dubai-airport

ദുബായ്: ഹൂതിക്കൾക്കതിരായ അറബ് സഖ്യസേനയുടെ ആക്രമണത്തിന് തിരിച്ചടിയായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് തവണ ഡ്രോൺ ആക്രമണം നടത്തിയതായി യെമനി വിമതർ അവകാശപ്പെട്ടു. ഞായറാഴ്‌ച രാവിലെയും വൈകുന്നേരവുമാണ് ആക്രമണം നടത്തിയത് എന്നാണ് അവകാശവാദം. എന്നാൽ ഇത്തരത്തിൽ ആക്രമണം നടന്നിട്ടില്ലെന്നാണ് യു.എ.ഇ അധികൃതരുടെ വിശദീകരണം. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്താവളമായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിൽ പ്രവർത്തിക്കുന്നതായും അധികൃതർ വ്യക്തമാക്കി.


ഞായറാഴ്‌ച വിവിധ സമയങ്ങളിൽ സമദ് - 3 ഡ്രോൺ ഉപയോഗിച്ച് ദുബായ് വിമാനത്താവളത്തിൽ ആക്രമണം നടത്തിയെന്നാണ് യെമനി ഹൂതികളുടെ അവകാശ വാദം. ആക്രമണം മൂലം ദുബായിലെ വ്യോമഗതാഗതം താറുമാറായെന്നും ഇക്കൂട്ടർ അവകാശപ്പെട്ടു. യെമനിൽ സൗദി അറേബ്യൻ പട്ടാളം നടത്തുന്ന കുറ്റകൃത്യങ്ങളുടെ ശിക്ഷയാണ് ആക്രമണമെന്നും ഹൂതി വക്താവ് അറിയിച്ചു. നേരത്തെ അബുദാബി വിമാനത്താവളത്തിലും ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടിരുന്നു.

അതേസമയം, ഹൂതികളുടെ ആരോപണങ്ങളെല്ലാം യു.എ.ഇ അധികൃതർ നിഷേധിച്ചു. ദുബായ് വിമാനത്താവളത്തിൽ സർവീസുകൾ മുടങ്ങിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. ദുബായ് വിമാനത്താവളം സാധാരണ നിലയിൽ പ്രവർത്തിക്കുകയാണ്. ദുബായിലെ വ്യോമ ഗതാഗതവും തടസപ്പെട്ടിട്ടില്ലെന്നും ദുബായ് വിമാനത്താവള വക്താവ് അറിയിച്ചു. എന്നാൽ ദുബായ് വിമാനത്താവളത്തിലെ പ്രവർ‌ത്തനങ്ങൾക്ക് ചെറിയ തോതിൽ തടസം നേരിട്ടുവെന്നാണ് അന്താാരാഷ്ട്ര ഏജൻസികളുടെ വിശദീകരണം.