ഫ്ര ഞ്ച് ഭാഷയിൽ കൊടുങ്കാറ്റ് അഥവാ ആലങ്കാരിക സൈനിക ഭാഷയിൽ ആളിക്കത്തുന്ന തീ എന്നാണ് റാഫേൽ എന്ന വാക്കിന്റെ അർത്ഥം. ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തെ ആളിക്കത്തിച്ചും ആടിയുലച്ചും കൊണ്ടിരിക്കുന്നത് ഇന്ത്യ ഫ്രാൻസിൽ നിന്ന് വാങ്ങാൻ പോകുന്ന റാഫേൽ യുദ്ധവിമാനത്തിന്റെ ഇടപാടാണ്.
റാഫേൽ ഇടപാട്
ദുർബലമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ വ്യോമശക്തിയെ ബലപ്പെടുത്താൻ 2001 ലാണ് റാഫേൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് വാങ്ങാൻ ആലോചന തുടങ്ങുന്നത്. ഏകദേശം പത്ത് വർഷത്തെ ആലോചനക്ക് ശേഷം 2012 ൽ മൊത്തം 126 റാഫേൽ വിമാനങ്ങൾ വാങ്ങാനായി യു.പി.എ സർക്കാർ തീരുമാനിക്കുന്നു. ഇതിൽ 18 എണ്ണം പൂർണ യുദ്ധസജ്ജമായും ബാക്കി 108 എണ്ണം പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ( എച്ച്.എ.എൽ ) ഇന്ത്യയിൽ സംയോജിപ്പിച്ച് നിർമ്മിക്കാമെന്നുമായിരുന്നു ആദ്യ തീരുമാനം.
മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ വിലക്കൂടുതൽ തുടങ്ങിയ കാരണങ്ങൾ നിരത്തി കരാറിൽ നിന്ന് പിന്മാറി. എന്നാൽ വ്യോമസേനയ്ക്ക് ഈ വിമാനങ്ങൾ അടിയന്തരമായി വേണ്ടതുകൊണ്ട് 2015 ൽ പ്രധാനമന്ത്രി മോദി ഫ്രാൻസ് സന്ദർശിച്ചപ്പോൾ , 36 വിമാനങ്ങൾ നേരിട്ട് വാങ്ങാൻ തീരുമാനിച്ചു. 2016 ൽ ഇതിനാവശ്യമായ കരാറിൽ ഒപ്പിട്ടു. പുതിയ റാഫേൽ ഇടപാട് പ്രകാരം 58,000 കോടി രൂപയ്ക്ക് മിസൈലുകളും മറ്റ് യുദ്ധസംവിധാനങ്ങളും ഉൾപ്പെടുന്ന 36 റാഫേൽ വിമാനങ്ങൾ നൽകും. മൊത്തം തുകയുടെ 15 ശതമാനം മുൻകൂറായി ഇന്ത്യ നൽകണം. ആവശ്യമായ സ്പെയർ പാർട്സുകൾ ഫ്രഞ്ച് വ്യോമ കമ്പനിയായ ദസോൾട്ട് ( dassault ) ഈ കരാറിന്റെ അനുബന്ധ വകുപ്പ് പ്രകാരം മൊത്തം തുകയുടെ 30 ശതമാനം ഇന്ത്യയുടെ സൈനിക ഗവേഷണത്തിനും 20 ശതമാനം റാഫേൽ വിമാനത്തിന്റെ സ്പെയർ പാർട്സുകൾ പ്രാദേശികമായി നിർമിക്കാനും ഉപയോഗിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ ആയുധ അഴിമതി ആയിട്ടാണ് ഈ കരാറിനെ പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്. പ്രധാനമായും രണ്ട് കാരണങ്ങളാണ് വിമർശനത്തിന് അടിസ്ഥാനം. ഒന്ന്, 2012 ലെ കരാറിനെക്കാൾ മൂന്നിരട്ടി വില നൽകിയാണ് വിമാനങ്ങൾ വാങ്ങുന്നത്. രണ്ട്, ഫ്രഞ്ച് വിമാനക്കമ്പനിയായ ദസോൾട്ട് ഇന്ത്യയിലെ പങ്കാളിയായി തിരഞ്ഞെടുത്തിരിക്കുന്നത് അനിൽ അംബാനി പുതുതായി രൂപീകരിച്ച റിലയൻസ് ഡിഫൻസ് ലിമിറ്റഡിനെയാണ്. ഇവിടെ ഒഴിവാക്കപ്പെട്ടത് പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എൽ ആണ്.
