അമ്മ പീഡനത്തിനിരയായാൽ മക്കൾ നോക്കി നിൽക്കണോ?. ജീവിതത്തിൽ അത്തരമൊരു അനുഭവത്തിന് മുന്നിൽ നിൽക്കുമ്പോഴേ വേദന മനസിലാകൂ. ദിവസവും തുളുമ്പി വീഴുന്ന അമ്മയുടെ കണ്ണീരൊപ്പുന്ന ഞങ്ങൾക്ക് നീതിക്കായി തെരുവിലേക്കിറങ്ങേണ്ടി വന്നു. സഭാധികൃതർ തെരുവിലേക്ക് ഇറക്കി വിട്ടുവെന്നതാണ് സത്യം.' സിസ്റ്റർ അനുപമയുടെ വാക്കുകളിൽ വേദനയും പോരാട്ട വീര്യത്തിന്റെ കരുത്തുമുണ്ടായിരുന്നു. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മാനഭംഗപ്പെടുത്തിയെന്ന് പരാതി നൽകിയ കോട്ടയം കുറവിലങ്ങാട് മിഷനറീസ് ഒഫ് ജീസസ് കോൺവെന്റിലെ കന്യാസ്ത്രീക്ക് നീതി നേടിക്കൊടുക്കാൻ പോരാട്ടം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് സിസ്റ്റർ അനുപമ. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അനുപമയും സഹപ്രവർത്തകരും അമ്മയെന്നാണ് വിശേഷിപ്പിക്കുന്നത്. നീതിക്കു വേണ്ടി പോരാടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ബൈബിളിലെ രണ്ടു വരിയായിരുന്നു സിസ്റ്ററിന്റെ മറുപടി. ' മരിക്കേണ്ടി വന്നാലും സത്യം വെടിയരുത്. ദൈവമായ കർത്താവ് നിനക്ക് വേണ്ടി പൊരുതിക്കോളും'.
സിസ്റ്റർ അനുപമ 'കേരളകൗമുദി 'ക്ക് നൽകിയ പ്രത്യേക അഭിമുഖം.
നിങ്ങളുടെ സമരം സഭയ്ക്ക് എതിരെയാണോ? സമരം മിഷനറീസ് ഒഫ് ജീസസിനെ അപമാനിക്കലാണെന്നാണ് അവരുടെ വാദം?
ഒരിക്കലും സഭയ്ക്കെതിരല്ല. സഭയിൽ നിന്ന് നീതി ലഭിച്ചിരുന്നുവെങ്കിൽ തെരുവിലിറങ്ങുകയില്ലായിരുന്നു. പരാതികളിൽ ഒരു നടപടിയുമുണ്ടായില്ല. മദർ സുപ്പീരിയർ സിസ്റ്റർ റെജീന ബിഷപ്പിനായി നിലകൊള്ളുകയായിരുന്നു. യഥാർത്ഥത്തിൽ അവരാണ് മിഷനറീസ് ഒഫ് ജീസസിനെ അപമാനിച്ചത്. എല്ലാ പരാതികളും അവർ മുക്കി.
കന്യാസ്ത്രീകളായ ചിലർ ഫ്രാങ്കോ മുളയ്ക്കലിനെ ക്രൂശിക്കുകയാണെന്ന് മിഷനറീസ് ഒഫ് ജീസസ് പറയുന്നു?
അവർ സ്വയം ക്രൂശിക്കപ്പെടുകയാണ്. ഫ്രാങ്കോയെ സംരക്ഷിക്കുന്നു. മദർ സുപ്പീരിയർ കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ചു. അധികാരമുണ്ടെങ്കിലും സ്വന്തമായി തീരുമാനമെടുക്കാതെ ഫ്രാങ്കോയുടെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നു.
സമരത്തിനിറങ്ങിയ സഹോദരിമാരെ ഞങ്ങൾക്ക് അറിയാവുന്നിടത്തോളം പൊതുസമൂഹത്തിന് അറിയില്ലെന്നാണ് മിഷനറീസ് ഒഫ് ജീസസിന്റെ അവകാശവാദം?
