-8th-asian-yoga-champions

തിരുവനന്തപുരം : കേരളം ആദ്യമായി ആതിഥ്യംവഹിച്ച ഏഷ്യൻ യോഗ സ്‌പോർട്സ് ചാമ്പ്യൻഷിപ്പിലുംകിരീടംഇന്ത്യയ്ക്ക്. തുടർച്ചയായ എട്ടാം തവണയാണ് സ്‌പോർട്സ് യോഗയിൽ ഇന്ത്യ, വൻകരയിലെ ജേതാക്കളാകുന്നത്. വിയറ്റ്നാമാണ് റണ്ണേഴ്സ് അപ്പ്. മലേഷ്യയും ദുബായ്യും മൂന്നാംസ്ഥാനം പങ്കിട്ടു. പ്രായം അടിസ്ഥാനമാക്കി വിവിധ വിഭാഗങ്ങളിലായി നടന്ന 25 മത്സരങ്ങളിലും സ്വർണം നേടിയാണ് ഇന്ത്യ കീരീടം നിലനിറുത്തിയത്. ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ പങ്കെടുത്തതും ഇന്ത്യയിൽ നിന്നാണ്.

ഗവർണർ പി. സദാശിവം വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായി. സി. ദിവാകരൻ എം.എൽ.എ, ഡി.ജി.പി ലോക്നാഥ് ബെഹ്ര, ഏഷ്യൻ യോഗ ഫെഡറേഷൻ പ്രസിഡന്റ് അശോക് കുമാർ അഗർവാൾ എന്നിവർ സംസാരിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ബി. ബാലചന്ദ്രൻ നന്ദി പറഞ്ഞു.


നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ആദ്യ ദിനം മുതൽ ആരംഭിച്ച മെഡൽവേട്ട അവസാന ദിവസംവരെയും തുടർന്നു. മിക്ക മത്സരങ്ങളിലെയും വെള്ളി, വെങ്കലം മെഡലുകളും ഇന്ത്യക്കാണ് ലഭിച്ചത്. സെപ്തംബർ 27നാണ് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിന് തുടക്കമായത്. നാലു ദിവസമായി നടന്ന ചാമ്പ്യൻഷിപ്പിൽ 12 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണ് മത്സരിച്ചത്. അടുത്ത ചാമ്പ്യൻഷിപ്പ് 2020ൽ മലേഷ്യയിൽ നടത്തും. അടുത്തവർഷം മുതൽ രണ്ടുവർഷത്തിലൊരിക്കൽ ചാമ്പ്യൻഷിപ്പ് നടത്താനും ഏഷ്യൻ യോഗ ഫെഡറേഷൻ തീരുമാനിച്ചു.