പ്രതിപക്ഷത്തിന്റെ ആരോപണപ്രകാരം ആയുധനിർമ്മാണ രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയമുള്ള എച്ച്.എ.എല്ലിനെ ഒഴിവാക്കി , കരാർ ഒപ്പിടുന്നതിന് കേവലം 12 ദിവസം മുൻപ് മാത്രം രൂപീകരിച്ച റിലയൻസ് ഡിഫൻസ് ലിമിറ്റഡിന് പങ്കാളിത്തം നൽകിയതിന് പിന്നിൽ അഴിമതിയുണ്ടെന്നാണ്. സർക്കാർ നിലപാട് പ്രകാരം വില കൂടാൻ കാരണം വിമാനത്തിൽ കൂടുതലായുള്ള മിസൈൽ സംവിധാനങ്ങളും മറ്റ് ആധുനിക സൗകര്യങ്ങളുമാണ്. അതുപോലെ റിലയൻസിനെ പങ്കാളിയായി തിരഞ്ഞെടുത്തിരിക്കുന്നത് ഫ്രഞ്ച് കമ്പനിയുടെ തീരുമാനവുമാണ്. അതേസമയം അതീവ സുരക്ഷാ രഹസ്യസ്വഭാവമുള്ളതിനാൽ കരാറിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നാണ് പ്രതിരോധമന്ത്രാലയം പാർലമെന്റിൽ പറഞ്ഞത് . അഴിമതി മറയ്ക്കാനാണ് ഈ ന്യായമെന്നാണ് പ്രതിപക്ഷ ആരോപണം. അതുകൊണ്ട് പാർലമെന്റിന്റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. മാത്രവുമല്ല, ആയുധസാമഗ്രികൾ വാങ്ങുമ്പോൾ തീരുമാനമെടുക്കേണ്ട ഡിഫൻസ് അക്വിസിഷൻ കൗൺസിലുമായി കരാർ ചർച്ച ചെയ്തിട്ടുമില്ല. പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരം കടത്തിൽ മുങ്ങിക്കിടക്കുന്ന അനിൽ അംബാനിയെ രക്ഷിക്കാൻ വേണ്ടിയിട്ടാണ് കരാർ ഒപ്പിട്ടിരിക്കുന്നതെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
2016 മുതൽ കരാറിനെ ചുറ്റിപ്പറ്റി വിവാദമുണ്ടെങ്കിലും ഇത് ആളിക്കത്തിയത് മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടേയുടെ , ഇന്ത്യൻ സർക്കാരാണ് റിലയൻസിനെ പങ്കാളിയായി നിശ്ചയിച്ചത് എന്നുള്ള വെളിപ്പെടുത്തലാണ്. മൂന്ന് കാരണങ്ങളാൽ റാഫേൽ ഇടപാട് സംശയത്തിന്റെ നിഴലിലാണ്. ഒന്ന്, ആയുധനിർമ്മാണ രംഗത്ത് യാതൊരു മുൻപരിചയവുമില്ലാത്ത റിലയൻസ് ഡിഫൻസ് ലിമിറ്റഡാണ് ഇന്ത്യയിലെ പങ്കാളി. പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിന് ശേഷിയില്ല എന്ന ന്യായം വിശ്വസനീയമല്ല. രണ്ട്, ആദ്യത്തെ കരാറിനെക്കാൾ മൂന്നിരട്ടി വില നൽകിയാണ് ഇപ്പോൾ വിമാനം വാങ്ങുന്നത്. ഇതിന് ശേഷം ഇതേ വിമാനം ഖത്തർ വാങ്ങാൻ കരാർ ചെയ്തിരിക്കുന്നത് ഇതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ്. മൂന്ന് , കരാറിന്റെ വിശദാംശങ്ങൾ പുറത്ത് വിടാൻ പറ്റില്ലെന്ന വാദം. വിശദാംശങ്ങൾ പുറത്ത് വിട്ടാൽ മാത്രമേ സംശയത്തിന്റെ പുകമറ ഒഴിവാക്കാൻ കഴിയൂ.