പൊതുസമൂഹം മനസിലാക്കിയതുകൊണ്ടാണല്ലോ അവർ പിന്തുണയുമായി എത്തുന്നത്. അപ്പച്ചൻമാർ, അമ്മച്ചിമാർ, കുഞ്ഞുങ്ങൾ എല്ലാവരും പിന്തുണയറിയിച്ച് വിളിക്കുന്നു. ഞങ്ങളുടെ കണ്ണീരു കാണുമ്പോൾ വീട്ടിലിരിക്കാൻ കഴിയുന്നില്ലെന്നാണ് അവർ പറയുന്നത്. ഞങ്ങൾക്കൊപ്പം സമരപ്പന്തലിലെത്തി കരുത്തു നൽകുന്നു. ഇത് സഭയും മിഷനറീസ് ഒഫ് ജീസസും തിരിച്ചറിയണം.
ആദ്യമായി പീഡിപ്പിച്ചുവെന്ന് പറയുന്ന 2014 മേയ് അഞ്ചിന് ഫ്രാങ്കോ കുറവിലങ്ങാട് മഠം സന്ദർശിച്ച് അത്താഴം കഴിച്ച് മറ്റൊരു മഠത്തിലാണ് താമസിച്ചതെന്ന് പറയുന്നു?
ഫ്രാങ്കോ അന്ന് താമസിച്ചത് കുറവിലങ്ങാട് മഠത്തിൽ തന്നെയാണ്. പിറ്റേന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിൽ ആദ്യ കുർബാനയ്ക്ക് ക്ഷണമുണ്ടായിരുന്നു. ബിഷപ്പിനെ സ്വീകരിച്ചശേഷം വീട്ടിലേക്ക് മടങ്ങാനൊരുങ്ങിയ കന്യാസ്ത്രീയെ നമുക്ക് നാളെ ഒരുമിച്ച് പോകാമെന്ന് പറഞ്ഞ് നിർബന്ധിച്ച് ബിഷപ്പ് അവിടെ താമസിപ്പിക്കുകയായിരുന്നു.
2014 മുതൽ 2016 വരെ പീഡിപ്പിച്ചുവെന്നാണ് പരാതി. 2015 മേയ് 23 ന് ബിഷപ്പ് പങ്കെടുത്ത ഒരു ചടങ്ങിൽ കന്യാസ്ത്രീയും പങ്കെടുത്തു. അതിനുശേഷം ബിഷപ്പിന്റെ വിവിധ പരിപാടികൾ കേരളത്തിൽ സംഘടിപ്പിച്ചുവെന്ന് മിഷനറീസ് ഒഫ് ജീസസ് പറയുന്നു?
കേരളത്തിന്റെ ചുമതല അന്ന് സിസ്റ്റർക്കായിരുന്നു. ഇഷ്ടപ്രകാരമല്ല ഒന്നും ചെയ്തത്. ചുമതലയുള്ളതിനാൽ ജോലി നിർവഹിച്ചു.
ഫ്രാങ്കോയിൽ നിന്ന് സിസ്റ്റർക്ക് എന്തെങ്കിലും ദുരനുഭവമുണ്ടായിട്ടുണ്ടോ?
