ഭാരതത്തിന്റെ സുദീർഘമായ സ്വാതന്ത്ര്യസമരചരിത്രത്തിലെ അവസാനത്തെ മൂന്നു പതിറ്റാണ്ടുകളിൽ തികച്ചും നൂതനമായ ഒരു സമരമുറയുടെ സൂത്രധാരനും അമരക്കാരനുമായിരുന്നു മഹാത്മാഗാന്ധി. അതിനാൽത്തന്നെ ചരിത്രകാരന്മാർ അതിനുപേരിട്ടത് ഗാന്ധിയൻ യുഗം എന്നായിരുന്നു. ശത്രുമിത്രഭേദമന്യേ എല്ലാവരുടെയും ബഹുമാനം ആർജിക്കാൻ കഴിഞ്ഞ അപൂർവം നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. ആ ജനനായകന്റെ 150-ാം ജന്മവാർഷികം രാജ്യം ആചരിക്കുകയാണ്.
ലോകത്തെങ്ങുമുള്ള മനുഷ്യസ്നേഹികളെ ഞെട്ടിച്ചതായിരുന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം. 70 വർഷം മുൻപ് ഹിന്ദുരാഷ്ട്രവാദികളുടെ തോക്കിനാണ് അദ്ദേഹം ഇരയായത്. നെഹ്റുവിനെ മറന്നതുപോലെ ഗാന്ധിജിയെയും മറക്കുകയും ഗാന്ധിഘാതകർക്ക് സ്മാരകവും ക്ഷേത്രവും പണിയുന്ന ഇക്കാലത്ത് ഗാന്ധിജിയുടെ ജീവിതവും സന്ദേശവും ജനങ്ങളിലെത്തിക്കാനാണ് സാംസ്കാരിക വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. രക്തസാക്ഷ്യം എന്ന പേരിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണവകുപ്പ്, പുരാരേഖ-പുരാവസ്തു വകുപ്പ് എന്നിവരുടെ സഹകരണത്തോടെ നിശ്ചയിച്ചിട്ടുള്ളത്.
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ജനുവരി 30 ന് നിർവഹിച്ചു. അടുത്ത ജനുവരി വരെ വിപുലമായ പരിപാടികൾ നടക്കും. ഗാന്ധിജിയുടെ കേരള സന്ദർശനത്തിലൂടെ ചരിത്രത്തിൽ ഇടം നേടിയ സ്ഥലങ്ങളിലാണ് പ്രധാനമായും പരിപാടികൾ സംഘടിപ്പിക്കുന്നത്.
പയ്യന്നൂർ, പാലക്കാട് ശബരി ആശ്രമം, തവനൂർ, വൈക്കം, വെങ്ങാനൂർ എന്നിവിടങ്ങളിൽ വിപുലമായ ആചരണ പരിപാടികൾ സംഘടിപ്പിക്കും. 1930 ൽ നടന്ന ഗാന്ധിജിയുടെ ഉപ്പ് സത്യഗ്രഹത്തിന് പിന്തുണയുമായി കെ.കേളപ്പന്റെ നേതൃത്വത്തിൽ ഏപ്രിൽ 23 ന് പയ്യന്നൂർ കടപ്പുറത്ത് ഉപ്പുകുറുക്കൽ സമരം ആരംഭിച്ചു. 1934 ൽ ഹരിജൻ ഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഗാന്ധിജി പയ്യന്നൂർ സന്ദർശിച്ചു. അദ്ദേഹത്തിന്റെ മലബാർ സന്ദർശനത്തിന്റെ ഭാഗമായി ആദ്യം എത്തിയതും പയ്യന്നൂരിലായിരുന്നു. ഈ യാത്രയുടെ ഓർമ്മ പുതുക്കി പയ്യന്നൂരിൽ മൂന്ന് ദിവസത്തെ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 2 ന് സമാപിക്കും. എന്നാൽ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രതിമ അനാഛാദനം, ദേശീയ സെമിനാർ, സാഹിത്യ സമ്മേളനം, അനുസ്മരണ സമ്മേളനം, പുസ്തക പ്രകാശനം തുടങ്ങിയ ആഘോഷരഹിതമായ പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്.
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ രണ്ടാഴ്ചക്കാലം പട്ടികജാതി വകുപ്പ് ഗാന്ധിജിയുടെ സന്ദേശം പ്രചരിപ്പിക്കാൻ ഐക്യദാർഢ്യ പക്ഷാചരണം സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ശുചീകരണം ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കും. അതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ കണ്ണൂർ ഡിപിസി ഹാളിൽ പട്ടികജാതി വകുപ്പ് മന്ത്രി നിർവഹിക്കും.
