ന്യൂഡൽഹി: പാകിസ്ഥാനിൽ സന്ദർശനത്തിനെത്തിയ കുവൈത്ത് പ്രതിനിധിയുടെ പേഴ്സ് അടിച്ചുമാറ്റിയ മുതിർന്ന പാക് ഉദ്യോഗസ്ഥൻ കാമറയിൽ കുടുങ്ങി. രാജ്യത്ത് നിക്ഷേപ പദ്ധതികൾ നടപ്പിലാക്കാൻ എത്തിയ പ്രതിനിധിയോടാണ് പാക് ഉദ്യോഗസ്ഥന്റെ 'മാന്യമായ പെരുമാറ്റം'.
ഇരുരാജ്യങ്ങളിലെയും ഉദ്യോസ്ഥർ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ആയിരുന്നു സംഭവം. മേശപ്പുറത്ത് കുവൈത്ത് പ്രതിനിധി മറന്ന് വച്ച പേഴ്സ് പാക് സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥൻ എടുത്ത് സ്വന്തം കീശയിൽ ഇടുകയായിരുന്നു. ഇത് തെളിയിക്കുന്ന ആറ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. എന്നാൽ പേഴ്സ് പാക് ഉദ്യോഗസ്ഥൻ അടിച്ചുമാറ്റിയതാണെന്ന് അറിയാതെ വിദേശ പ്രതിനിധികൾ പൊലീസിൽ പരാതി നൽകി. തുടർന്ന് ഹോട്ടലിലെ എല്ലാ മുറികളും ഉദ്യോഗസ്ഥരെയും പൊലീസുകാ പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. എന്നാൽ മുറിയിലെ സി.സി.ടി.വി പരിശോധിച്ച പാക് ഉദ്യോഗസ്ഥർ അക്ഷരാർത്ഥത്തിൽ വെട്ടിലായി. ഉദ്യോഗസ്ഥൻ പേഴ്സ് തന്റെ പോക്കറ്റിൽ ഇടുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ഉദ്യോഗസ്ഥനോട് ഇക്കാര്യത്തെക്കുറിച്ച് തിരക്കിയെങ്കിലും താൻ നിരപരാധിയാണെന്നായിരുന്നു ഇയാളുടെ മറുപടി. എന്നാൽ സി.സി.ടി.വി ദൃശ്യങ്ങൾ കാണിച്ചതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് പേഴ്സ് കുവൈത്ത് പ്രതിനിധിക്ക് തിരിച്ച് നൽകി. പാക് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതർ ഉറപ്പ് നൽകുകയും ചെയ്‌തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ലെന്നും എന്നാൽ സർക്കാർ തലത്തിൽ അന്വേഷണം നടക്കുമെന്നും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.