2017 ജൂലായിൽ കുറവിലങ്ങാട് മഠത്തിൽ നിന്ന് ഗുരുദാസ്പൂരിലെത്തി. പരാതിക്കാരിയായ കന്യാസ്ത്രീക്ക് പിന്തുണ നൽകുന്നതിനാൽ എനിക്ക് ഒരു ചുമതലയും ജോലിയും തന്നില്ല. എന്നും അടച്ചിട്ട മുറിയിൽ ഇരിക്കുക. മദർ സുപ്പീരിയർ റെജീന പറഞ്ഞിട്ടാണ് വരുന്നതെന്ന് പറഞ്ഞ് ഒരു ദിവസം സിസ്റ്റർ ആനി റോസ് മുറിയിലെത്തി. എന്നെ ഫ്രാങ്കോയ്ക്ക് മുന്നിലെത്തിക്കുകയായിരുന്നു ദൗത്യം. ബിഷപ്പിന്റെ മുറിയിലേക്ക് എത്തിയപ്പോൾ 'അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ' എന്നു ഫോണിൽ പറയുന്നതാണ് കേട്ടത്. കൂടിക്കാഴ്ച നടന്ന ഗ്യാനോദയ പാസ്റ്റർ സെന്ററിൽ ആ സമയം ഫാ. പീറ്റർ കാവുംപുറവുമുണ്ടായിരുന്നു. ഇരയുടെ കുറ്റങ്ങളും കുറവുകളും മാത്രമാണ് നാലു മണിക്കൂർ ഫ്രാങ്കോ സംസാരിച്ചത്. അവരോട് മിണ്ടരുതെന്ന് നിർദ്ദേശിച്ചു. എനിക്ക് ഇപ്പോഴാണ് സത്യം മനസിലായതെന്ന് ബലമായി എഴുതി വാങ്ങിച്ചു. അതിനിടയിൽ എനിക്ക് എവിടെ നിന്നോ ശക്തി കിട്ടി. അമ്മ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതല്ലേ പ്രശ്നമെന്ന് ചോദിച്ച് മുറിയിൽ നിന്നിറങ്ങി.
മിഷനറീസ് ഒഫ് ജീസസ് സഭയിൽ എല്ലാം നിയമപരമായാണോ നടക്കുന്നത് ? എന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ അറിയാമോ?
സുതാര്യമാണോയെന്ന് ചോദിച്ചാൽ അല്ല. മദർ ജനറലിന് പൂർണ അധികാരമുണ്ടെങ്കിലും ബിഷപ്പാണ് എല്ലാം നിയന്ത്രിക്കുന്നത്. ഇഷ്ടക്കാർക്ക് എന്തും സഹായവും ചെയ്തു കൊടുക്കും. അല്ലാത്തവരെ ഭീഷണിപ്പെടുത്തി ചൊൽപ്പടിക്ക് നിറുത്താൻ ശ്രമിക്കും.
സഭയിൽ നടന്ന കൂടുതൽ പീഡനങ്ങളോ, ക്രിമിനൽ സംഭവങ്ങളോ അറിയാമോ?
ഫ്രാങ്കോയുടെ മാനസിക- ശാരീരിക പീഡനങ്ങളിൽ 20 കന്യാസ്ത്രീകൾ തിരുവസ്ത്രം ഉപേക്ഷിച്ചു. ഇവർ ഇപ്പോൾ കുടുംബജീവിതം നയിക്കുന്നവരാണ്. അതിനാൽ കൂടുതലൊന്നും പറയാനാവില്ല.
നിങ്ങൾക്ക് എന്തെങ്കിലും പ്രതിഫലമോ ശമ്പളമോ ലഭിക്കുന്നുണ്ടോ?
മാസം 500 രൂപ നൽകും. അത് സ്വരുക്കൂട്ടിയാണ് വസ്ത്രങ്ങൾ ഉൾപ്പെടെ വാങ്ങുന്നത്. നേരത്തെ വസ്ത്രങ്ങൾ വാങ്ങിയ ബില്ല് നൽകിയാൽ പണം തരുമായിരുന്നു. ഇപ്പോഴതില്ല. ജോലി ചെയ്താൽ ശമ്പളം സഭയ്ക്കാണ്.
മിഷനറീസ് ഒഫ് ജീസസ് പുറത്താക്കിയാൽ എന്തു ചെയ്യും?
പുറത്താക്കാൻ പറ്റില്ല. ഞങ്ങൾ നിത്യവ്രതം അനുഷ്ഠിക്കുന്നവരാണ്. സ്വത്തു വരെ സഭയ്ക്ക് നൽകി. ഇനി ശിക്ഷാ നടപടികളുമായി പീഡിപ്പിക്കാനേ കഴിയുകയുള്ളൂ. നീതിക്കുവേണ്ടിയുള്ള പോരാട്ടമായതിനാൽ ഭയമില്ല.
മനസുമടുത്ത് പുറത്തു പോകേണ്ടി വന്നാലോ ?
ഭയമൊന്നുമില്ല. പുറത്തു പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. നടപടികൾ വരുമ്പോൾ എന്തു വേണമെന്ന് തീരുമാനിക്കും.