വിശ്വമാനവികതയ്ക്കും മനുഷ്യസാഹോദര്യത്തിനും മതസൗഹാർദ്ദത്തിനും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ആ തത്വങ്ങളെ മുറുകെപ്പിടിച്ചതിനാൽ രക്തസാക്ഷിയാകേണ്ടിയും വന്ന ആദർശധീരനായിരുന്നു ഗാന്ധിജി. സത്യഗ്രഹം, നിസഹകരണം, അഹിംസ എന്നീ ആശയങ്ങൾ ലോകത്തിന് സംഭാവന നൽകിയതും അദ്ദേഹമായിരുന്നു.
വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും സത്യസന്ധതയും ധാർമികതയും സംശുദ്ധിയും പുലർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ''എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം''എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സ്വാർത്ഥമോഹലോഭങ്ങൾക്കൊന്നും കീഴ്പ്പെടാതെയും തന്റെ പൈതൃകം അവകാശപ്പെടാൻ കുടുംബാംഗങ്ങൾക്കുപോലും അവസരം നൽകാത്തതുമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകൾ. ''ഒരു തീരുമാനമെടുക്കുന്നതിനു മുൻപ് തെരുവിലെ ഏറ്റവും ദരിദ്രനായ മനുഷ്യന്റെ മുഖംഓർക്കുക'' എന്നാണ് ഭരണകർത്താക്കളെയും പൊതുപ്രവർത്തകരെയും അദ്ദേഹം ഓർമ്മിപ്പിച്ചത്. ചേരികളിലെയും തെരുവുകളിലെയും മാലിന്യം തൂത്തുകളയുക മാത്രമല്ല അവനവന്റെ ഉള്ളിലെ മാലിന്യങ്ങളും തൂത്തുകളഞ്ഞെങ്കിൽ മാത്രമേ ഗാന്ധിജയന്തി ആഘോഷിക്കുന്നതിൽ അർത്ഥമുള്ളൂ.
ദക്ഷിണാഫ്രിക്കയിലെ തന്റെ സത്യാന്വേഷണപരീക്ഷകൾക്കു ശേഷം ഭാരതത്തിലെത്തിയ ഗാന്ധിജി തന്റെ പൊതുപ്രവർത്തനം ആരംഭിക്കുന്നത് 1917-ൽ ബീഹാറിലെ ചമ്പാരൻ ഗ്രാമത്തിലെ നീലംകർഷകരുടെ അവകാശസമരങ്ങൾക്കു നേതൃത്വം കൊടുത്തുകൊണ്ടായിരുന്നു. കൊളോണിയൽ ഭരണത്തിന്റെ ആരംഭകാലത്ത് ബ്രിട്ടനിലെ തുണിവ്യവസായത്തിന്റെ ആവശ്യത്തിനുവേണ്ടി ഇന്ത്യയിലെ നീലംകൃഷിക്കാരെ പ്രോത്സാഹിപ്പിക്കുകയും പിൽക്കാലത്ത് തുണി ചായം മുക്കുന്നതിനുള്ള രാസവസ്തുക്കൾ കണ്ടുപിടിച്ചപ്പോൾ നീലം കൃഷിക്കാരെ നിഷ്ഠൂരമായി പീഡിപ്പിക്കുകയും ചെയ്ത സന്ദർഭത്തിലാണ് ഗാന്ധിജി ചമ്പാരൻ സമരത്തിന് നേതൃത്വം കൊടുത്തത്. അതായത് സാമ്രാജ്യത്വ ചൂഷണത്തിനുവിധേയരാകുന്ന കർഷകരുടെ ചെറുത്തുനിൽപ്പുസമരത്തിനു നേതൃത്വം കൊടുക്കുകയായിരുന്നു അദ്ദേഹം.
നഗരകേന്ദ്രീകൃതമായിരുന്ന അഭ്യസ്തവിദ്യരായ അഭിജാതവർഗത്തിന്റെ കൈപ്പിടിയിലൊതുങ്ങിയിരുന്ന ഇന്ത്യൻ നാഷണൽകോൺഗ്രസിനെ നിരക്ഷരരായ ഗ്രാമീണജനതയുടെ ഇടയിലേക്കെത്തിച്ചതും ഗാന്ധിജിയായിരുന്നു. കോൺഗ്രസ് പ്രവർത്തകനാകാൻ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനമല്ല മാനദണ്ഡമെന്നും തന്റെ മാതൃഭാഷയിൽ ആരുടെ മുമ്പിലും തല ഉയർത്തി നിന്ന് അഭിപ്രായം പറയാനുള്ള തന്റേടമാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ്സിനെ പുനഃസംഘടിപ്പിച്ച് കെ.പി.സി.സിയടക്കമുള്ള പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിച്ചത് ഗാന്ധിജിയുടെ ഇടപെടലിന്റെ ഫലമായിട്ടായിരുന്നു. മാതൃഭാഷാപഠനത്തോട് അവജ്ഞവച്ചുപുലർത്തുന്ന ഇന്നത്തെ സമൂഹത്തിൽ ഗാന്ധിജിയുടെ അഭിപ്രായത്തിന് പ്രസക്തിയേറുന്നു.
