തിരുവനന്തപുരം:തലസ്ഥാനത്തെ വി.ഐ.പികളുടെ വസതികളിലെയും ഓഫീസുകളിലെയും സുരക്ഷ, പൊലീസിലെ കരിമ്പൂച്ചകളായ റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് (ആർ.ആർ.ആർ.എഫ്) ഏറ്റെടുത്തു.വി.ഐ.പി സുരക്ഷയ്ക്ക് സ്റ്റേഷനുകളിലും ബറ്റാലിയനുകളിലും നിന്ന് എത്തിച്ച പൊലീസുകാരെ തിരിച്ചയയ്ക്കും.പ്രതികൂലസാഹചര്യങ്ങളിലും ദുരന്തമേഖലയിലും പ്രവർത്തിക്കാനും കലാപങ്ങളും സാമുദായിക സംഘർഷങ്ങളും സമരങ്ങളും അടിച്ചമർത്താനും പരിശീലനം നേടിയ സായുധ സേനയാണ് ആർ.ആർ.ആർ.എഫ്.
199ഹവിൽദാർമാരും 400കോൺസ്റ്റബിൾമാരുമാണ് മലപ്പുറം ആസ്ഥാനമായ ആർ.ആർ.ആർ.എഫിലുള്ളത്. കൂടാതെ വിവിധ ബറ്റാലിയനുകളിൽ നിന്ന് 120പേരെ ഡെപ്യൂട്ടേഷനിൽ നിയോഗിക്കും. 30അംഗ ക്വിക് റെസ്പോൺസ് ടീം സദാസന്നദ്ധരായി തലസ്ഥാനത്തുണ്ടാവും.ജനപ്രതിനിധികളടക്കം 2500ലേറെ പേരുടെ സുരക്ഷയ്ക്കായി 6,027പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. തിരുവനന്തപുരം സിറ്റിയിൽ മാത്രം 400പേർ വി.ഐ.പിഡ്യൂട്ടിയിലാണ്. ഇവരെ സ്റ്റേഷനുകളിൽ വിന്യസിച്ച്, പൊലീസിലെ ജോലിഭാരം ശാസ്ത്രീയമായി വിഭജിക്കാനാണ് സർക്കാർ ശ്രമം.ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലും പുറത്തും പഴുതടച്ച സുരക്ഷയുണ്ട്.
നാൽപ്പതോളം എം.എൽ.എമാരും വിരമിച്ച ജഡ്ജിമാരും പൊലീസ് സുരക്ഷയ്ക്ക് സർക്കാരിനെ സമീപിച്ചിട്ടുണ്ട്.അടിയന്തരസാഹചര്യവും നേരിടാൻ പൊലീസ് മേധാവിയുടെയും ദക്ഷിണമേഖലാ എ.ഡി.ജി.പിയുടെയും റേഞ്ച് ഐ.ജിയുടെയും മൂന്ന് ദ്രുതകർമ്മസേനകൾ തലസ്ഥാനത്ത് നിലയുറപ്പിക്കും. കൊല്ലം, തൃശൂർ, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങിൽ 30പേർവീതമുള്ള സേനകൾ 24മണിക്കൂറും സജ്ജരായിരിക്കും.