ഹൈദരാബാദ്: നാല് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി പരീക്ഷ എഴുതാനെത്തിയ അമ്മയ്‌ക്ക് സഹായ ഹസ്‌തവുമായെത്തിയ പൊലീസുകാരന് സോഷ്യൽ മീഡിയയുടെ കൈയടി. അമ്മ പരീക്ഷ എഴുതുമ്പോൾ എക്‌സാം ഹാളിന് പുറത്ത് വാവിട്ട് കരഞ്ഞ കുഞ്ഞിനെ കൈകളിലിരുത്തി താലോലിക്കുന്ന പൊലീസുകാരന്റെ ചിത്രം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. തെലങ്കാനയിലെ ഐ.പി.എസ് ഓഫീസറായ രേമ രാജേശ്വരിയാണ് ട്വിറ്ററിലൂടെ ചിത്രം പുറത്ത് വിട്ടത്.
തെലങ്കാന പൊലീസിനെ ഹെഡ് കോൺസ്‌റ്റബിളായ മുജീബുൽ റഹ്‌മാനാണ് ചിത്രത്തിൽ കുഞ്ഞിനെ താലോലിക്കുന്നത്. ഹൈദരാബാദിലെ മൂസാപേട്ട് പൊലീസ് സ്‌റ്റേഷനിലാണ് മുജീബ് ജോലി ചെയ്യുന്നത്. ഇന്ന് നടന്ന തെലങ്കാന പൊലീസ് പരീക്ഷയുടെ സുരക്ഷാ ഡ്യൂട്ടിക്കായാണ് മുജീബ് മഹബൂബ്നഗറിലെ ബോയ്സ് ജൂനിയർ കോളേജിലെത്തിയത്. ഇവിടെ വച്ചാണ് അമ്മയെ കാണാതെ കരയുന്ന ഒരു കുട്ടിയെ ഇയാൾ കാണുന്നതും കൈകളിലെടുത്ത് കൊഞ്ചിക്കുന്നതും. പാവപ്പെട്ട കുടുംബത്തിലെ അംഗമായ പെൺകുട്ടി പൊലീസിൽ ജോലി നേടണമെന്ന ആഗ്രത്തിലാണ് കുട്ടിയുമായി ഹാളിലെത്തിയത്. കൂടെയുണ്ടായിരുന്ന 14 വയസുകാരിയെയാണ് കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ചത്. എന്നാൽ കുഞ്ഞ് നിറുത്താതെ കരഞ്ഞതിനാലാണ് താൻ ഇടപെട്ടതെന്ന് മുജീബ് വിശദീകരിക്കുന്നു.
48കാരനായ മുജീബിന് രണ്ട് മക്കളുണ്ട്. ഒരാൾ ചൈനയിൽ മെഡിസിന് പഠിക്കുന്നു. മകൾ അടുത്ത വർഷം സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കും. തന്റെ ജോലിയെ ആത്മാർത്ഥമായി സ്‌നേഹിക്കുന്നത് കൊണ്ടാണ് ഇത്തരം സാഹചര്യങ്ങളിൽ ഇടപെടാൻ കഴിയുന്നതെന്ന് മുജീബ് വിശദീകരിക്കുന്നു. പൊതുജനങ്ങളെ സേവിക്കുകയാണ് തന്റെ ജോലി. അതിനേക്കാൾ വലുതായി തനിക്കൊന്നുമില്ലെന്നും അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.