അധികാരത്തിന്റെ സ്രോതസ് ജനങ്ങളാണെന്നും അതിനാൽ അത് പ്രയോഗിക്കാനുള്ള അവകാശം ജനങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്നും ഉറക്കെപ്പറഞ്ഞ ജനാധിപത്യവാദിയായിരുന്നു ഗാന്ധിജി. ഗ്രാമതലത്തിൽ ജനങ്ങളെ മുഴുവൻ പങ്കെടുപ്പിച്ചുകൊണ്ടുള്ള പദ്ധതി ആസൂത്രണവും അധികാരവികേന്ദ്രീകരണവുമാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ഏകമാർഗമെന്ന് അദ്ദേഹം വിശ്വസിച്ചു. കൊളോണിയൽ ഭരണം ഇവിടെ നടപ്പാക്കിയ നീതി സവർണന്റെയും സമ്പന്നന്റെയും താത്പര്യങ്ങൾ മാത്രമാണ് സംരക്ഷിച്ചിരുന്നത്. അത്തരത്തിൽ ഭരണസംവിധാനം പൊളിച്ചെഴുതാൻ ഗാന്ധിജിയുടെ പ്രസ്ഥാനം പതിറ്റാണ്ടുകൾ അധികാരത്തിലിരുന്നിട്ടും കഴിഞ്ഞില്ല. കേരളത്തിൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാരുകൾ 1987 ൽ ജില്ലാ കൗൺസിലുകൾ രൂപീകരിച്ചും 1996 ൽ ജനകീയാസൂത്രണത്തിലൂടെയും അത് നടപ്പിലാക്കി.
പേമാരിയും പ്രളയവും ഉരുൾപ്പൊട്ടലും ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെയാണ് കേരളത്തിന് സമ്മാനിച്ചത്. മലനാടും ഇടനാടും തീരപ്രദേശവും ഒരേപോലെ ദുരിതക്കയത്തിലായി. നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങി. കൃഷിനാശമുണ്ടായി. വീടുകൾ തകർന്നു. റോഡുകൾ ഗതാഗതയോഗ്യമല്ലാതായി. കിണറുകൾ നികന്നു. കുടിവെള്ളവിതരണം തകരാറിലായി. ലക്ഷക്കണക്കിനു വിദ്യാർഥികളുടെ പഠനോപകരണങ്ങൾ നഷ്ടമായി. പതിനായിരങ്ങൾ ദുരിതാശ്വാസക്യാമ്പുകളിലെത്തി. ഇങ്ങിനെ തകർത്തെറിയപ്പെട്ട കേരളത്തെ പുനർനിർമിക്കാനുള്ള പരിശ്രമത്തിലേർപ്പെട്ടിരിക്കുകയാണ് കേരള സർക്കാർ.
1924 ലെ പ്രളയ കാലത്ത് കേരളത്തെക്കുറിച്ച് വേദനിക്കുകയും വലിയ തോതിൽ പണവും വസ്ത്രവും പിരിച്ചെടുത്ത് അയച്ചുതരികയും ചെയ്ത മഹാത്മാഗാന്ധിയുടെ ആർത്തരോടുള്ള സഹാനുഭൂതിയേയും പ്രബുദ്ധ കേരളത്തോടുള്ള പ്രതിബന്ധതയേയും സ്മരിച്ചുകൊണ്ടാണ് ഈ പ്രളയകാലത്ത് കേരളം രക്തസാക്ഷ്യം പരിപാടി സംഘടിപ്പിക്കുന്നത്.
എല്ലാ ദുരന്തമുഖത്തും അഭയമന്ത്രം ഉരുവിട്ട് ഗാന്ധിജി എത്തുമായിരുന്നു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ഓരോ ദുരന്തവും നമ്മെ ഓർമ്മപ്പെടുത്തും. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 70 വാർഷികവും അദ്ദേഹത്തിന്റെ 150 -ാം ജന്മവാർഷികവും ആചരിക്കുന്ന ഈ സമയത്ത് അദ്ദേഹത്തിന്റെ ജീവിതസന്ദേശമുൾക്കൊണ്ട് കേരളത്തെ പുനർനിർമിക്കാമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.
( ലേഖകൻ സംസ്ഥാന നിയമ - സാംസ്കാരിക - പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയാണ് )