂജകൾക്കെല്ലാം കുറിഞ്ഞിയാണ് ഉപയോഗിക്കുക. കുറിഞ്ഞി പൂക്കളുടെ ഇതളുകൾ തിനയുമായി ചേർത്ത് തേനൊഴിച്ച് മുരുകന് നിവേദിക്കുന്ന ഒരു ചടങ്ങും ഇവിടെയുണ്ട്. ഇതിൽ പങ്കെടുക്കുവാനായി ഒട്ടേറ ആളുകളാണ് കുറിഞ്ഞി പൂക്കുന്ന വ്യാഴവട്ടക്കാലത്തിൽ ഇവിടെ എത്തുന്നത്. കുറിഞ്ഞി ഇല്ലാത്ത സമയങ്ങളിൾ തോവാള പൂക്കൾകൊണ്ടാണ് മുരുകനെ അർച്ചിക്കുന്നത്.
ക്ഷേത്രത്തിൽ എത്താൻ
കൊടൈക്കനാലിൽ നിന്നും 10 കിലോമീറ്റർ ദൂരമേ ക്ഷേത്രത്തിലേക്കുള്ളൂ. ബസ് സ്റ്റാൻഡിൽ നിന്നും നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.