തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലഭാസ്‌കറിന്റെ ആരോഗ്യനിലയിൽ പുരോഗതി. വെന്റിലേറ്ററിൽ കഴിയുന്ന ബാലഭാസ്‌കറിന് ബോധം തെളിഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ പൂർണമായും ബോധം വീണ്ടെടുക്കാൻ ആയിട്ടില്ല. ഡൽഹി എയിംസിൽ നിന്നുള്ള ന്യൂറോ സർജൻ എത്തിയ ശേഷം കൂടുതൽ ചികിത്സ നടത്തുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
സെപ്‌തംബർ 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ട് ഏക മകൾ തേജസ്വിനി ബാല മരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ‌്മിയും കാറോടിച്ചിരുന്ന ഡ്രൈവർ അർജുനും അപകടനില തരണം ചെയ്‌തു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായ പരിക്കേറ്റ ബാലഭാസ്‌കർ ഇപ്പോഴും ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണ്. പൂർണമായും ബോധം തെളിഞ്ഞ ശേഷം ബാക്കി ചികിത്സ നടത്താമെന്ന തീരുമാനത്തിലാണ് ഡോക്ടർമാർ.