shashi-tharoor

ന്യൂഡൽഹി: യു.എൻ ജനറൽ അസംബ്ലിയിൽ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നടത്തിയ പ്രസംഗം ബി.ജെ.പിക്ക് വേണ്ടി നടത്തിയ പ്രചാരണമാണെന്ന് ശശി തരൂർ എം.പി ആരോപിച്ചു. യു.എൻ ജനറൽ അസംബ്ലിയിൽ വച്ച് പാകിസ്ഥാനെ കുറ്റം പറഞ്ഞ് ബി.ജെ.പിക്ക് വേണ്ടി വോട്ട് തേടാനാണ് മന്ത്രി ശ്രമിച്ചത്. ഇത്ര വലിയ അന്താരാഷ്ട്ര പ്ലാറ്റ്ഫോമിൽ വച്ച് ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയു‌ടെ ഇമേജ് വർദ്ധിപ്പിക്കാനുള്ള അവസരം മന്ത്രി കളഞ്ഞുകുളിച്ചതായും അദ്ദേഹം ആരോപിച്ചു.


കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം എന്നീ വിഷയങ്ങളാണ് കഴിഞ്ഞ ദിവസം ജനറൽ അസംബ്ലിയിൽ സുഷമ സ്വരാജ് സംസാരിച്ചത്. ലോകം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ് കാലാവസ്ഥാ വ്യതിയാനവും ഭീകരവാദവുമെന്ന് സുഷമ പറഞ്ഞു. ന്യൂയോർക്കിലെ 9/11 ഭീകരാക്രമണവും 26/11 മുംബയ് ഭീകരാക്രമണവും ലോകസമാധാനത്തിനേറ്റ കനത്ത തിരിച്ചടിയാണ്. ഇന്ത്യ ഏറെക്കാലമായി അതിന്റെ ഇരയാണെന്നും സുഷമ സ്വരാജ് പറഞ്ഞു. കഴി‌ഞ്ഞവർഷം ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെന്ന് ചൂണ്ടിക്കാട്ടി പാക് പ്രതിനിധി ചില ചിത്രങ്ങൾ യു.എന്നിൽ ഉയർത്തിക്കാട്ടി. എന്നാൽ അത് മറ്രൊരു രാജ്യത്തിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു. ഇത്തരം വ്യാജ വിശദീകരണങ്ങളാണ് അവർ ഇപ്പോഴും നൽകുന്നതെന്നും സുഷമ സ്വരാജ് ചൂണ്ടിക്കാട്ടി.

ഞങ്ങളുടെ അയൽ രാജ്യം ഭീകരവാദം വ്യാപിപ്പിക്കുന്നതിൽ മാത്രമല്ല വിദ‌ഗ്‌ദ്ധർ. തങ്ങൾ ചെയ്യുന്ന പ്രവൃത്തിക്കൽ നിരസിക്കാനും മിടുക്കരാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഒസാമ ബിൻ ലാദനെ പാകിസ്ഥാനിൽ നിന്ന് കണ്ടെത്തിയത്. പാകിസ്ഥാനിൽ ഭീകരവാദം ആഘോഷിക്കപ്പെടുകയാണെന്നും സുഷമ സ്വരാജ് ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്ര സഭയിൽ നവീകരണം ആവശ്യമാണെന്നകാര്യം ഉൾക്കൊള്ളണമെന്നും അത് ഇന്നുമുതൽ ആരംഭിക്കണെമെന്നും സുഷമ സ്വരാജ് കൂട്ടിച്ചേർത്തു.