ബോഫോഴ്സ് ആകുമോ?
ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിച്ച ആയുധ കുംഭകോണമാണ് 1986 ൽ 1437 കോടി രൂപയ്ക്ക് ഇന്ത്യയും സ്വീഡനിലെ ബോഫോഴ്സുമായി 400 ബോഫോഴ്സ് തോക്കുകൾ വാങ്ങാനുണ്ടാക്കിയ കരാർ . ഇന്ത്യൻ ഇടനിലക്കാരായ വിൻചന്ദയും ഹിന്ദുജ ബ്രദേഴ്സും കൂടാതെ ഇറ്റാലിയൻ ഒട്ടാവിയോ ക്വത്റോച്ചിയും കമ്മിഷൻ കൈപ്പറ്റി എന്നായിരുന്നു ആരോപണം. രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയ ആരോപണത്തിൽ 1989 ൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടു. റാഫേൽ ഇടപാട് മറ്റൊരു ബോഫോഴ്സ് ആകുമോ എന്നാണ് ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
എന്നും വിവാദം
ആയുധ ഇടപാടുകൾ എക്കാലത്തും വിവാദങ്ങൾ കൊണ്ട് മുഖരിതമായിരുന്നു. രാജ്യരക്ഷയുടെയും അതീവ രഹസ്യ സ്വഭാവത്തിന്റെയും പുകമറയിൽ സുതാര്യത ഇല്ലാത്ത സങ്കീർണ ഇടപാടുകൾ ആയിരുന്നു ഇവയെല്ലാം. ട്രാൻസ്പാരൻസി ഇന്റർനാഷണലിന്റെ കണക്കുകൾ പ്രകാരം ആഴ്ചയിൽ അഞ്ച് മുതൽ പത്ത് വരെ ആയുധ കുംഭകോണ വിവാദങ്ങൾ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയിൽ ബോഫോഴ്സ് മാത്രമല്ല ഇസ്രായേലിൽ നിന്ന് വാങ്ങിയ ബാരക് മിസൈൽ , ജർമ്മനിയിൽ നിന്നുള്ള അന്തർവാഹിനി , ഇറ്റലിയിൽ നിന്നുള്ള അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്ടർ എന്നീ ഇടപാടുകൾ തുടങ്ങി എന്തിനേറെ പറയുന്നു, കാർഗിൽ യുദ്ധത്തിൽ ശവപ്പെട്ടി വാങ്ങിയതിൽ പോലും അഴിമതിയുടെ കരിനിഴൽ വീണിരുന്നു. ശ്രദ്ധേയമായിട്ടുള്ളത് ഈ കേസിൽ ഒന്നുംതന്നെ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണ്.
ലക്ഷ്യബോധമില്ലാതെ...
ഇന്ത്യൻ സൈന്യം ലക്ഷ്യബോധമില്ലാതെ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതിനെപ്പറ്റി സ്റ്റീഫൻ കോഹനും സുനിൽദാസ് ഗുപ്തയും ചേർന്ന് രചിച്ചിട്ടുള്ള പഠനഗ്രന്ഥമാണ് ' ലക്ഷ്യബോധമില്ലാത്ത ആയുധവത്കരണം' ( Arming without Aiming) . ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്ന ഇന്ത്യ പ്രത്യേക ലക്ഷ്യമോ തന്ത്രപരമായ പദ്ധതിയോ ഇല്ലാതെയാണ് ഇത് ചെയ്യുന്നതെന്നാണ് വിമർശനം. പരമപ്രധാനമായ രാജ്യരക്ഷാ കാര്യങ്ങളിൽ പോലും സ്ഥാപിത താത്പര്യങ്ങൾ കടന്നുകൂടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. റാഫേൽ ഇടപാട് ഇതിലെ അവസാനത്തെ ഏട് മാത്രം.
(ലേഖകൻ കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകനാണ്. ഫോൺ : 9447145381)