തിരുവനന്തപുരം: പ്രളയാനന്തരമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ അടിതെറ്റിയ ജനങ്ങൾക്ക് ഇടിത്തീയെന്നോണം വൈദ്യുതി നിരക്ക് കൂടി കൂട്ടാൻ നീക്കം. വരവും ചെലവും തമ്മിലുള്ള 6500 കോടിരൂപയുടെ വ്യത്യാസം പരിഹരിക്കാനായി നിരക്ക് വർദ്ധനയ്ക്ക് കെ.എസ്.ഇ.ബി അപേക്ഷ നൽകി. ഇതിൽ നടപടിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇന്ന് തുടക്കമിടും.നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഡിസംബറിന് മുമ്പ് പുതിയ നിരക്ക് പ്രഖ്യാപിക്കാനാണ് നീക്കം.പത്തുശതമാനത്തിലേറെ നിരക്ക് വർദ്ധിപ്പിക്കാൻ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കെ. എസ്. ഇ.ബി. നിലവിലെ താരിഫ് കാലാവധി ഡിസംബറിൽ തീരും. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഒടുവിൽ വൈദ്യുതി നിരക്ക് കൂട്ടിയത്. 1041 കോടിരൂപയുടെ പ്രവർത്തന നഷ്ടം നികത്താനായി അന്ന് യൂണിറ്റിന് പത്തുപൈസ മുതൽ 50 പൈസ വരെ കൂട്ടിയിരുന്നു.
2018 മുതൽ 2022 വരെ നാലുവർഷത്തെ താരിഫ് ഒറ്റയടിക്ക് നിർണയിക്കാനാണ് റെഗുലേറ്ററി കമ്മിഷൻ ഒരുങ്ങുന്നത്. ഇതാദ്യമായാണ് ഒന്നിലേറെ വർഷത്തേക്ക് വേണ്ടി താരിഫ് നിർണയിക്കുന്നത്. ഒരുമിച്ച് നിരക്ക് വർദ്ധന പ്രഖ്യാപിച്ചാലും പിന്നീട് സാഹചര്യങ്ങൾക്കനുസരിച്ച് ഒാരോ വർഷവും പരിഷ്കരിക്കാനുള്ള വ്യവസ്ഥയും ഉൾക്കൊള്ളിക്കും.