തൃശൂർ: ദാ.. ഇങ്ങനെ.. വാ തുറക്കച്ഛാ... വാത്സല്യനിധിയായ അച്ഛൻ വായ് തുറന്നു. രുചികളറിയാവുന്ന മകൻ കറികൾ ചേർത്ത് ഉരുളയുരുട്ടി നൽകി. വായ് തുറക്കുമ്പോൾ മകനെ കുഞ്ഞുന്നാളിൽ ഊട്ടിയുറക്കിയ ഓർമ്മകൾ മനസിൽ തെളിഞ്ഞിട്ടുണ്ടാവണം. ശ്രീനാരായണ ഗുരുദേവമഹാസമാധിദിനത്തിൽ കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ നടന്ന സമൂഹസദ്യയ്ക്കിടെ കണ്ട ഈ ദൃശ്യം കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചുവന്നതോടെ അന്വേഷണപ്രവാഹമായി. ആരാണ് ഈ അച്ഛനും മകനും? കേരളകൗമുദി സീനിയർ ഫോട്ടോഗ്രാഫർ റാഫി എം. ദേവസി പകർത്തിയ ചിത്രം സാമൂഹ്യമാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ വൈറലായി. അച്ഛനെ വയറു നിറച്ചൂട്ടിയശേഷമാണ് അന്നും മകൻ ഭക്ഷണം കഴിച്ചത്. ആരാണീ മകൻ. ആരാണ് ഈ ഭാഗ്യശാലിയായ അച്ഛൻ?
തൃശൂർ നഗരത്തിൽ നിന്ന് മൂന്നുകിലോമീറ്റർ അകലെയുള്ള കൂർക്കഞ്ചേരി ക്ഷേത്രത്തിനു പിറകിലെ മാടമ്പിക്കാടെന്ന വീട്ടിലെ സ്നേഹക്കാഴ്ചകൾ കാണുമ്പോൾ കണ്ണുകൾ ഈറനണിയും. അച്ഛനമ്മമാരെ ആശുപത്രിയിലും അമ്പലനടയിലും മറ്റും തള്ളുന്നവരുടെ എണ്ണം പെരുകുന്ന നാട്ടിൽ ഈ അച്ഛന്റെയും മകന്റെയും കഥ എല്ലാവരും കണ്ടറിയണം.
അച്ഛന്റെ പേര് വിജയരാഘവൻ. അഞ്ച് മക്കളിൽ ഇളയവനായ പ്രമീളനാണ് ഇന്ന് വിജയന്റെ എല്ലാമെല്ലാം.
2002 ൽ വിജയരാഘവന്റെ ഭാര്യ മരിച്ചു. ഒരു വർഷംമുമ്പ് വലതുകൈ തളർന്നതോടെയാണ് എല്ലാ കാര്യത്തിനും ഒരാളുടെ സഹായം ആശ്രയിക്കേണ്ടിവന്നത്. പ്രമീളൻ അതേറ്റെടുത്തു. അച്ഛന്റെ ശീലങ്ങളിലും ചിട്ടവട്ടങ്ങളിലും മാറ്റം വരുത്തിയില്ല. പൽപ്പൊടിയിൽ പല്ലുതേപ്പ്. തൈലമിട്ട് കുളിച്ചു കഴിഞ്ഞാൽ വെള്ളമുണ്ടും ഷർട്ടും ധരിച്ച് കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ ദർശനം. അതുകഴിഞ്ഞ് ഗുരുവിനെ വണങ്ങി തിരിച്ച് വീട്ടിൽ വന്നതിനുശേഷം പ്രഭാത ഭക്ഷണം.
പഴയ കാറുകളുടെ വില്പനയായിരുന്നു വിജയരാഘവന്. അച്ഛന്റെ ജോലിയും പ്രമീളൻ ഏറ്റെടുത്തു. സഹായമായി സഹോദരൻ ചന്ദ്രനും ഉണ്ട്. രമ, രതി, ഇന്ദിര എന്നിവരാണ് വിജയരാഘവന്റെ മറ്റ് മക്കൾ. കഴിഞ്ഞ ദിവസം സ്വാമി ബോധാനന്ദ സമാധി ദിനാചരണത്തിന്റെ ഭാഗമായി വിജയരാഘവനെ ആദരിച്ചിരുന്നു.