gandhi

ദുബായ്: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം ദുബായിലെ മദ്യശാലയുടെ ചുമരിൽ വരച്ചത് വിവാദമാകുന്നു. ഗാന്ധിജിയുടെ 150ാം ജന്മദിനം ആഘോഷിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് അദ്ദേഹത്തെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം ബാറിന്റെ ചുവരിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യക്കാരുടെ ഉടമസ്ഥതയിൽ ദുബായിൽ പ്രവർത്തിക്കുന്ന പബ്ബിലാണ് പിങ്ക് നിറത്തിലുള്ള കണ്ണടവച്ച മോഡേൺ ഗാന്ധിജിയെ വരച്ചിരിക്കുന്നത്. ചിത്രങ്ങൾ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെ വൻ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്.


സംഭവത്തെ തുടർന്ന് ദുബായിലെ പ്രവാസികൾ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചിട്ടുണ്ട്. വിഷയത്തിൽ ഇടപെട്ട കോൺസുലേറ്റ് ചിത്രം എത്രയും പെട്ടെന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. കോൺസുലേറ്റ് ജനറൽ വിപുൽ ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഗാന്ധിയെ അപമാനിക്കാൻ വേണ്ടിയല്ലിതെന്നും കേവലമൊരു കലാരൂപം മാത്രമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു. ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി.