marriage

വിവാഹവിരുന്നിൽ പങ്കെടുക്കാനായില്ലെങ്കിൽ പിന്നെ നല്ലൊരു സദ്യ നഷ്ടപ്പെട്ടെന്ന് പരിതപിക്കാനേ നമുക്ക് കഴിയൂ. എന്നാൽ അഫ്രിക്കൻ രാജ്യമായ ഘാനയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാത്തവർക്കും സദ്യയെത്തിക്കുന്ന പതിവുണ്ട്. സദ്യ കിട്ടിയാലേ വധൂവരന്മാരുടെ വിവാഹം കഴിഞ്ഞതായി ചില ബന്ധുക്കൾ അംഗീകരിക്കൂ. എന്തെങ്കിലും കാരണവശാൽ പെണ്ണിന്റെ കുടുംബത്തിലെ ഏതെങ്കിലും ബന്ധുക്കൾക്ക് ചടങ്ങിൽ പങ്കെടുക്കാനായില്ലെങ്കിൽ സത്കാരത്തിൽ വിളമ്പിയ വിഭവങ്ങൾ അവർക്ക് എത്തിച്ച് കൊടുത്തേ തീരു.


വധുവിന്റെ വീട്ടിലോ തെരഞ്ഞെടുത്ത ഒരു പ്രതിനിധിയുടെ വീട്ടിലോ പുരുഷധനം കൊടുക്കുന്ന ചടങ്ങുമുണ്ട് ഘാനയിലെ വിവാഹത്തിൽ. വധുവിന് വേണ്ടി കൊണ്ട് വന്നിരിക്കുന്നതെന്താണെന്ന് കാണാൻ അവിവാഹിതരായ യുവാക്കളും യുവതികളും ആകാംക്ഷയോടെ കാത്തിരിക്കും. പുരുഷധന വസ്‌തുക്കൾ പൂർണമല്ല എന്നു വധുവിന്റെ കുടുംബം പരാതിപ്പെട്ടാൽ അന്തരീക്ഷമൊന്ന് കലങ്ങും. എന്നാൽ വരന്റെ വക്താവ്‌ നയപരമായി വാദിച്ച്‌ വധുവിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടെ വീണ്ടും സന്തോഷം.