
കെയ്റോ: ലൈംഗിക പീഡനം നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. ഈജിപ്ഷ്യൻ യുവതിയായ മനുഷ്യാവാകാശ പ്രവർത്തക അമാൽ ഫാത്തിയെയാണ് രണ്ട് വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചത്.
അമാൽ ഫാത്തി കഴിഞ്ഞ മേയിലാണ് താൻ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്ര് ചെയ്‌തത്. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്നും ഫാത്തി പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് ഫാത്തിയുടെ വീട്ടിൽ എത്തി ഭർത്താവിനും മകനോടൊപ്പം അറസ്റ്ര് ചെയ്യുകയായിരുന്നു. പിന്നീട് ഭർത്താവിനെയും മകനെയും പൊലീസ് വിട്ടയച്ചു.
വ്യാജവാർത്ത പ്രചരിപ്പിച്ചതിനും സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചതിനും ഫാത്തിയ്ക്ക് രണ്ട് വർഷത്തെ തടവും 10,000 ഈജിപ്ഷ്യൻ പൗണ്ട് പിഴയുമാണ് ശിക്ഷ. ഫാത്തിയുടെ തീവ്രവാദബന്ധത്തെക്കുറിച്ചുള്ള അന്വേഷണം തുടർന്നു വരികയായിരുന്നു. ഏപ്രിൽ 6 എന്ന യുവജനസംഘടനയിൽ ഫാത്തി അംഗമായിരുന്നുവെന്നും ആ സംഘടന ഇപ്പോൾ നിരോധിക്കപ്പെട്ടതാണെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.